കുന്നംകുളം (തൃശൂര്‍): ചെറുമകനോടൊപ്പം താമസിച്ചിരുന്ന വൃദ്ധദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ചെറുമകനെ മംഗലാപുരത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. വടക്കേക്കാട് വൈലത്തൂര്‍ അണ്ടിക്കോട്ട്കടവ് പനങ്ങാവില്‍ അബ്ദുളളക്കുട്ടി (75), ഭാര്യ ജമീല (64) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകന് മുന്ന എന്ന് വിളിക്കുന്ന അഖ്മല്‍ (27) ആണ് അറസ്റ്റിലായത്. ഇയാള്‍ തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് തിരികെയെത്തിയത്. അഖ്മല്‍ ലഹരിക്ക് അടിമയായിരുന്നു. മംഗലാപുരത്ത് സ്വര്‍ണം വില്ക്കാന് ശ്രമിക്കവേയാണ് ഇയാള്‍ മംഗലാപുരം പോലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ ഭക്ഷണവുമായെത്തിയ മകന് നൗഷാദാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ജമീലയുടെ കഴുത്തറുത്ത് തല വേര്‍പെടുത്തിയ നിലയിലായിരുന്നു. കോണിപ്പടിയില്‍ നിന്നാണ് തല കണ്ടെത്തിയത്.
അബ്ദുള്ളയുടെ മൃതദേഹം കഴുത്ത് അറ്റുപോകാറായ നിലയില്‍ കട്ടിലില്‍ തന്നെയായിരുന്നു. അര്‍ധരാത്രിക്ക് ശേഷം പുലര്‍ച്ചെ നാലിനുള്ളിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം.
പ്രതിയെന്ന് സംശയിക്കുന്ന അഖ്മലിനെ വിദ്യാര്‍ത്ഥിയായിരിക്കെ മംഗലാപുരത്ത് വെച്ച് ലഹരി ഉപയോഗിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിന് കോളേജില്‍ നിന്നും പുറത്താക്കിയിരുന്നു. നാല് വര്‍ഷമായി ബന്ധുക്കള്‍ ലഹരി വിമുക്ത ചികിത്സ നല്‍കിവരികയാണ്. അഖ്മലിന്റെ അമ്മ വേറെ വിവാഹം കഴിച്ച് പോയതിനാല്‍ ചെറുപ്പം മുതല്‍ അബ്ദുള്ളയോടും ജമീലയോടുമൊപ്പമാണ് താമസം.
പണം ചോദിച്ചും മറ്റും വീട്ടില്‍ ഉപ്പൂപ്പയോടും ഉമ്മുമ്മയോടും വഴക്ക് ഉണ്ടാക്കുന്നത് പതിവായതിനാല്‍ നാട്ടുകാര്‍ ഇടപെടാറില്ലായിരുന്നു. ഇയാള്‍ ബിസിനസിനായി 50 ലക്ഷം രൂപ അടുത്ത ദിവസങ്ങളില്‍ ചോദിക്കുകയും തുടര്‍ന്ന് വീട്ടില്‍ വഴക്ക് നടക്കുകയും ചെയ്തിരുന്നുത്രെ. ഇന്നലെയും വഴക്ക് നടന്നിരുന്നുവെന്നും ബഹളം കേട്ടിരുന്നതായും അയല്‍വാസികള്‍ പറഞ്ഞു.
തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്, ഗുരുവായൂര്‍ എസിപി കെ.ജി. സുരേഷ് എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു. വടക്കേക്കാട് പൊലീസ് പ്രതിയെ കൊണ്ടുവരാന്‍ മംഗലാപുരത്തേക്ക് യാത്രതിരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: