ന്യൂദല്‍ഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീംകോടതി പരിഗണിക്കുന്നത് മാറ്റി. അടിയന്തര സ്റ്റേ നല്കാന് കോടതി തയാറായില്ല. ഹര്‍ജി വീണ്ടും ഓഗസ്റ്റ് നാലിന് പരിഗണിക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് പരാതിക്കാരനും ഗുജറാത്ത് സര്‍ക്കാരിനു സുപ്രീം കോടതി നോട്ടീസ് അയച്ചു. അതേസമയം, തന്റെ കുടുംബത്തിന് കോണ്‍ഗ്രസ് രാഷ്ട്രീയവുമായി ബന്ധമുള്ളതിനാല്‍ താന്‍ കേസ് വാദിക്കുന്നത് അനുചിതമാണെന്ന് ജസ്റ്റിസ് ബി.ആര്. ഗവായ് പറഞ്ഞു.
എന്നാല്‍, ഇതൊരു പ്രശ്നമല്ലെന്ന് ഇരുകക്ഷികളുടേയും അഭിഭാഷകര്‍ അറിയിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ബി ആര് ഗവായ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ വച്ച് ‘എല്ലാ കള്ളന്മാര്ക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. തുടര്‍ന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂര്‍ണേഷ് മോദി നല്കിയ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി പരമാവധി ശിക്ഷയായ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. കേസില്‍ ജില്ലാ കോടതിയെയാണ് രാഹുല്‍ ഗാന്ധി ആദ്യം സമീപിച്ചത്. അപ്പീല്‍ തള്ളിയതോടെ രാഹുല്‍ ഗുജറാത്ത് ഹൈക്കോടതിയിലെത്തി. അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതിയും കഴിഞ്ഞ ദിവസം തള്ളിയതോടെയാണ് സുപ്രിം കോടതിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: