പി.പി.രാജേന്ദ്രന് കര്‍ത്ത
യഥാ സുമേരൂ പ്രവരോനഗാനാം
യഥാണ്ഡജാനാംഗരുഢഃ പ്രധാനഃ
യഥാ നരാണാം പ്രവരഃ ക്ഷിതീശ
സ്തഥാ കലാനാ മിഹ ചിത്രകല്പഃ
പര്‍വ്വതങ്ങളില്‍ വച്ച് സുമേരു പര്‍വതം പോലെയും, പക്ഷികളില്‍ വച്ച് ഗരുഡനെപ്പോലെയും മനുഷ്യരില്‍ വച്ച് രാജാവിനേപ്പോലെയും കലകളില്‍ ശ്രേഷ്ഠമായത് ചിത്രകലയാണ്.
കസേരയില്ലെങ്കിലും ഒരാള്‍ ഇരിക്കുന്നത് കസേരയിലാണെന്ന് തോന്നുക, വെള്ളമില്ലെങ്കിലും ഒരാള്‍ നീന്തുന്നത് വെള്ളത്തിലൂടെയാണെന്ന് തോന്നുക, മരമില്ലെങ്കിലും മരത്തിലേക്ക് കയറുകയാണെന്ന് തോന്നുക,
കൈവിരലുകള്‍ ഇല്ലെങ്കിലും കൈകൊണ്ട് വരയ്ക്കുകയാണെന്നും, കണ്ണില്ലെങ്കിലും ചുണ്ടില്ലെങ്കിലും കാണുകയും ചിരിക്കുകയും ചെയ്യുന്നുണ്ടെന്നും കുട്ടികള്‍ക്കു പോലും ചിത്രം കണ്ടാല്‍ മനസ്സിലാവുക ……. വരകളുടെ എണ്ണിയാലൊടുങ്ങാത്ത ഇല്ലായ്മകളിലെ എത്രയെത്ര പൂരണങ്ങളിലൂടെ അവയത്രയും ഉണ്ടെന്ന് നമ്പൂതിരിയുടെ രേഖാ ചിത്രങ്ങള്‍ നമ്മോട് പറയാതെ പറഞ്ഞു. നമ്പൂതിരി വരച്ച ആണുങ്ങളേയും പെണ്ണുങ്ങളേയും കണ്ട് ഒരാള്‍ പോലും മനുഷ്യന് ഇത്രയും വലിയ ശരീരഭാഷയാണോ എന്ന് പരിഹസിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. കാരണം ഒരു മനുഷ്യന്റെ മൊത്തം ഉയരമായി കണക്കാക്കുന്നത് അയാളുടെ തലയുടെ അളവിന്റ ഏഴര വലിപ്പമാണെന്നടക്കമുള്ള അനാട്ടമിയുടെ പാഠഭാഗങ്ങള്‍ക്കപ്പുറം മനസ്സുകളിലെ വികാരങ്ങളുടെ അസൂയാവഹങ്ങളായ പ്രകടനങ്ങളുടെ ഉത്തരങ്ങളായിരുന്നു അവരത്രയും. അതുകൊണ്ടുതന്നെ പാഠഭാഗങ്ങളില്‍ പറഞ്ഞ കൃത്യത നിറഞ്ഞ അളവുകോലുകള്‍ നമ്പൂതിരിയുടെ പെണ്ണുങ്ങള്‍ക്കും ആണുങ്ങള്‍ക്കും ബാധകമായില്ല. നമ്പൂതിരി ജീവന് നല്കിയ കറുത്ത വരകളിലെ പെണ്ണുങ്ങളുടെ വക്ഷോജങ്ങളും മറ്റും കണ്ട് ചെറുപ്പക്കാരുടെ രക്ത ചംക്രമണം വര്‍ധിപ്പിച്ചു.
ചിത്രകലയെ സ്നേഹിക്കുകയും അത്രമേല്‍ അതിനെ ഇഷ്ടപ്പെടുകയും ഒരു ചുവര്ചിത്രകലാകാരനെന്ന നിലയില്‍ ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുകയും ചെയ്യുന്ന ശരാശരിക്കാരനായ ഒരു കലാകാരന്, നമ്പൂതിരിയുടെ ഓരോ വരകളും കല്ലിലും ചെമ്പുതകിടുലുമുള്പ്പെടെ അദ്ദേഹം ചെയ്ത സൃഷ്ടികള്‍ വിഭവ സമൃദ്ധമായ സദ്യകള്‍ തന്നെയാണ്. വരകളുടെ സര്‍ഗ്ഗ പ്രതിഭകള്‍ ചേരുവകളായ ഒടുങ്ങാത്ത രുചിക്കൂട്ടുകള്‍ അതില്‍ ഒരു പ്രാര്‍ത്ഥന പോലെ പ്രവര്‍ത്തിക്കുന്നു. തനിക്കു മാത്രമല്ല, ചിത്രകലയെ സ്നേഹിക്കുന്ന മറ്റനേകം പേര്‍ക്കും അദ്ദേഹം മറ്റൊരര്ത്ഥതലത്തില് മറ്റൊരു നിരീക്ഷണത്തില്‍ ‘വര’ രുചിയായി മാറുന്നു.
യാദൃച്ഛികം തന്ന സാദൃശ്യം
ചുവര് ചിത്രകല എന്നൊരു സംഗതിയുണ്ടെന്നും പ്രശസ്തമായ ഗുരുവായൂര്‍ ക്ഷേത്രത്തിനു കീഴില്‍ ഈ കല അഭ്യസിപ്പിക്കുന്നതിനു വേണ്ടി മാത്രം ഒരു സ്ഥാപനമുണ്ടന്നും മറ്റുമുള്ള അറിവ് ഞാന്‍ നേടുന്നത് എന്റെ നാട്ടുകാരനായ എന്‍.പി. അജയ് കുമാര്‍ സാറിലൂടെയാണ്. അദ്ദേഹം പറഞ്ഞ ചുവര് ചിത്രകലയില്‍ ഉള്‍പ്പെടുന്ന സൃഷ്ടികള്‍ അന്വേഷിച്ചു തുടങ്ങുന്നത് അങ്ങനെയാണ്. അവ കണ്ടപ്പോഴാവട്ടെ അത്ഭുതം കൊണ്ടും അവിശ്വസനീയത കൊണ്ടും എന്റെ ഹൃദയം നിലച്ചുപോകുമെന്ന് തോന്നി. എങ്ങനെയെങ്കിലും ചുവര്ച്ചിത്രകലയെ കുറിച്ച് കൂടുതല്‍ അറിയണമെന്നായി. അങ്ങനെ വര്‍ഷങ്ങള്‍ക്ക് മുമ്പ്, സാര്‍ നല്കിയ പ്രതീക്ഷയിലും വിശ്വാസത്തിലും പ്രേരണയാലും സഹായത്താലുമാണ് ഗുരുവായൂര്‍ ദേവസ്വം ചുമര് ചിത്ര പഠനകേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയായി ഞാനും മാറിയത്. ചുവര് ചിത്രകലയില്‍ അഞ്ചു വര്‍ഷത്തെ നാഷണല്‍ ഡിപ്ലോമാ കോഴ്സ് പഠിച്ചിറങ്ങിയതോടെ ആ മാറ്റം സ്വന്തം ജീവിതം തന്നെ മാറ്റിമറിച്ചു.
മോഡല്‍ ഡ്രോയിങ്ങിന്റെ പരീക്ഷയും വാക്ക്-ഇന്‍-ഇന്റര്‍വ്യൂവും പാസായാലെ അവിടെ പ്രവശേനം ലഭിക്കൂ. അതും ആകപ്പാടെ പത്ത് വിദ്യാര്‍ത്ഥികള്‍ക്കു മാത്രം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അഞ്ചു വര്‍ഷക്കാലത്തേക്ക് ഭക്ഷണവും താമസവും ഭേദപ്പെട്ട ഒരു സ്റ്റൈപ്പെന്റുമൊക്കെ ദേവസ്വം ഒരുക്കും. വരച്ചും എഴുതിയുമുള്ള ടെസ്റ്റിനു ശേഷം ഇന്റര്‍വ്യൂവാണ്. ഈ കോഴ്സ് പഠിക്കാന്‍ യോഗ്യരായവരെ കണ്ടെത്തുന്ന പ്രമുഖരടങ്ങിയ സെലക്ഷന് കമ്മിറ്റി. ഓരോരുത്തരെയായി പഠന കേന്ദ്രത്തിനുള്ളില്‍, ഇന്റര്‍വ്യൂ നടത്തുന്ന ഇടത്തേക്ക് വിളിക്കുന്നു. അടുത്തത് എന്റെ ഊഴമാണ്. വിറയ്ക്കുന്ന ശരീരവും മനസ്സുമായി ഞാന്‍ അഭിമുഖക്കാരുടെ മുമ്പിലെത്തി. ഒരിക്കല്‍ പോലും പരിചയമില്ലാത്ത നാലഞ്ച് മുഖങ്ങള്‍. കൂട്ടത്തില്‍ നടുക്കിരിക്കുന്ന ആളെ പ്രത്യേകം ശ്രദ്ധിച്ചു. പിന്നില്‍ കെട്ടിയിട്ട മുടിയും താടിയുമായി ഒരു യോഗിവര്യന്റെ തേജസ്സോടെ ഇരിക്കുന്ന മനുഷ്യന്. എല്ലാവരേയും തൊഴുത കൂട്ടത്തില്‍ ഞാന്‍ അദ്ദേഹത്തേയും തൊഴുതു. അപ്പോഴാണ് ഞാന്‍ ശരിക്കും ഞെട്ടിയത്. വെറും വിദ്യാര്‍ത്ഥി മാത്രമായ ഈയുള്ളവന് നമസ്തേ പറഞ്ഞതിനേക്കാള്‍ ഇരട്ടി താഴ്ന്ന് കൈകള്‍ കൂപ്പി നമസ്തേ പറഞ്ഞ് അദ്ദേഹം എന്നെ അഭിവാദ്യം ചെയ്യുന്നു. പരിഹസിച്ചതാവുമോ….?
ഇന്റര്‍വ്യൂ നടന്നു. ‘നാടെവിടെ’ യാണ്എന്ന് തുടങ്ങി രാജാ രവിവര്‍മ്മയില്‍ വരെ എത്തി നിന്ന, അറിയാവുന്ന ഉത്തരം പറഞ്ഞാല്‍ മതിയെന്ന ചെറുചിരിയില്‍ ആശ്വാസം പകര്‍ന്ന് എനിക്കു നേരെ ഇരട്ടി വിനയത്തോടെ കൈകൂപ്പിയ മനുഷ്യനുണ്ടായിരുന്ന ഇന്റര്‍വ്യൂ കഴിഞ്ഞു. പുറത്തിറങ്ങിയപ്പോഴാണ് അറിയുന്നത്: അതാണ് വരയുടെ കുലപതി ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന്.
സമകാലിക മലയാളത്തിലും, കലാകൗമുദിയിലും, മാതൃഭൂമിയിലും ഭാഷാപോഷിണിയിലും ഒക്കെ വരയ്ക്കുന്ന സാക്ഷാല്‍ നമ്പൂതിരി. ഞങ്ങളെ ഇന്റര്‍വ്യൂ ചെയ്യാന്‍ വേണ്ടി മാത്രം തലേന്ന് മദ്രാസില്‍ നിന്നോ ബോംബെയില്‍ നിന്നോ മറ്റോ പുറപ്പെട്ടതാണ് അദ്ദേഹം എന്നുകൂടി കേട്ടതോടെ ആ മനുഷിന്റെ ആകാരം എന്റെ മനസ്സില്‍ സഹ്യസാനുവോളം വലുതായി. പ്രശസ്ത കലാനിരൂപകനും ചുവര് ചിത്ര പഠനകേന്ദ്രത്തില്‍ ആര്‍ട്ട് ഹിസ്റ്ററിയില്‍ ഞങ്ങളുടെ അദ്ധ്യാപകനുമായിരുന്ന, അടുത്തിടെ നിര്യാതനായ വിജയകുമാര്‍ മേനോന് സാറായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡില്‍ അന്നുണ്ടായിരുന്ന മറ്റൊരംഗം. അന്ന് അത്രമേല്‍ എളിമയോടെ നമ്പൂതിരി മാഷ് എന്നെ തൊഴുത ആ രംഗം സദാ സമയവും എന്നെ വേട്ടയാടി. ഒരിക്കല്‍ വിജയകുമാര്‍ മേനോന് സാറിനോട് ഞാനിക്കാര്യം പറഞ്ഞു. ”ഒരിക്കലും അത് രാജേന്ദ്രനെ അദ്ദേഹം പരിഹസിച്ചതോ ചെറുതായി കണ്ടതോ അല്ല. അഗാധമായ അറിവില്‍ നിന്നും ഒരു മനുഷ്യനില്‍ രൂപപ്പെട്ട എളിമയുടെ പ്രതിഫലനമാണത്”… മേനോന് സാറിന്റെ മറുപടി. നമ്പൂതിരി എന്ന ചിത്രകാരന് അവിടെ എനിക്ക് ഈശ്വരനോളം പ്രിയപ്പെട്ടവനായി.
ചുവര് ചിത്രകല എന്തെന്നറിയാത്ത കാലത്താണ് അത്തരം കലയിലെ പൊരുത്തങ്ങള്‍ എന്റെ കലാസൃഷ്ടികളില്‍ അജയകുമാര്‍ സാര്‍ കണ്ടെത്തുന്നതും തുടര്‍ന്ന് അത്തരം ചിത്രങ്ങളില്‍ വിസ്മയപ്പെട്ട് ചുവര് ചിത്രകലാകാരനായി പരിണാമപ്പെടുന്നതും. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ സംബന്ധിച്ചിടത്തോളം ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തിലെ ചുവര് ചിത്രങ്ങളില്‍ നിന്നാണ് അദ്ദേഹത്തിന്റെ ഉള്ളില്‍ ചിത്ര സംസ്കൃതി തളിര്‍ക്കുന്നത്. അങ്ങനെയാണ് മദ്രാസ് സ്കൂള്‍ ഓഫ് ഫൈനാര്‍ട്ട്സില്‍ ചിത്രകല പഠിക്കാന്‍ എത്തുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എന്നെ അറിയുന്ന നാട്ടിലെ അദ്ധ്യാപകനാണ് ഈ കലപഠിക്കാന്‍ പോകാന്‍ കാരണമാകുന്നതെങ്കില് ബന്ധുവായ കൃഷ്ണന് നമ്പൂതിരി വഴിയാണ് ആര്‍ട്ട്സ്റ്റ് നമ്പൂതിരി മദ്രാസ് സ്കൂളില്‍ എത്തുന്നത്. ഇനി പറയൂ, ആയിരത്തിലൊരംശം പോലും അദ്ദേഹത്തിന്റെ പ്രതിഭയ്ക്കു മുമ്പില്‍ എത്താനാവില്ലെങ്കിലും എങ്ങനെയാണ് ഭഗവാന് നല്കിയ ഈ യാദൃച്ഛിക സാദൃശ്യത്തെ എനിക്ക് ഉപേക്ഷിക്കാനാവുക?
ആനയെക്കാള്‍ വലിയ ‘ആനക്കാര്യം’
വര്‍ഷങ്ങള്‍ക്കു മുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം. ആ മാസവും ആ വര്‍ഷവും ആ തീയ്യതിയും എനിക്ക് മറക്കാനാവില്ല. 2007 ഏപ്രില്‍ 27. എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രം. അവിടെ വച്ച് എന്റെ കുറച്ച് കലാസൃഷ്ടികള്‍ അദ്ദേഹം നേരിട്ട് കാണാനിടയായി. ആ രചനകള്‍ കണ്ട അദ്ദഹേം ഒരു ഓട്ടോഗ്രാഫ് നല്കി. എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും അത് ഒരു അസാധാരണമായ ഓട്ടോഗ്രാഫായിരുന്നു. ഒരു ഏ, ത്രി വെള്ള പേപ്പര്‍, അതില്‍ തന്റെ കയ്യിലുള്ള പേനകൊണ്ട് സെക്കന്റുകള്‍ക്കകം അദ്ദേഹം വരച്ച ഒരു ആനയുടെ ചിത്രം. താഴെ, മറ്റൊരു കലാസൃഷ്ടി പോലെ, സവിശേഷമായ കയ്യക്ഷരത്തില്‍ ഏതു മലയാളിയും വേര്‍തിരിച്ചറിയുന്ന കലാമനസ്സുകളില് വിശ്വപ്രസിദ്ധിയോളം പോന്ന ആ ഒപ്പ് : നമ്പൂതിരി. അദ്ദേഹം അന്നു വരച്ചു നല്കിയ ആ ആനയെ പിന്നീട് എത്രയോ കാലം ഒരു ഉത്സവപറമ്പിലെ ഗജവീരനേക്കാള് കേമമായി ഞാന്‍ നോക്കി നിന്നിട്ടുണ്ട്. വിധിയോ ദുരന്തമെന്നോ എന്ത് പേരിട്ടാണ് വിളിക്കേണ്ടതെന്ന് എനിക്കറിയില്ല. എന്റെ ജീവിതത്തില്‍ അത്രമേല്‍ മൂല്യമുള്ള സമ്പത്തായി സൂക്ഷിച്ചു വച്ചിരുന്ന ആ ചിത്രം പിന്നീട് എനിക്ക് നഷ്ടപ്പെട്ടു. അത് നഷ്ടപെടുത്തിയതാവട്ടെ പെരുമ്പാവൂരിലുള്ള ഒരു പത്രപ്രവര്‍ത്തകനും. അദ്ധ്യാപകന്റെ റോളു കൂടിയുള്ള അയാള്‍ അക്കാലം താന്‍ പ്രവര്‍ത്തിക്കുന്ന പത്രത്തിലെ പ്രാദേശിക ലേഖകനാണ്. ചോദിച്ച പാട് ചോദിച്ചിട്ടാണ് എന്നെ കുറിച്ച് ഒരു ഫീച്ചര്‍ തങ്ങളുടെ പത്രത്തില്‍ ചെയ്യാനെന്നു പറഞ്ഞ് എന്റെ വര്‍ക്കിന്റെ നിരവധി ഫോട്ടോഗ്രാഫുകള്‍ക്കും പത്രവാര്ത്തകള്ക്കുമൊപ്പം നമ്പൂതിരി നല്കിയ ഓട്ടോഗ്രാഫും അത്രമേല്‍ ഉറപ്പോടെ തിരിച്ചു നല്‍കാമെന്ന ഗ്യാരന്റിയില്‍ അയാള്‍ വാങ്ങിയത്. എന്നാല്‍ തിരിച്ചു നല്കിയ സാധനങ്ങളുടെ കൂട്ടത്തില്‍ ഞാന്‍ നല്കിയ എന്റെ പ്രിയപെട്ട നിധി മാത്രം ഉണ്ടായില്ല. എത്രയൊക്കെ കേണ് ചോദിച്ചിട്ടു കൂടി അങ്ങനെയൊന്ന് തന്നിട്ടേയില്ലെന്ന് അയാള്‍ വാദിച്ചു. അങ്ങനെ ഒരു ദുരന്തമായി, മരണകാലം വരെ മറക്കാനാവാത്ത ഒരു ആജന്മ ശത്രു എനിക്കുണ്ടായി. ഉള്വിളിയെന്നൊക്കെ നമ്മള് പറയാറില്ലേ, അതുപോലെ ഭാഗ്യം ഒന്നു കൊണ്ടു മാത്രം നമ്പൂതിരി മാഷ് എനിക്കു നല്കിയ ആ ഓട്ടോഗ്രാഫിന്റെ രണ്ടു മൂന്ന് കോപ്പികള്‍ എടുത്തു വച്ചിട്ടുണ്ടായിരുന്നു. ഇന്ന് കൈവശമുള്ളത് ആ കോപ്പികളും ചിത്രകലയ്ക്ക് കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ് കിട്ടിയേപ്പോള് എനിക്കു നമ്പൂതിരി സാര്‍ വരച്ചു നല്കിയ ചിത്രം വച്ച് ഒരു പത്രം ചെയ്ത വാര്‍ത്തയുമാണ്.
”കല്ലിലും മരത്തിലും ചായങ്ങളിലും ഋജുവായ വരകളിലും അദ്ഭുതം സൃഷ്ടിക്കുന്ന ഈ മനുഷ്യന് നമ്മുടെ കാലഘട്ടത്തിന്റെ സവിശേഷമായ ഒരു സിദ്ധിയാണ്. നമ്മുടെ ഒരു ഭാഗ്യമാണ്” എന്ന് മലയാള സാഹിത്യത്തിലെ മഹാകാശമായ എം.ടി.യേപ്പോലുള്ളവര്‍ പറയുമ്പോഴും ‘വരയുടെ പരമശിവ’ നെന്ന് വി.കെ.എന്നിനേപോലുള്ളവര് വിശേഷിപ്പിക്കുമ്പോഴും മാത്രമല്ല, ചിത്രകലയിലെ ഈ രത്ന പ്രതിഭയെ തിരിച്ചറിയേണ്ടത്. ”ഓപ്പോളുടെ ചിത്രം നമ്പൂതിരി മാഷ് വരച്ചിട്ടുണ്ടോ” എന്ന പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് ”ഞാന്‍ അദ്ദേഹത്തിന് വെറും കഥാപാ
ത്രമല്ലല്ലോ” എന്ന മറുപടി നല്കാന് പ്രേരിപ്പിച്ച മൃണാളിനി അന്തര്‍ജ്ജനത്തിന്റെ സ്നേഹനിധിയായ ഭര്‍ത്താവിന്റെ, ഉത്തരവാദിത്വമുള്ള കുടുംബനാഥന്റെ, ജീവിത രേഖകളുടെ സ്പന്ദിക്കുന്ന സ്വര്‍ണ്ണ നൂല്ക്കമ്പികള് തെളിയുന്നു. വിദേശികള്‍ പോലും ആരാധിക്കുന്ന ഒരേയൊരു ബ്രാന്‍ഡ് നെയിം ‘നമ്പൂതിരി’ ആയി തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ദൈവത്തോളം വളര്‍ന്ന ആ കലാകാരന് ഞാനുള്‍പ്പെടെയുള്ള അനേകായിരങ്ങളുടെ ശതകോടി പ്രണാമങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: