Categories: Samskriti

പ്രകൃതിയുടെ ആത്മീയഭാവമായി ചിങ്ങഞ്ചിറ

Published by

മനോഹര്‍ ഇരിങ്ങല്‍

ശ്രീകോവിലോ, ചുറ്റുവിളക്കുകളോ, കല്‍ച്ചുമരുകളോ, മേല്‍ക്കൂരയോ ഇല്ലാത്തൊരു ക്ഷേത്രം. വിശ്വാസികളായ നൂറുകണക്കിനാളുകള്‍ ജാതിമതഭേദമെന്യെ ദിനംപ്രതി മനസറിഞ്ഞു പ്രാര്‍ത്ഥിച്ചു സായൂജ്യമടഞ്ഞു മടങ്ങുന്ന ഒരു പ്രകൃതി ക്ഷേത്രം. ചിങ്ങഞ്ചിറ പ്രകൃതി ക്ഷേത്രം എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആരാധനാ സ്ഥലം പാലക്കാട് ജില്ലയില്‍ പ്രകൃതിരമണീയമായ നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വാരത്തോടു ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്. അനേകം വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ തലമുറകളായി ആളുകള്‍ ഇവിടെ ആരാധനയും വഴിപാടുകളും നടത്തുവാനെത്തുന്നുണ്ടെന്നു പഴമക്കാര്‍ പറയുന്നു. പൂജാരിയില്ലാത്ത ക്ഷേത്രം എന്നൊരു പ്രത്യേകത കൂടി ചിങ്ങഞ്ചിറയ്‌ക്കുണ്ട്. അതിനാല്‍ വിശ്വാസികള്‍ തന്നെയാണ് ഇവിടെ പൂജ ചെയ്യുന്നത്.  

കൊല്ലങ്കോട് ഗോവിന്ദാപുരം റൂട്ടില്‍ കുരുവിക്കൂട് മരം ജംഗ്ഷനില്‍ നിന്ന് ഏതാണ്ട് 6 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പടര്‍ന്നു പന്തലിച്ചു കിടക്കുന്ന രണ്ടു കൂറ്റന്‍ ആല്‍മരങ്ങള്‍ക്ക് താഴെ കല്‍പ്രതിഷ്ഠയായ കറുപ്പ സ്വാമിയാണ് ഇവിടുത്തെ ആരാധനാമൂര്‍ത്തി. പരമശിവന്‍ കാട്ടാള രൂപം ധരിച്ചെത്തി ഇവിടെ ഉപവിഷ്ടനായതാണ് കറുപ്പസ്വാമിയെന്നും വിശ്വാസമുണ്ട്.

കൃഷി, കന്നുകാലി, ആരോഗ്യം, സമ്പത്ത്, സന്താനലബ്ധി, വീട്, ജോലി തുടങ്ങിയ പല കാര്യസിദ്ധിക്കും വേണ്ടി ഇവിടെ വന്നു പ്രാര്‍ത്ഥിക്കാറുണ്ട്. ഉദ്ദിഷ്ടകാര്യസിദ്ധിക്കു ശേഷം സന്താന പ്രാര്‍ത്ഥന ചെയ്തവര്‍ മരം കൊണ്ടുണ്ടാക്കിയ തൊട്ടില്‍, മറ്റു പ്രാര്‍ത്ഥന നിറവേറ്റപ്പെട്ടവര്‍ വീട്, വാഹനം എന്നിങ്ങനെയുള്ള രൂപങ്ങള്‍ വഴിപാടായി ആല്‍മരത്തിന്റെ ചില്ലകള്‍ക്കും വേരുകള്‍ക്കുമിടയിലും തൂക്കിയിടുക പതിവാണ്.

ചിങ്ങഞ്ചിറയിലെ പ്രധാന വഴിപാട് കോഴി, ആട് ഇവയെ വെട്ടിയുള്ള പൂജയാണ്. വിശ്വാസികളുടെ പ്രാര്‍ത്ഥന നിറവേറിയാല്‍ കറുപ്പസ്വാമിയോടുള്ള ആദരസൂചകമായി, വഴിപാടു നല്‍കിയ വസ്തുക്കള്‍ അവിടെ നിന്നു തന്നെ പാചകം ചെയ്തു സ്വാമിക്കു നിവേദ്യം അര്‍പ്പിച്ച ശേഷം വിശ്വാസികള്‍ ഭക്ഷിച്ചു പോകുന്നതാണ് ഇവിടുത്തെ രീതി. ഇവിടെ നിന്ന് ആരും രുചിച്ചു നോക്കി പാചകം ചെയ്യരുതെന്നുള്ള വിശ്വാസവും നിലവിലുണ്ട്.  

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. നിറയെ ആല്‍മരങ്ങളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞ് പ്രകൃതി സ്വയം അനുഗ്രഹിച്ച ഈ ആരാധനാലയത്തിന്റെ ശക്തിയും പ്രതാപവും ചിങ്ങഞ്ചിറ  പ്രകൃതി ക്ഷേത്രത്തിലെ ഉപാസനാമൂര്‍ത്തിയെ മറ്റു ഹൈന്ദവ ക്ഷേത്രസങ്കല്പത്തില്‍ നിന്ന്  വ്യത്യസ്തമാക്കുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക