മുംബൈ:ലോകത്തിലെ നമ്പര്‍ വണ്‍ വിദ്യാഭ്യാസ ടെക്നോളജി (എജ്യുടെക്) കമ്പനിയായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ആഗോള അതിസമ്പന്നരുടെ പട്ടികയില്‍ നിന്നും പുറത്തായി. ധനകാര്യ കമ്പനിയായ ഫോബ്സ് പുറത്തുവിട്ട ലിസ്റ്റില്‍ നിന്നാണ് ബൈജു രവീന്ദ്രന്‍ പുറത്തായത്.
പല വിധ സാമ്പത്തിക പ്രതിസന്ധിയില്‍ കമ്പനി നട്ടം തിരിയുന്നതോടെ കമ്പനിയുടെ മൂല്യം വന്‍തോതില്‍ ഫോബ്സ് വെട്ടിക്കുറച്ചു. കഴിഞ്ഞ വര്‍ഷം വരെ 1.81 ലക്ഷം കോടി രൂപ വരെ ആസ്തിയുണ്ടായിരുന്ന കമ്പനിയുടെ മൂല്യത്തില്‍ 77 ശതമാനത്തിന്റെ തകര്‍ച്ചയുണ്ടായി. ബൈജൂസില്‍ തന്നെ മൂലധനം നിക്ഷേപിച്ചിട്ടുള്ള നെതര്‍ലാന്‍റ്സ് ആസ്ഥാനമായ നിക്ഷേപകസ്ഥാപനമായ പ്രോസസ് എന്ന കമ്പനി ബൈജൂസിന്റെ വെറും 42,000 കോടി മാത്രമേയുള്ളൂ എന്ന് വിലയിരിത്തിയിരിക്കുകയാണ്.
ബൈജൂസില്‍ 18 ശതമാനം ഓഹരി ബൈജു രവീന്ദ്രന്‍റേതാണ്. അത് വെച്ച് കണക്കാക്കിയാല്‍ ബൈജുവിന്റെ ആസ്തി വെറും 100 കോടി ഡോളറിന് താഴെ മാത്രമാണ്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ബൈജു എടുത്ത വായ്പകള്‍ കൂടി കിഴിച്ചാല്‍ ബൈജുവിന്റെ ആസ്തി വെറും 47.5കോടി ഡോളര്‍ മാത്രമാണ്. ഫോബ്സ് ശതകോടീശ്വരപട്ടികയില്‍ ഇടം നേടാന്‍ കുറഞ്ഞത് 100 കോടി ഡോളറിന് മുകളില്‍ വേണം.
ഇതിനിടെ ചെലവുകള്‍ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി ബൈജൂസിന്റെ വലിയ കോര്‍പറേറ്റ് ഓഫീസ് ഒഴിഞ്ഞു. പകരം ഒരു ചെറിയ ഓഫീസിലേക്ക് പ്രവര്‍ത്തനം മാറ്റി. ബെംഗളൂരുവിലെ തന്നെ വാടകയ്‌ക്കെടുത്തിരുന്ന മറ്റൊരു കെട്ടിടത്തിന്റെ ഭാഗവും ഒഴിഞ്ഞുകൊടുത്തു. ജൂലായ് 23 മുതല്‍ ജീവനക്കാരില്‍ പലരോടും വീട്ടിലിരുന്ന് ജോലി ചെയ്യാനോ അതല്ലെങ്കില്‍ മറ്റ് ഏതെങ്കിലും ഓഫീസിലേക്ക് പോകാനോ ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: