തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് പുതുപ്പള്ളി മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് ശേഷം ഭാവി പരിപാടികള്‍ സ്വീകരിക്കുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്. ഇടതുമുന്നണി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് തെരഞ്ഞെടുപ്പിനെ നേരിടാനും ഇടത് മുന്നണി സജ്ജമാണ്.
മണിപ്പൂര്‍ കലാപത്തില്‍ സംസ്ഥാനത്ത് മണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കാനും ഇടത് മുന്നണി തീരുമാനിച്ചു.ഈ മാസം 27 ന് എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ യോഗം സംഘടിപ്പിക്കും. ഓരോ മണ്ഡലത്തിലെയും യോഗത്തില്‍ 1000 പേരെയെങ്കിലും പങ്കെടുപ്പിക്കും.മണിപ്പൂരിനെ സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് കേരളത്തില്‍ ഇടത് മുന്നണി സേവ് മണിപ്പൂര്‍ ക്യാമ്പെയ്ന് സംഘടിപ്പിക്കും. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് പ്രതിഷേധ യോഗം.
പൊതു സിവില്‍ കോഡിനെതിരെ ഇടത് മുന്നണിയിലെ എല്ലാ പാര്‍ട്ടികളും മുന്നിട്ടിറങ്ങി പ്രതിഷേധിക്കുമെന്നും ജയരാജന് വെളിപ്പെടുത്തി. സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ നവംബര്‍ 1 മുതല്‍ 7 വരെ കേരളീയം പ്രചാരണ പരിപാടി സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: