ചെന്നൈ: സ്റ്റാലിന് സര്‍ക്കാരിലെ മറ്റൊരു മന്ത്രി കൂടി എന്‍ഫോഴ്സ്മെന്റ് വലയില്‍. അനധികൃത സ്വത്തുകേസില്‍ ഫിഷറീസ് മന്ത്രി അനിത ആര്. രാധാകൃഷ്ണനെ ഇ ഡി ഉടന്‍ ചോദ്യം ചെയ്യുമെന്നാണു സൂചന.
ഇയാള്‍ക്കെതിരേ നേരത്തേ വിജിലന്‍സ് അഴിമതി വിരുദ്ധ ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്. ഈ കേസില്‍ ഡയറക്ടറേറ്റിനെ സഹായിക്കാന്‍ അനുമതി തേടി ഇ ഡി കഴിഞ്ഞ ദിവസം തൂത്തുക്കുടി പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ജൂണില്‍ ഇ ഡി മന്ത്രി സെന്തില്‍ ബാലാജിയെ അഴിമതിക്കേസില്‍ അറസ്റ്റു ചെയ്തിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടി, മകനും എംപിയുമായ ഗൗതം എന്നിവരെ കഴിഞ്ഞ ദിവസം കള്ളക്കേസില്‍ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, അനധികൃത സ്വത്തുകേസില്‍ അനിത രാധാകൃഷ്ണനും കുരുങ്ങിയത്. ഇയാള്‍ക്കെതിരേ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി ഇ ഡി കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. ഇ ഡിയുടെ ഹര്‍ജി ആഗസ്ത് രണ്ടിനു പരിഗണിക്കും.
മുമ്പ് എഐഎഡിഎംകെ നേതാവായിരുന്ന അനിത രാധാകൃഷ്ണന് ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കേ അഴിമതി നടത്തി കോടികള്‍ സമ്പാദിച്ചെന്നാണ് കേസ്. 2001-05ല്‍ നടന്ന അഴിമതിക്കെതിരേ 2006ലെ ഡിഎംകെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റ് കേസെടുത്തത്. ജയലളിതയുടെ മരണ ശേഷം ഇയാള്‍ ഡിഎംകെയില്‍ ചേര്‍ന്നു. ഈ കേസ് ഇപ്പോള്‍ ഇഴയുന്ന സാഹചര്യത്തിലാണ്, ഇ ഡി ഹര്‍ജിയുമായെത്തിയത്.
ഇതേ കേസില്‍ കഴിഞ്ഞ വര്‍ഷം ഇ ഡി ഇയാളുടെ ആറരക്കോടിയുടെ സ്വത്തു കണ്ടുകെട്ടിയിരുന്നു. 160 ഏക്കര്‍ ഭൂമിയും ഒരു കോടിയുടെ വീടുമടക്കം 18 സ്ഥാവര സ്വത്തുക്കളാണ് അന്ന് ഇ ഡി കണ്ടുകെട്ടിയത്. 2001-06ല്‍ ഇയാള്‍ വാങ്ങിയതാണ് ഇവ. കഴിഞ്ഞ ദിവസം മന്ത്രി പൊന്മുടിയുടെ വീട്ടില്‍ നിന്ന് 80 ലക്ഷം രൂപ കണ്ടെത്തിയ ഇ ഡി ഇയാളുടെ 42 കോടിയുടെ ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: