ന്യൂദല്‍ഹി: മണിപ്പൂരില്‍ കലാപം ശമനമില്ലാതെ തുടരാന്‍ കാരണം വ്യാജവാര്‍ത്തകളും വീഡിയോകളും അഭ്യൂഹങ്ങളുമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. മെയ് മൂന്നിനാണ് കുക്കി-മെയ്തേയ് ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിനകം 160 പേര് കൊല്ലപ്പെട്ടു. പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും നഗ്നരാക്കി നടത്തുകയും ചെയ്തതാണ് ഏറ്റവും ഒടുവില്‍ വിവാദമായ സംഭവം.
ഇത്തരം സംഭവങ്ങളും അരുംകൊലകളും എല്ലാം വ്യാജ വാര്‍ത്തകളുടെ പേരിലായിരുന്നു ഉണ്ടായത്. ചുരാചന്ദ്പൂരിലെ വനവാസികള്‍ കൊന്നതെന്ന പേരില്‍ പോളിത്തീനില്‍ പൊതിഞ്ഞ നിലയിലുള്ള ഒരു യുവതിയുടെ ചിത്രം ഇംഫാലില്‍ പ്രചരിച്ചിരുന്നു. ഇതിന്റൈ പേരിലാണ് രണ്ടു പെണ്‍കുട്ടികളെ നഗ്നരാക്കി നടത്തിയ സംഭവം ഉണ്ടായത്. എന്നാല്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം മണിപ്പൂരില്‍ നടന്നതു പോലുമല്ല. ദല്‍ഹിയില്‍ കൊല്ലപ്പെട്ട യുവതിയുടെ ചിത്രമാണ് പ്രചരിച്ചത്. ഈ സത്യം തിരിച്ചറിഞ്ഞപ്പോഴക്കും വൈകി.
അതേ ദിവസം ഇരുപതുകാരികളായ രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി കൊന്ന സംഭവവും ഉണ്ടായി. ഞെട്ടിക്കുന്ന രണ്ടു സംഭവങ്ങളുമുണ്ടായത് ഈ വ്യാജ ചിത്രം പ്രചരിച്ചതിനെത്തുടര്‍ന്നാണ്. ഇതു മൂലമാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ദിവസങ്ങളോളം വിലക്കിയത്. തികച്ചും ഏകപക്ഷീയമായ വാര്‍ത്തകളും വ്യാജവാര്‍ത്തകളും പ്രാദേശിക പത്രങ്ങളിലും പോലും അച്ചടിച്ചുവന്നു. ഒരു സമുദായം മറ്റൊരു സമുദായത്തെ ആക്രമിക്കുന്നുവെന്ന് വ്യാജ വാര്‍ത്ത വന്നതാണ് കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങള്‍ക്ക് കാരണം.
വ്യാജവാര്‍ത്തകള്‍ക്കെതിരെയുള്ള യുദ്ധത്തിലാണ് പോലീസും. എന്തു വിവരം ലഭിച്ചാലും അതിന്റെ നിജസ്ഥിതി ലഭ്യമാക്കാന്‍ പോലീസ് പ്രത്യേക ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: