മഞ്ചേരി: നാടകകൃത്തും അധ്യാപകനുമായ പി.കെ. ദേവന്‍ (74) അന്തരിച്ചു. എളങ്കൂര്‍ എടക്കാട് പുല്ലൂര് കുറ്റാനിക്കാട് മനയില്‍വച്ചായിരുന്നു അന്ത്യം. തുഞ്ചത്തെഴുത്തച്ഛന്റെ ഐതിഹ്യങ്ങള്‍ കോര്‍ത്തിണക്കി രചിച്ച ‘പ്രജാപതി’യാണ് പ്രധാന നാടകം. ഏറനാട് താലൂക്ക് കോ-ഓപറേറ്റീവ് കോളജില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. വിവേകപ്രദായിനി വിദ്യാലയം, എടക്കാട് ശ്രീശാസ്താ കോളജ് എന്നിവ സ്ഥാപിച്ചു. കേരള സംഗീത നാടക അക്കാദമി, എഫ്എസിടി, തുഞ്ചന്‍, ദൃശ്യകല പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഭാര്യ: ചന്ദ്രിക. മക്കള്‍: സൗമ്യ(പള്ളത്തേരി മന, തൃശൂര്‍), രമ്യ (മൂത്തേടത്ത് മന, കൊടശ്ശേരി), ഭവ്യ (ഈറ്റിശ്ശേരി മന, പാലക്കാട്). മരുമക്കള്‍: മനോജ് (പോലീസ് ഓഫീസര്‍, തൃശ്ശൂര്‍), ധനേഷ് (തന്ത്രി), മിഥുന്‍ (റെയില്‍വേ). ഭൗതിക ദേഹം എടക്കാട് പുല്ലൂര് കുറ്റാനിക്കാട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
നിലച്ചത് ഏറനാടിന്റെ നാടക ശബ്ദം
ടി. പ്രവീണ്‍
മഞ്ചേരി: നാടകരംഗത്ത് ഏറനാടിന്റെ ശബ്ദമായ പുല്ലൂര്‍ കുറ്റാനിക്കാട് മനയില്‍ ദേവന്‍ മാസ്റ്റര്‍(74) ഓര്‍മ്മയായി. മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛനെക്കുറിച്ച് ഒരു നാടകമെഴുതി തുഞ്ചന്‍പറമ്പില്‍ വെച്ചുതന്നെ ഒന്നാം സമ്മാനം നേടിക്കൊണ്ടാണ് ദേവന്‍മാസ്റ്റര്‍ നാടകരംഗത്ത് കടക്കുന്നത്.
1985-ല്‍ തുഞ്ചന്‍ ദിനത്തോടനുബന്ധിച്ച് തിരൂര്‍ തുഞ്ചന്‍ സ്മാരക കലാ സമിതി നടത്തിയ അഖില കേരള നാടകമത്സരത്തില്‍ ‘പ്രജാപതി’ എന്ന നാടകമാണ് ഒന്നാം സ്ഥാനം നേടിയത്.
”തുഞ്ചനെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ കോര്‍ത്തിണക്കി, ആ ജീവിതത്തില്‍ ചില നാടകീയ മുഹൂര്‍ത്തങ്ങള്‍ കണ്ടെത്തുന്നതില്‍ പ്രജാപതി വിജയിച്ചു. തുഞ്ചത്തെഴുത്തച്ഛന്റെ രചനകളില്‍ ഒളിഞ്ഞു കിടന്നിരുന്ന സമകാലിക വ്യവസ്ഥിതിയോടുള്ള പ്രതിഷേധത്തിന്റെ സ്വരങ്ങള്‍ കണ്ടെത്തി. അദ്ദേഹം അനുഭവിച്ച ആത്മ സംഘര്‍ഷത്തെ കേന്ദ്രീകരിച്ചാണ് നാടകം. പരുഷ പുരാണം, അടിമകള്‍ക്ക് ഒരു പുരാവൃത്തം, അമ്മ കരയരുത്, ഇടത്തു പുറത്തപ്പന്‍, സംഘവൃത്തം, അമ്പതുകളിലെ കയ്യെഴുത്തുപ്രതി, ആറ്റുകരതോറ്റം, ആദിചേര പെരുമാള്‍, കരിങ്കളിയാട്ടം, പഴമയുടെ പാട്ട് എന്നീ നാടകങ്ങളുടെ രചയിതാവാണ്.
വ്രണിത ഭൂമി, മൂഷിക വംശം എന്നീ പുസ്തകങ്ങളുടെ വിവര്‍ത്തനം നിര്‍വഹിച്ചിട്ടുണ്ട്. ഏറനാട് താലൂക്ക് കോ-ഓപറേറ്റീവ് കോളജില്‍ ദീര്‍ഘകാലം അദ്ധ്യാപകനായിരുന്നു. വിവേകപ്രദായിനി വിദ്യാലയം, എടക്കാട് ശ്രീശാസ്താ കോളജ് എന്നിവ സ്ഥാപിച്ചു. കേരള സംഗീത നാടക അക്കാദമി, എഎസ്എടി, തുഞ്ചന്‍, ദൃശ്യകല പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: