കൊടകര ഉണ്ണി
കൊടകര: ഉത്സവകാലം കഴിഞ്ഞതോടെ ബലൂണ്കാരന് ബാബു കുടക്കാരനായി മാറി. നവംബര്‍ മുതല്‍ മേയ് മാസം വരെ നീളുന്ന ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും ബലൂണ്‍ കച്ചവടക്കാരനായെത്തുന്ന കൊടകര പറക്കാട് പുത്തന്‍പുരയില്‍ ബാബു എന്ന പി.പി. ബാബുവാണ് മഴക്കാലമായാല്‍ കുട നന്നാക്കുന്ന കുട ബാബുവായി കൊടകരയിലെ നടപ്പാതയില്‍ ഇരിപ്പുറപ്പിക്കുന്നത്.
കൊടകര ഉഴുമ്പത്തുംകുന്നില് രാമന് – കാര്‍ത്യായനി ദമ്പതികളുടെ മകനായ ബാബുവിന്റെ ബാല്യകാലം മുതല്‍ ബലൂണുകള്‍ക്കും കളിപ്പാട്ടങ്ങള്ക്കുമൊപ്പമായിരുന്നു. കുട്ടിക്കാലത്ത് മാതാപിതാക്കള്‍ക്കൊപ്പമാണ് പൂരപ്പറമ്പുകളിലും പെരുന്നാളു നടക്കുന്ന പള്ളികളിലുമെത്തിയിരുന്നത്. പിന്നീട് ജ്യേഷ്ഠന്മാരായ രാജപ്പന്, സുരേന്ദ്രന്, ശശി, ഷണ്മുഖന് ഇവര്‍ക്കൊപ്പവും പോകാന്‍ തുടങ്ങി.
പണ്ടുകാലത്ത് കാല്‍നടയായും പിന്നീട് സൈക്കിളിലും തുടര്‍ന്ന് ഓട്ടോറിക്ഷയിലുമായിരുന്നു ബാബുവിന്റെ സഞ്ചാരം. 6 മാസം പൂരപ്പറമ്പുകളിലും 6 മാസം കൊടകരയിലെ നടപ്പാതയിലുമായാണ് ബാബുവിന്റെ ഒരാണ്ട്. ഇതു രണ്ടുമാണ് ബാബുവിന് അറിയുന്ന ജോലികള്‍. ജൂണ്‍ എത്തുന്നതിനു മുമ്പേ കൊടകരയുടെ ഹൃദയഭാഗത്തായി ഫുട്പാത്തിനോടു ചേര്‍ന്ന് ബാബു ബോര്‍ഡ് സ്ഥാപിച്ചു. ‘ബലൂണ്കാരന് ബാബു’ കുട നന്നാക്കി കൊടുക്കുന്ന സ്ഥലം’. ദിവസേന ഇരുപതിലേറെ കുടകള്‍ നന്നാക്കും. കുടയുമായി ബന്ധപ്പെട്ട ശീലയും കമ്പിയും പിടിയും ഉള്‍പ്പെടെ മുഴുവന്‍ ഘടകങ്ങളും ഇവിടെയുണ്ട്. ദിവസം ഏകദേശം 900 രൂപയുടെ പണി നടക്കും. കുടയുടെ ശീല മാറാനും ഒടിഞ്ഞ കമ്പി മാറ്റാനും പിടി മാറ്റാനുമൊക്കെയായി ആളുകളെത്തും. രാവിലെ 9 ന് ജംഗ്ഷനിലെത്തിയാല്‍ വൈകീട്ട് 7 വരെ കുട നന്നാക്കും. വേലകള്‍ക്കും പൂരങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും കൊടിയേറുന്ന നവംബര്‍ വരെ ഈ ബലൂണ്കാരന് ബാബു കുടക്കാരനായി കൊടകരയിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: