ആമയരഹിതനും സര്‍വസാക്ഷിയും കേവലാമലരൂപവാനും നിത്യോദിതനും ദൃശ്യദര്‍ശനവ്യതിരിക്തനും ആയീടുന്ന ശാശ്വതനും നിരാഭാസനുമായ പരമേശ്വരന്‍ ഞാനാണ്. ചേത്യസംബന്ധമൊട്ടുമില്ലാതെ ചിദ്രൂപമായി വിഷ്വഗ്വിശ്വാവപൂരകമായി (എല്ലാടവും വ്യാപിച്ചിരിക്കുന്ന) സംശാന്തസകലസംവേദ്യമായി മഹത്തായി സംവിന്മാത്രമായി നിത്യം വിളങ്ങുന്നവന്‍ ഞാനാകുന്നു. ജലജേക്ഷണ രാമ! നീ കേള്‍ക്കുക, തത്ത്വജ്ഞനാകുന്ന ബലി ഇങ്ങനെയെല്ലാം ചിന്തിച്ചതിനുശേഷം ഓങ്കാരപ്പൊരുളായ പരബ്രഹ്മത്തെ ആതങ്കംകൂടാതെ സമാധിയില്‍ ധ്യാനിച്ചുകൊണ്ടിരുന്നു. സങ്കല്പങ്ങളും പ്രവൃത്തിയും അസ്തമിച്ചു. ചേത്യചിന്തകചിന്തനങ്ങളും ദൂരെപ്പോയി. ധ്യാനിക്കുന്നവന്‍ ധ്യാനം ധ്യേയം എന്നിവ നീങ്ങി മാനസമില്ലാതായി, വാസന നശിച്ചു. മഹാപദം പ്രാപിച്ച ദൈത്യേശ്വരന്‍ കാറ്റടിക്കാത്ത ദിക്കില്‍ ദീപമെന്നപോലായാന്‍. ഏഷണാത്രയം നീങ്ങി സങ്കല്പമാകുന്ന ദോഷമൊക്കെയും പോയി പൂര്‍ണത്വമാര്‍ന്നതായ നിര്‍മ്മലസത്തകൊണ്ടു ബലി ശോഭിച്ചു,
മേഘശൂന്യമായ ആകാശം സ്വച്ഛതകൊണ്ടെന്നപോലെ. അന്നേരത്ത് അനുചരന്മാരായി അസ്സുരന്മാര്‍ ബലിയുടെ അടുത്ത് പെട്ടെന്നെത്തി. ദാനവേശ്വരന്‍ നിര്‍വ്വികല്പസമാധിയില്‍ വളരെനേരം ഇരുന്നശേഷം വിനയാന്വിതനായി കൈകൂപ്പിക്കൊണ്ടുനിന്ന അസ്സുരന്മാരുടെ മുന്നില്‍ സമാധിയില്‍നിന്ന് മന്ദമുണര്‍ന്നു. പിന്നെ നല്ല ധ്യേയത്യാഗമാര്‍ന്ന മനസ്സോടെ രാജ്യകാര്യമൊക്കെയും ചെയ്തുവാണു. സമ്പത്തും വലുതായുള്ള ആപത്തും എന്നും മനസ്സിലോര്‍ത്ത് ധീമാന്‍ ഒന്നുപോലെ കരുതീടുന്നു. നീ സുഖദുഃഖങ്ങളില്‍ സ്വന്തം പ്രജ്ഞ അസ്തമിക്കയുമില്ല, ഉദിപ്പതുമില്ല എന്നു ഉള്ളില്‍ ധരിച്ചാലും. ഉള്ളിലുണ്ടാകുന്ന ഊഹാപോഹങ്ങള്‍ക്ക് അളവേതുമില്ല. ഭാവാഭേദങ്ങള്‍ക്കും ഓര്‍ത്താല്‍ അന്തമില്ല. ദൈത്യകുലേശ്വരനും വിരോചനപുത്രനുമായ ബലി യാതൊന്നില്‍ സമാശ്വാസമാര്‍ന്നീടുന്നവോ രാമ! നീ കേള്‍ക്കുക, നീ ഈ ലോകത്തിങ്കലും പരലോകത്തിങ്കലും ഓടുന്നതായ ലോകവൃത്തികളിലാസക്തമായ മനസ്സിനെ ഹൃല്‍ക്കോടീരത്തില്‍ (കോടീരം=വ്രതനിഷ്ഠന്മാരുടെ ശിഖ അഥവാ മുടിയോ ജടയോ) വേഗം തടുത്തുനിര്‍ത്തീടണം. ചേതസ്സ് ബാലകനെന്നപോലെ ഏതേതു സ്ഥലങ്ങളില്‍ മുങ്ങിത്താഴുന്നവോ, സത്വരം അതാതുദിക്കിങ്കല്‍നിന്ന് ഓടിച്ചിട്ട് തത്ത്വമായീടുന്നതില്‍ ചേര്‍ത്തുകൊള്ളണം. ഇത്തരമുള്ള ആഭ്യാസമാര്‍ന്ന് മാനസമായ മദയാനയെ നന്നായി തളച്ച് ഉടനെ സര്‍വഭാവത്തിലും നിര്‍വാണമാര്‍ന്നുകൊള്ളണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: