പാലക്കാട്: കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെ വില രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യാന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. നെല്ലുവില വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
നെല്ലുസംഭരണവും തുക വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സ്ഥായിയായ പരിഹാരമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റമറ്റ രീതിയില്‍ നെല്ല് സംഭരിച്ച് കര്‍ഷകര്‍ക്ക് കൃത്യമായി പണം നല്‍കണം. പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ക്കാണ് ഏറ്റവും കൂടുതല്‍ തുക നല്‍കാനുള്ളത്. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കൊടുത്തു തീര്‍ക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 400 കോടി രൂപയുടെ വായ്പ കൂടി അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കാനുള്ള തുകയുടെ ഒരു ഭാഗവും അനുവദിക്കാന്‍ ധാരണയായിട്ടുണ്ട്. അത് രണ്ടാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ എടുക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
യോഗത്തില്‍ മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജിആര്‍ അനില്‍, പി. പ്രസാദ്, കെ. കൃഷ്ണന്‍കുട്ടി, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: