ഇസ്ലാമബാദ്: ക്രിക്കറ്റ് അനിസ്ലാമികമാണെന്ന വീട്ടുകാരുടെയും മതമേധാവികളുടെയും ആക്ഷേപത്തെത്തുടര്‍ന്ന് പാകിസ്ഥാന് വനിതാതാരം ആയിഷാ നസീം പതിനെട്ടാം വയസില്‍ വിരമിച്ചു. പെണ്‍കുട്ടികള്‍ കായികരംഗത്തിറങ്ങുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാക്ഷാല്‍ വസീം അക്രം അത്ഭുതപ്രതിഭ’ എന്ന് വിശേഷിപ്പിച്ച ആയിഷ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്. ക്രിക്കറ്റില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന് വനിതാ ടീം ക്യാപ്റ്റന്‍ നിദാ ദാറും പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡും നടത്തിയ ശ്രമങ്ങള്‍ ഫലിച്ചില്ല.
വീട്ടുകാരുടെയും പള്ളിമേധാവികളുടെയും എതിര്‍പ്പ് മറികടന്ന് ക്രിക്കറ്റ് ക്യാമ്പുകളില്‍ പങ്കെടുത്തതിന് ആയിഷ വലിയ എതിര്‍പ്പുകളും ആക്ഷേപങ്ങളും നേരിട്ടിരുന്നുവെന്ന് അടുപ്പമുള്ളവര്‍ പറയുന്നു. ബന്ധുക്കളെയും പുരോഹിതരെയും എതിര്‍ത്തുകൊണ്ട് ഏറെ പ്രയാസപ്പെട്ടാണ് ആയിഷ പാകിസ്ഥാന് വേണ്ടി കളിച്ചിരുന്നത്. ഒടുവില്‍ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കളി ഉപേക്ഷിക്കുന്നതെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു.
അതേസമയം തന്റേത് വ്യക്തിപരമായ തീരുമാനമാണെന്നാണ് ആയിഷയുടെ വാദം. മതവും ക്രിക്കറ്റും ഒരുമിച്ചുകൊണ്ടുപോകാമെന്ന നിദ ദാറിന്റെ വാക്കുകള്‍ അനുസരിക്കാന്‍ ആയിഷ തയാറായില്ലെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന് വനിതാ ക്രിക്കറ്റിലെ മികച്ച യുവ പ്രതിഭകളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ആയിഷ തന്റെ ഹാര്‍ഡ് ഹിറ്റിങ് ശൈലിയിലൂടെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രശസ്തയായത്.
നാല് ഏകദിനങ്ങളിലും 30 ട്വന്റി20 ഇന്റര്‍നാഷണലുകളിലും പാകിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ സയീദ് അന്‍വര്‍, ഇന്‍സമാം ഉള് ഹഖ്, മുഹമ്മദ് യൂസഫ്, സഖ്ലൈന് മുഷ്താഖ്, മുഷ്താഖ് അഹമ്മദ് തുടങ്ങിയ നിരവധി പാകിസ്ഥാന് താരങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ മതത്തിലേക്ക് തിരിഞ്ഞെങ്കിലും 2002-ല്‍ തന്റെ ഇളയ മകളെ നഷ്ടപ്പെട്ട അന്‍വര്‍ മാത്രമാണ് കളി പൂര്‍ണമായും ഉപേക്ഷിച്ചത്.
ഇന്‍സമാം, യൂസഫ്, മുഷ്താഖ്, സഖ്ലെയ്ന്‍ എന്നിവര്‍ ക്രിക്കറ്റുമായി തങ്ങളുടെ ബന്ധം നിലനിര്‍ത്തുകയും തബ്ലീഗ് ജമാഅത്തിന്റെ ഭാഗമാകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: