ഫ്ളോറിഡ: അര്‍ജന്റീന ഫുട്ബോളര് ലയണല്‍ മെസിയുടെ ഗോളില്‍ വിജയം നേടി മേജര്‍ സോക്കര്‍ ലീഗ്(എംഎല്‍എസ്) ക്ലബ്ബ് ഇന്റര്‍ മിയാമി സി എഫ്. മെക്സിക്കന്‍ ടീം ക്രുസ് അസൂലിനെതിരായ മത്സരം 1-1 സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ച നേരത്താണ് മെസിയുടെ അത്യുഗ്രന്‍ ഫ്രീക്കിക്ക് എതിര് ഗോള്പോസ്റ്റിനകത്ത് പാഞ്ഞുകയറിയത്. മത്സരസമയം 90+4ലെത്തിയപ്പോള്‍ വീണ ഈ ഗോളോടെ ഫോര്‍ട്ട് ലോഡര്‍ഡെയ്ലിലെ ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയം ഇളകി മറിഞ്ഞു.
ഇന്റര്‍ മിയാമിക്കുവേണ്ടി ലോകത്തിന്റെ സൂപ്പര്‍ ഫുട്ബോളര് അരങ്ങേറ്റം കുറിച്ചത് പകരക്കാരനായാണ്. മത്സരത്തിന്റെ 54-ാം മിനിറ്റില്‍ താരം കളത്തിലെത്തിയതോടെ 20,000 വരുന്ന കാണികളുടെ ആവേശം ഇരട്ടിച്ചു. തൊട്ടടുത്ത നിമിഷം സ്പെയിനില്‍ നിന്നുള്ള സെര്‍ജിയോ ബുസ്ക്വെറ്റ്സ് കൂടി വന്നെത്തിയപ്പോള്‍ ആരാധകരുടെ ആവേശവും പ്രതീക്ഷയും വീണ്ടും വര്‍ദ്ധിച്ചു. ആ സമയത്ത് ഒരു ഗോളിന്റെ ലീഡിലായിരുന്നു മിയാമി.
പ്രതീക്ഷകള്‍ തകിടംമറിഞ്ഞു. പത്ത് മിനിറ്റിനകം മെസിയും ബുസ്ക്വെറ്റ്സും അടങ്ങുന്ന നിരയ്ക്കെതിരെ ക്രുസ് അസൂല് തിരിച്ചടിച്ചു. മെക്സിക്കന്‍ യുവതാരം ഉരിയേല്‍ അന്റൂണ ആണ് ഗോള്‍ നേടിയത്.
മത്സരം റെഗുലര്‍ ടൈമിനോടടുക്കുമ്പോള് സൂപ്പര്‍ താരത്തിന്റെ വിജയത്തുടക്കം കാണാനിരുന്നവര്‍ അസ്വസ്ഥമായി. മെസി ഇറങ്ങി എന്ന ആവേശ വര്‍ത്തമാനത്തില്‍ ആശ്വസിക്കാമെന്ന് സമാധാനിച്ചു നില്‍ക്കെ 90+2-ാം മിനിറ്റില്‍ മിയാമിക്ക് അനുകൂലമായി ഫ്രീക്കിക്ക് വിധിച്ചു. കിക്കെടുക്കാനെത്തിയ മെസിയുടെ മുഖത്ത് കഴിഞ്ഞ ഖത്തര്‍ ലോകകപ്പ് ഫുട്ബോളിലുടനീളം കണ്ട അതേ ആത്മവിശ്വാസമായിരുന്നു. ആശങ്കകളറുതിയാക്കി തൊടുത്ത ഷോട്ടിന് അധികം ഉയരമുണ്ടായില്ല. എന്നിട്ടും ക്രുസ് ഓസൂള് താരനിര തീര്‍ത്ത ബാരിക്കേടിന്റെ നേരീയ വിടവിലൂടെ പന്ത് പാഞ്ഞെത്തുമ്പോള്‍ ഗോളിയും തടയാന്‍ നിര്‍വാഹമില്ലാതെ വട്ടംകറങ്ങി. ഇമ ചിമ്മും നേരത്തില്‍ പന്ത് വലയ്ക്കകത്തെത്തി.
നേരത്തെ 44-ാം മിനിറ്റില്‍ ഗോള്‍ നേടി ഇന്റര്‍ മിയാമി മുന്നിലെത്തിയിരുന്നു. വലതുവിങ്ങര് റോബര്‍ട്ട് ടെയ്ലര് ആണ് ഗോള്‍ നേടിയത്. ലീഗ്സ് കപ്പ് ഗ്രൂപ്പ് ജെ മത്സരത്തിലാണ് ഇന്നലെ ഇന്റര്‍ മിയാമിയും ക്രുസ് അസൂലും ഏറ്റുമുട്ടിയത്.
ബെക്കാം, സെറീന… കാഴ്ചക്കാരായി ഇതിഹാസ താരനിര
അമേരിക്കന്‍ ക്ലബ്ബ് ഫുട്ബോളില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അരങ്ങേറ്റം കാണാന്‍ ഫ്ളോറിഡ നഗരമായ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ നഗരത്തിലെ ഡിആര്‍വി പിഎന്‍കെ സ്റ്റേഡിയത്തിലെത്തിയത് ലോകത്തിന്റെ പ്രിയ ഇതിഹാസ താരങ്ങള്‍. ഫുട്ബോളില്‍ നിന്നും വിരമിച്ച് നിലവില്‍ ഇന്റര്‍ മിയാമിയുടെ ഉടമകളില്‍ ഒരാള്‍ കൂടിയായ ഡേവിഡ് ബെക്കാം ആണ് അതില്‍ പ്രമുഖര്‍. സമീപകാല ടെന്നിസില്‍ പകരംവെക്കാനില്ലാത്ത താരമായി നിറഞ്ഞാടി വിരമിച്ച സെറീന വില്ല്യംസ് ആയിരുന്നു മറ്റൊരു താരം. ബാസ്കറ്റ്ബോളില്‍ ലോകത്തിലേറ്റവും മികച്ച താരങ്ങളിലൊരാളായി കണക്കാക്കുന്ന ലെ ബ്രോന് ജെയിംസും മെസ്സിയുടെ കളി കാണാനെത്തിയിരുന്നു.
വിവിഐപികളുടെ നിര പിന്നെയും നീളും ഹോളിവുഡിലും പരസ്യചിത്രരംഗത്തുമെല്ലാം നിറഞ്ഞുനിന്ന കിം കര്ദാഷിയാന് അടക്കമുള്ള താരനിരയും സ്റ്റേഡിയത്തിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: