ഗാന്ധിനഗര്‍(കോട്ടയം): തന്റെ പിഞ്ചുകുഞ്ഞിന് കരള്‍ പകുത്തു നല്കാന്‍ തയാറായി ഭാര്യ ആശുപത്രി കിടക്കയില്‍ കഴിയുമ്പോള്‍ ഭര്‍ത്താവ് റെയില്‍വേ ട്രാക്കില്‍ ജീവിതമവസാനിപ്പിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ വളപുരം കരിമ്പാടത്ത് ജയേഷ് (42) ആണ് ജീവനൊടുക്കിയത്. ഭാര്യ സുനിത എട്ടു മാസം മാത്രം പ്രായമായ മകള്‍ സായൂജ്യ കൃഷ്ണയുടെ ജീവന്‍ തിരിച്ചുപിടിക്കാന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാത്തിരിക്കുമ്പോഴാണ് ജയേഷ് ചിങ്ങവനത്തെ റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്തത്.
മകളുടെ കരള്‍ മാറ്റ ശസ്ത്രക്രിയക്കായി കുടുംബം കഴിഞ്ഞ ദിവസമാണ് എത്തിയത്. മഞ്ഞപ്പിത്തം കൂടിയാണ് കരളിന് തകരാറുണ്ടായത്. മകള്‍ക്ക് കരള്‍ പകുത്തു നല്കുന്നത് അമ്മ തന്നെ. എന്നാല്‍ ആശുപത്രിയില്‍ അഡ്മിറ്റായ ശേഷം ജയേഷിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ക്കായി അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് ചിങ്ങവനം റെയില്‍വേ ട്രാക്കില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
ട്രെയിനിടിച്ച് ആളെ തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അത് ജയേഷ് തന്നെയെന്ന് തിരിച്ചറിഞ്ഞു. മകളുടെ ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടുകളും താങ്ങാനാവാതെയാണ് ജയേഷ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
അടുത്ത ആഴ്ചയില്‍ കുട്ടിയുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്താനുള്ള പരിശോധനകളും നടപടിക്രമങ്ങളും നടന്നു വരവെയാണ് ജയേഷിന്റെ മരണം. ഇക്കാര്യം ആശുപത്രി കിടക്കയിലുള്ള സുനിതയെ അറിയിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ വന്നാല്‍ മാത്രമെ അടുത്ത നടപടികളിലേക്ക് കടക്കൂ എന്നും യൂറോളജി വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക