സീതത്തോട്: കൊടുമുടിയില്‍ പട്ടാപ്പകല്‍ ജനവാസകേന്ദ്രത്തില്‍ പുലിയിറങ്ങി. പുലിയുടെ മുമ്പില്‍ പെട്ട അമ്മയും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
കൊടുമുടി ആശ്രമത്തില്‍ വിജയമ്മ, മകന് ഷെബിന്‍ തോമസ് എന്നിവരാണ് പുലിയുടെ മുമ്പില്‍നിന്ന് രക്ഷപ്പെട്ടത്. വ്യാഴാഴ്ച പകല്‍ രണ്ടുമണിയോടെ ഇവരുടെ കൃഷിയിടത്തില്‍ പുളിപെറുക്കുന്നതിനായി ഇരുവരും എത്തിയപ്പോഴാണ് പുലിയുടെ മുമ്പില്‍പ്പെട്ടത്.
കൃഷിയിടത്തിലെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ പതുങ്ങി കിടക്കുകയായിരുന്നു പുലി. വിജയമ്മയാണ് പുലിയുടെ മുമ്പില്‍ ചെന്നുപെട്ടത്. പെട്ടെന്നുതന്നെ ഇവര്‍ മകനേയും കൂട്ടി ബഹളം വെച്ച് ഓടി രക്ഷപ്പെടുകയാണുണ്ടായത്. ബഹളം കൂട്ടിയതോടെ പുലി സമീപസ്ഥലത്തേക്ക് മാറിപ്പോകുകയാണുണ്ടായത്. കൊടുമുടി പമ്പ് ഹൗസിന് സമീപമാണ് വ്യാഴാഴ്ച പുലിയെ കണ്ടെത്തിയത്. ഈ പ്രദേശമെല്ലാം ജനങ്ങള്‍ തിങ്ങിപ്പാര്ക്കുന്നയിടങ്ങളാണ്.
സംഭവമറിഞ്ഞ് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയാണ് വനപാലകര്‍ മടങ്ങിയത്. രണ്ടുദിവസം മുമ്പ് തൊട്ടടുത്തുള്ള ചിറ്റാര്‍-വടശേരിക്കര പാതയില്‍ പടയനിപ്പാറയില് പുലിയുടെ മുമ്പില്‍ ചെന്നു പെട്ട ഇരുചക്രവാഹന യാത്രികനായ യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവം ഉണ്ടായിരുന്നു. രണ്ട് പുലികളെയാണ് ബൈക്കിലെത്തിയ യുവാവ് കണ്ടത്.
മണിയാര്‍, കൊടുമുടി, പടയനിപ്പാറ, കട്ടച്ചിറ പ്രദേശങ്ങളില്‍ രണ്ടുമാസത്തിലധികമായി കടുവയുടെയും പുലിയുടെയും സാന്നിധ്യം ശക്തമാണ്. ഈ മേഖലയോട് ചേര്‍ന്നുകിടക്കുന്ന പെരുനാട്ടില്‍ നിന്നാണ് കടുവ തുടരെ ആടുകളെയും പശുക്കളെയുമെല്ലാം കൊലപ്പെടുത്തിയത്.
മണിയാര്‍ പോലീസ് ക്യാമ്പിന് പരിസരത്തും മൂന്ന് തവണ കടുവ എത്തിയിരുന്നു. ഈ പ്രദേശങ്ങളെല്ലാം വനമേഖലയോട് ചേര്‍ന്ന സ്ഥലങ്ങളാണ്. കടുവയുടെയും പുലിയുടെയുമൊക്കെ സാന്നിധ്യം തുടരെ ഉണ്ടായിട്ടും കാര്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളൊന്നും ഈ പ്രദേശത്ത് നടത്തിയിട്ടില്ല. ചിറ്റാര്‍-വടശേരിക്കര പാതയിലെ രാത്രി യാത്രയും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: