വിഷ്ണു അരവിന്ദ്
പ്രാചീന ഭാരതത്തില്‍ സ്ത്രീ ബഹുമാനത്തിന്റെ പര്യായവും പുരുഷന് തുല്യവുമായിരുന്നു. ഗംഗാദേവിയെന്നും, യമുനാദേവിയെന്നും ഭൂമാതാവെന്നും കടലമ്മയെന്നും ജന്മഭൂമിയെന്നും, ബഹുമാനിക്കുന്നതിനെയെല്ലാം ഭാരതീയര്‍ അമ്മയെന്ന് ചേര്‍ത്ത് വിളിച്ചു. രാധാകൃഷ്ണനും, ലക്ഷ്മി നാരായണനും, ഉമാമഹേശ്വരനും, സീതാരാമനുമെല്ലാം സ്ത്രീ-പുരുഷ തുല്യതയുടെ ഓരോ പാഠങ്ങളാണ്. ധര്‍മ്മത്താല്‍ നയിക്കപ്പെട്ട ആ വ്യവസ്ഥ അധിനിവേശങ്ങളാലും മൂല്യചുതികളാലും താറുമാറായി. നിരവധി നിയമവ്യവസ്ഥകളുടെ പരീക്ഷണാനന്തരം ഏകീകൃത സിവില്‍ കോഡെന്ന വ്യവസ്ഥയിലേക്ക് നാമെത്തിയിരിക്കുന്നു. വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, കുട്ടികളുടെ സംരക്ഷണം, അനന്തരാവകാശം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ബാധകമായ ഏകനിയമത്തെയാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്.
നിലവില്‍ ഭാരതത്തിലെ വിവിധ മതങ്ങള്‍ക്കകത്തുള്ള വ്യക്തി നിയമങ്ങള്‍ സ്ത്രീ-പുരുഷ അസമത്വത്തെ വര്‍ദ്ധിപ്പിക്കുകയും സ്ത്രീകളുടെ ഉയര്‍ച്ചയെ പിന്നോട്ട് വലിക്കുകയുമാണ്. കൂടാതെ വിവിധ മതങ്ങള്‍ക്കിടയിലെ അസമത്വം പരസ്പരം സ്പര്‍ദ്ധ വളരുന്നതിന് കാരണമാവുന്നു. ലോകത്തിന്റെ ഒന്‍പതുശതമാനത്തോളം സ്ത്രീകളുള്ള രാജ്യത്ത് അവര്‍ക്ക് പുരുഷന് അനുഭവിക്കുന്നതിനു തുല്യമായ അവകാശങ്ങള്‍ ലഭിക്കണം. അതിന് തടസ്സം നില്ക്കുന്ന സാമൂഹികവും, മതപരവും ജാതിപരവും, നിയമപരവുമായ നിയന്ത്രണങ്ങളെ നീക്കം ചെയ്യുകയാണ് വേണ്ടത്. ഏകീകൃത നിയമമാണ് ഒരു പരിധിവരെയുള്ള പരിഹാരം.
1872-ലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം, 1920 ലെ കൊച്ചിന് ക്രിസ്ത്യന്‍ സിവില്‍ മാരേജ് ആക്ട്, 1909 ലെ സിഖ് ആനന്ദ് വിവാഹ നിയമം, 1937 ലെ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട്, 1939 ലെ മുസ്ലീം വിവാഹ മോചന നിയമം, 1954 ലെ സ്പെഷ്യല്‍ മാരേജ് ആക്ട്, 1937 ലെ പാഴ്സി വിവാഹ, വിവാഹമോചന നിയമം, ഹിന്ദുക്കള്‍ക്കും ജൈനര്‍ക്കും ബുദ്ധന്മാര്ക്കും ബാധകമായ 1955 ലെ ഹിന്ദു വിവാഹ നിയമം തുടങ്ങിയ വ്യത്യസ്തങ്ങളായ വ്യക്തിനിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഇന്ന് ഓരോ സമൂഹവും രാജ്യത്ത് നയിക്കപ്പെടുന്നത്. എന്നാല്‍ ഇവയിലെല്ലാം തന്നെ സ്ത്രീ വിവേചനം പ്രകടമാണ്. അതില്‍ ചിലത് ചൂണ്ടികാട്ടുകയാണിവിടെ.
വിവാഹം
വിവാഹത്തിന് ഇഷ്ടമുള്ള വ്യക്തിയെ തിരഞ്ഞെടുക്കുവാന്‍ സ്ത്രീക്കും പുരുഷനും തുല്യ സ്വാതന്ത്ര്യമല്ല സമൂഹവും മതങ്ങളും നല്‍കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ അതിനേക്കാള്‍ കടുത്ത നിയന്ത്രങ്ങള്‍ വ്യക്തി നിയമങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് നിലനില്ക്കുന്നു. വിവാഹത്തിന്റെ ലക്ഷ്യം പുരുഷന് സുഖവും സന്തോഷവും നല്കുവാനും സന്താനങ്ങളെ ഉത്പാദിപ്പിക്കുവാനും കൂടാതെ സമൂഹത്തില്‍ വ്യഭിചാരവും ബലാത്സംഗവും ഒഴിവാക്കുന്നതിനുമാണെന്നതാണ് ഇസ്ലാമിക സങ്കല്പം. അതുകൊണ്ടുതന്നെ ഇസ്ലാമിക വ്യക്തി നിയമം പുരുഷന് ബഹുഭാര്യത്വം അനുവദിക്കുന്നു. 4 ഭാര്യമാര്‍ വരെയാകാം. എന്നാല്‍ ഒരു മുസ്ലീം സ്ത്രീക്ക് ഒരു ഭര്‍ത്താവ് മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഒന്നില്‍ കൂടുതല്‍ വിവാഹവും അതിലെ സന്തതികളും ഐപിസി 23-ന്റെ 494-ാം വകുപ്പ് പ്രകാരം നിയമവിരുദ്ധമാണ്. അങ്ങനെ രണ്ട് തരത്തിലുള്ള നിയമമാണ് ഇസ്ലാമില്‍ സ്ത്രീക്കും പുരുഷനും വിവാഹ കാര്യത്തിലുള്ളത്. മാത്രമല്ല, ഇസ്ലാം വിവാഹത്തിന് പ്രായപരിധി നിശ്ചയിച്ചിട്ടില്ല. സ്ത്രീയുടെ വിവാഹപ്രായം ആര്‍ത്തവാരംഭത്തെ ആശ്രയിച്ചിരിക്കുന്നു.
യുന്ശുഭായ് ഷെയ്ഖും ഗുജ്റാത്ത് സര്‍ക്കാരും തമ്മിലുള്ള കേസില്‍ മുസ്ലിം വ്യക്തി നിയമനുസരിച്ച് വിവാഹത്തിനുള്ള യോഗ്യത ‘ആര്ത്തവാരംഭമോ 15 വയസ്സോ’ ആണെന്ന് കോടതി അംഗീകരിച്ചിട്ടുണ്ട്. മാത്രമല്ല, സുന്നി നിയമപ്രകാരം വിവാഹ നിശ്ചയം പ്രായപൂര്‍ത്തിയായ രണ്ട് പുരുഷന്മാരുടെയോ അല്ലെങ്കില്‍ ഒരു പുരുഷന്റെയോ അല്ലെങ്കില്‍ രണ്ട് സ്ത്രീകളുടെയോ സാക്ഷ്യത്തില്‍ മാത്രമേ നടത്താവൂ. ഇവിടെ രണ്ട് സ്ത്രീകള്‍ക്ക് തുല്യമാണ് ഒരു പുരുഷനെന്ന അസമത്വത്തിന്റെ സന്ദേശമാണ് വ്യക്തി നിയമം നല്‍കുന്നത്. കൂടാതെ, സ്ത്രീകളുടെ പുനര്‍വിവാഹം ഹിന്ദു സമൂഹത്തില്‍ ഇന്നും ഒരു പ്രശ്നമായി നിലനില്ക്കുന്നു. കൃത്യമായി നിര്‍വചിക്കപ്പെട്ട വിവാഹ നിയമങ്ങള്‍ പാഴ്സി വ്യക്തി നിയമത്തിലില്ല. ജൂത വ്യക്തിനിയമങ്ങളാവട്ടെ വിവാഹത്തില്‍ പുരുഷന് കൂടുതല്‍ അധികാരം നല്കുന്നു. ഇവയാണ് മതങ്ങള്‍ക്കുള്ളിലും മതങ്ങള്‍ തമ്മിലുമുള്ള വിവാഹത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന ചില പ്രധാനഅസമത്വങ്ങള്.
ഇത്തരം നിയമങ്ങള്‍, ബാല വിവാഹത്തിനും, ജനസംഖ്യ വര്‍ദ്ധനവിനും, വിദ്യാഭ്യാസമടക്കമുള്ള പെണ്‍കുട്ടികളുടെ അവകാശം ഹാനിക്കപ്പെടുന്നതിനും കാരണമാവുകയല്ലേ ചെയ്യുന്നത്. അതുകൊണ്ടാവണം, ലോ കമ്മീഷന്, സച്ചാര്‍ കമ്മിറ്റി തുടങ്ങിയവയുടെ റിപ്പോര്‍ട്ടുകളില്‍ ബഹുഭാര്യത്വം ക്രിമിനല്‍ കുറ്റമാക്കണമെന്നും ഐപിസിയുടെ 494-ാംവകുപ്പ് എല്ലാ സമുദായങ്ങള്‍ക്കും ബാധകമാക്കണമെന്നും ശുപാര്‍ശ ചെയ്തത്.
വിവാഹ മോചനം
വിവാഹ മോചന നിയമങ്ങളിലും ഇത്തരം പ്രവണതകള്‍ കാണാം. ഇസ്ലാമില്‍ ഭര്‍ത്താവിന്റെ താല്പര്യാര്ത്ഥം വിവാഹബന്ധം വേര്‍പെടുത്തിയാല്‍ ഭര്‍ത്താവ് വിവാഹ സമ്മാനങ്ങള്‍ ഭാര്യയ്ക്ക് തിരികെ നല്‍കേണ്ടതില്ല. മറിച്ചായാല്‍ ഭാര്യ തിരികെ നല്‍കണമെന്നാണ്. മാത്രമല്ല വിവാഹമോചനത്തിന്റെ ഭാഗമായി ജീവനാംശത്തിന്റെ കാര്യത്തില്‍ വിവാഹമോചിതയായ ഭാര്യയെ ‘ഇദ്ദ’ത്തിന് (കേസ് നടക്കുന്ന കാലഘട്ടം) അപ്പുറം പുരുഷന് പരിപാലിക്കേണ്ടതില്ല. അതുപോലെ ക്രിസ്ത്യന്‍ സഭ വിവാഹമോചനം അനുവദിക്കുന്നില്ല. ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് ഭര്‍ത്താവ് ചെയ്ത വ്യഭിചാരത്തിന്റെ പേരില്‍ വിവാഹമോചനം നേടുവാന്‍ കഴിയുമായിരുന്നില്ല. ക്രൂരത, മൃഗീയത, തുടങ്ങിയ കാരണങ്ങള്‍ക്ക് മാത്രമേ കോടതിയെ സമീപിക്കുവാന്‍ സാധിച്ചിരുന്നുള്ളൂ. മറുവശത്ത്, ക്രിസ്ത്യന്‍ ഭര്ത്താക്കന്മാര്ക്ക് തങ്ങളുടെ ഭാര്യമാരെ വ്യഭിചാരികളായി പ്രഖ്യാപിക്കുകയും വിവാഹമോചനം ചെയ്യുവാനും സാധിക്കുമായിരുന്നു. എന്നാല്‍, 2001-ല്‍ ഈ നിയമം ഭേദഗതി ചെയ്തു. എന്നിരുന്നാലും, ഭാര്യയ്ക്കെതിരെ വ്യഭിചാര ആരോപണം ഉണ്ടെങ്കില്‍ വിവാഹമോചന സമയത്ത് അവരുടെ സ്വത്ത് ഭര്‍ത്താവിനോ കുട്ടികള്‍ക്കോ ലഭിക്കും. മറിച്ചായാല്‍ ഭര്‍ത്താവിന് ഇത് ബാധകമല്ല. യഹൂദമതത്തില്‍ വിവാഹവും വിവാഹമോചനവുമായി ബന്ധപ്പെട്ട് ഭാര്യക്ക് വളരെ കുറച്ച് അവകാശങ്ങള്‍ മാത്രമേ നല്കുന്നുമുള്ളൂ.
ദത്തവകാശം
ദത്തെടുക്കുന്ന നിയമങ്ങള്‍ നോക്കിയാലോ, വിവാഹിതയായ ഹിന്ദു സ്ത്രീക്ക് ഭര്‍ത്താവിന്റെ സമ്മതത്തിന്റെ അടിസ്ഥാനത്തില്‍ പോലും കുട്ടിയെ ദത്തെടുക്കാന്‍ അവകാശമില്ല. എന്നാല്‍ പുരുഷന് അത്തരത്തിലുള്ള നിയന്ത്രണമില്ല. ഇസ്ലാമിക വ്യക്തി നിയമം ദത്തവകാശം അനുവദിക്കുന്നില്ല. സെമറ്റിക് മതങ്ങള്‍ സന്താനോല്പാദനത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. പാര്സിമതവും ദത്തെടുക്കല്‍ നിഷേധിക്കുന്നു. ക്രിസ്ത്യന്‍ വ്യക്തിനിയമത്തില്‍ ദത്തെടുക്കല്‍ ഇല്ലെങ്കിലും 1890 ലെ ഗാര്ഡിയന് ആന്‍ഡ് വാര്‍ഡ്സ് നിയമം അനുസരിച്ചു ദത്തെടുക്കല്‍ നടക്കുന്നുണ്ട്. വ്യക്തിഗത നിയമങ്ങള്‍ ദത്തെടുക്കുന്നതിനെ നിരുത്സാഹപ്പെത്തുന്നതിനാല് ഈ മേഖലയില്‍ അസമത്വം അധികമില്ലെന്ന് വേണം കരുതാന്‍.
സ്വത്ത് -പിന്തുടര്ച്ച അവകാശം
സ്വത്ത് -പിന്തുടര്ച്ച സംബന്ധിച്ച നിയമങ്ങളിലേക്ക് വന്നാല്‍ ഹിന്ദു പിന്തുടര്ച്ചാവകാശം സെക്ഷന്‍ 23 അനുസരിച്ചു അനന്തരാവകാശിയായ സ്ത്രീ അവിവാഹിതയാണെങ്കിലോ, വിധവയോ, ഭര്‍ത്താവില്‍ നിന്ന് വേര്പിരിഞ്ഞിരിക്കുന്നുവോ എങ്കില്‍ മാത്രമേ സ്വന്തം ഗൃഹത്തില്‍ താമസിക്കാന്‍ അവകാശമുള്ളൂ. പുനര്‍വിവാഹത്തോടെ താമസിക്കുവാനുള്ള അവകാശം നഷ്ടപ്പെടുന്നു. ഹിന്ദു പുരുഷന്റെ സ്വത്തില്‍ അവകാശമുള്ള സ്ത്രീകള്‍ക്ക് അവകാശികളായ മറ്റ് പുരുഷന്മാര് ഓഹരികള്‍ വിഭജിക്കാന്‍ തയാറാവാത്തതുവരെ ഭാഗം വെയ്ക്കുന്നത്ആവശ്യപ്പെടുവാന് അവകാശമില്ല. കൂടാതെ കൂട്ടവകാശ സ്വത്തുക്കളില്‍, മകനും, ചെറുമകനും ജന്മനാസ്വത്തിന്റെ അവകാശം നേടുന്നു. എന്നാല്‍ ഒരു സ്ത്രീക്ക് ഇത് ലഭിക്കുന്നില്ല. പിന്തുടര്ച്ചാവകാശ നിയമപ്രകാരം സ്ത്രീയുടെയും പുരുഷന്റെയും സ്വത്ത് വ്യത്യസ്തമായി കൈമാറുന്നു. കുട്ടികളുടെ അഭാവത്തില്‍ ഒരു സ്ത്രീക്ക് മാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച സ്വത്ത് അവളുടെ പിതാവിന്റെ അനന്തരാവകാശികള്‍ക്ക് കൈമാറുന്നു. സ്ത്രീക്ക് മക്കളില്ലായെങ്കില്‍ ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്താവിന്റെ പിതാവില്‍ നിന്നോ പാരമ്പര്യമായി ലഭിച്ച സ്വത്ത് ഭര്‍ത്താവിന്റെ അനന്തരാവകാശികള്‍ക്ക് ലഭിക്കും. മാത്രമല്ല ഒരു സ്ത്രീ സ്വയം സമ്പാദിച്ച സ്വത്തിന്റെയും, ലഭിച്ച സമ്മാനങ്ങളുടെയും അവകാശികള്‍ മക്കളോ ഭര്ത്താക്കന്മാരോ ആണ്. അവരുടെ ആഭാവത്തില്‍ ഭര്‍ത്താവിന്റെ അനന്തരാവകാശികള്‍ക്ക് ലഭ്യമാകുന്നു. അതിന് ശേഷമേ ആ സ്ത്രീയുടെ മാതാപിതാക്കള്‍ക്ക് അവകാശം ലഭിക്കുകയുള്ളൂ.
എട്ടാം വകുപ്പ് അനുസരിച്ച് മരണശേഷം ഹിന്ദുപുരുഷന്റെ സ്വത്ത് പുരുഷന്റെ രണ്ട് തലമുറയ്ക്ക് വരെ ലഭിക്കുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് ഇത് ഒരുതലമുറയ്ക്ക് മാത്രമേ ലഭിക്കൂ. മാത്രമല്ല. ഒരു ഹിന്ദു വിധവയ്ക്ക് അവരുടെ ഭര്‍ത്താവിന്റെ സ്വത്തില്‍ നിന്ന് അനന്തരാവകാശമായിസ്വത്ത് ലഭിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ഭര്‍ത്താവിന് ഒരു വില്‍പ്പത്രത്തിലൂടെ മൂന്നാമതൊരാള്‍ക്ക് സ്വത്ത് കൈമാറാന്‍ കഴിയും. ഈ തീരുമാനത്തെ ചോദ്യം ചെയ്യുവാന്‍ ഭാര്യയ്ക്ക് അവകാശമില്ല. 1925-ലെ ഇന്ത്യന്‍ പിന്തുടര്ച്ചാവകാശ നിയമമനുസരിച്ച്, ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ക്രിസ്ത്യന്‍ വിധവയ്ക്ക് ഭര്‍ത്താവിന്റെ ബന്ധുക്കളുടെ അഭാവത്തില്‍ മാത്രമേ സ്വത്ത് ലഭിക്കുകയുള്ളൂ അല്ലാത്ത പക്ഷം മൂന്നിലൊന്ന് മാത്രമേ കൈമാറുകയുള്ളൂ. മുസ്ലിം അനന്തരാവകാശ സ്വത്തിന്റെ കാര്യത്തിലേക്കുവന്നാല്‍ പുരുഷന്സ്ത്രീക്ക് ലഭിക്കുന്നതിന്റെ ഇരട്ടി വിഹിതം ലഭിക്കും. അനന്തരാവകാശിയായി മകനും മകളും ഒന്നിച്ചുണ്ടെങ്കില്‍ മകള്‍ക്ക് ലഭിക്കുന്നതിന്റെ ഇരട്ടി മകന് ലഭിക്കും. കുട്ടികളുള്ള കുടുംബത്തില്‍ ഭര്‍ത്താവിന് സ്വത്തിന്റെ നാലിലൊന്ന് ഓഹരിയും ഭാര്യയ്ക്ക് എട്ടിലൊന്നും മാത്രം ലഭിക്കുന്നു. കുട്ടികളില്ലാത്തപ്പോള്‍ യഥാക്രമം രണ്ടിലൊന്നും നാലിലൊന്നുമാകുന്നു. പാഴ്സി വ്യക്തി നിയമത്തിലും ഈ വിവേചനം കാണാം. പാഴ്സികളല്ലാത്ത പുരുഷന്മാരെ വിവാഹം കഴിച്ച പാഴ്സി പെണ്മക്കള്ക്ക് അവരുടെ സ്വത്തവകാശം നഷ്ടപ്പെടും. പാഴ്സി പുരുഷന്മാരുടെ പാഴ്സി ഇതരവിഭാഗത്തിലെ ഭാര്യമാര്‍ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ പകുതി മാത്രമേ അവകാശമായി ലഭിക്കൂ. ഇത്തരത്തിലുള്ള ധാരാളം നിയമങ്ങള്‍ രാജ്യത്ത് പ്രദേശികമായും, മതപരമായും, ജാതിപരമായും നിലനില്ക്കുന്നു. അതിന്റെ ഒരു ചെറു ഭാഗമാണ് ഇവിടെ നല്‍കിയത്. ഇതിലെല്ലാം തന്നെ പുരുഷന് അനുകൂലമായി നിയമങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നു.
ഇന്ന് ഓരോ സംഘടനകളും ഉയര്‍ത്തികാട്ടുന്ന പല വിഷയങ്ങളും വളരെ വിശദമായി ഭരണഘടനാനിര്‍മ്മാണ സഭയില്‍ ചര്‍ച്ച ചെയ്തതാണ്. രാജ്യത്തിന്റെ ബഹുസ്വരതയെ ബാധിക്കുമെന്നും, വൈവിധ്യം തകരുമെന്നും, മതേതരത്വത്തിന് വിരുദ്ധമാണെന്നും, ന്യൂനപക്ഷവകാശങ്ങള്‍ ഹനിക്കുമെന്നുമുള്ള വാദങ്ങള്‍ സഭയില്‍ ഉന്നയിച്ചിരുന്നു. മാത്രമല്ല,1948 നവംബര്‍ 3ന് സഭ സിവില്‍ കോഡ് ചര്‍ച്ച ചെയ്യുമ്പോള്‍ രാജ്യത്ത് അരങ്ങേറിയ വര്‍ഗ്ഗീയകലാപങ്ങളുടെ ചോരപ്പാടുകള്‍ മാഞ്ഞിരുന്നില്ല. വിഭജനത്തിന്റെ അനുഭവങ്ങള്‍ ഓരോ ഭാരതീയന്റെയും മനസിനെ നീറ്റിയിരുന്നു. അതിനാല്‍ മതപരമായ വ്യക്തി നിയമങ്ങളില്‍ തൊടുന്നതില്‍ നിന്ന് സഭ അകലം പാലിച്ചിരിക്കണം. അതുകൊണ്ടുതന്നെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള അഭിപ്രായ സമന്വയയത്തിന്റെ ഭാഗമായിരിക്കണം, സിവില്‍ കോഡ് മൗലികാവകാശമാക്കാതെ ഭാഗം നാലില്‍ അനുഛേദം 44 ല്‍ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശക തത്വമായി ഉള്‍പ്പെടുത്തിയത്. മൗലികാവകാശമാക്കിയാല് നിര്‍ബന്ധമായും നടപ്പിലാക്കേണ്ടി വരും. അതിനാല്‍ രാജ്യം പ്രാപ്തമാവുമ്പോള്‍ നടപ്പിലാക്കട്ടെയെന്ന അര്‍ത്ഥത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വമാക്കി. വിവിധ സന്ദര്‍ഭങ്ങളില്‍ നമ്മുടെ കോടതികളും ഇതിന് അനുകൂലമായി പ്രതികരിച്ചു. ഇന്ന് പല നിയമങ്ങളും നടപ്പിലാക്കാനുള്ള ശക്തി രാജ്യത്തിനുണ്ട്. ഒപ്പം രാഷ്ട്രീയ ഇച്ഛാശക്തിയുള്ള നേതൃത്വവും. അതിനാല്‍തന്നെ ഏകീകൃത നിയമം നടപ്പിലാക്കാനുള്ള ഏറ്റവും അനുയോജ്യമായ സന്ദര്‍ഭവും ഇതുതന്നെയാണ്.
(ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: