ഡോ.അംബികാ സോമനാഥ്
അഹല്യാ ദ്രൗപദീ സീതാ
താരാ മണ്ഡോദരീ തഥാ
പഞ്ചകന്യാഃ സ്മരേന്നിത്യം
മഹാപാതക നാശനാ
അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി എന്നീ അഞ്ചു കന്യകകളെ ഓര്‍മിക്കുന്നവന്റെ മഹാപാപങ്ങളെല്ലാം നശിക്കും. പഴയ ഹിന്ദുഭവനങ്ങളെല്ലാം നിത്യവും കാരണവന്മാര്‍ ചൊല്ലിക്കേട്ടിരുന്ന ഒരു ശ്ലോകമാണിത്. ഇങ്ങനെ കുറേ ശ്ലോകങ്ങളുണ്ട്. പേടി വരുമ്പോഴും ഇടിമിന്നലുണ്ടാവുമ്പോഴും ‘അര്‍ജുനപ്പത്ത് ചൊല്ലുക, ‘സൃഷ്ടി കര്‍ത്താവേ വിരിഞ്ചാ പത്മാസനാ’ (രാമാണത്തില്‍ കൗസല്യാദേവി ശ്രീരാമനു വേണ്ടി പ്രാര്‍ഥിക്കുന്നത്), ‘രാമം ദശരഥം വിദ്ധി’ (രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം), ‘യാദേവി സര്‍വഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ…’ (ദേവീ മാഹാത്മ്യത്തിലെ ശ്ലോകം) എന്നിവ ഉരുവിടുക, ഇതൊക്കെ ഹിന്ദു ഭവനങ്ങളിലെ നിത്യപാരായണ ശ്ലോകങ്ങളായിരുന്നു. തലമുറ കൈമാറി ഇതൊക്കെ നമ്മുടെ കൈകളിലും എത്തി. അടുത്ത തലമുറയ്‌ക്കു കൊടുത്താല്‍ അതു വലിയൊരു സമ്പത്തായിരിക്കും.
നിത്യവും സ്മരണകളിലുള്ള ഈ അഞ്ചു സ്ത്രീകളും കന്യകകളല്ല. ഇവരെ സ്മരിച്ചാല്‍ ഏതു പാതകമാണ് നശിക്കുന്നത്? ഇവര്‍ അഞ്ചു മഹതികളും പുണ്യവതികളാണ്. താന്‍ ഹേതുവല്ലാത്ത മാനഹാനിക്ക് വിധേയരായവരാണിവര്‍. അതിനെയെല്ലാം തരണം ചെയ്ത്, ജീവിത വിജയം നേടിയത് ഇവരുടെ അചഞ്ചലമായ ധൈര്യവും ഈശ്വരവിശ്വാസവും കൊണ്ടാണ്. നമ്മുടെ ജീവിതത്തിലെ പരാജയത്തിലും, അഭിമാനക്ഷതങ്ങളിലും ഒക്കെ പിടിച്ചു നില്ക്കാന്‍ ഇതുപോലുള്ള പുണ്യവതികള്‍ നമുക്ക് മാര്‍ഗദര്‍ശകമേകും.
ഈ അഞ്ചു സ്ത്രീകളില്‍ ദ്രൗപദി ഒഴികെ നാലുപേരും രാമായണത്തിലെ കഥാപാത്രങ്ങളാണ്. ആയിരം മാനവ സ്ത്രീകളുടെ സൗന്ദര്യം നല്കി ബ്രഹ്മാവ് സൃഷ്ടിച്ചതാണ് അഹല്യ എന്ന സ്ത്രീ രത്‌നത്തെ. എല്ലാ അറിവുകളുടെയും നിറകുടമായിരുന്ന അഹല്യയെ പത്‌നിയാക്കിയത് ത്രികാലജ്ഞാനിയായിരുന്ന ഗൗതമമുനിയാണ്. അദ്ദേഹത്തെ ശുശ്രൂഷിച്ച് ആശ്രമത്തില്‍ വസിച്ചു വന്ന അഹല്യ പതിവ്രതകളില്‍ പ്രധാനിയായിരുന്നു. അഹല്യയുടെ സൗന്ദര്യത്തിന്റെയും ഗുണഗണങ്ങളുടെയും കീര്‍ത്തി എല്ലാ ലോകങ്ങളിലും പരന്നിരുന്നു. ഇന്ദ്രിയ ഗണ്യനായ, ഇന്ദ്രന്‍ അഹല്യയില്‍ ഭ്രമിച്ചില്ലില്ലെങ്കിലേ അത്ഭുതമുള്ളൂ. ബ്രഹ്മാവിനാല്‍ 16 വയസ്സിന്റെ സൗന്ദര്യം എല്ലാക്കാലത്തും ഉണ്ടാകുമെന്ന വരം ലഭിച്ച അഹല്യ എല്ലാവരുടെയും മോഹമായിരുന്നു. ഗൗതമമുനിയുടെ ദിനചര്യ ശ്രദ്ധിച്ചിരുന്ന ഇന്ദ്രന്‍, എല്ലാ ദിവസവും അതിരാവിലെ മുനി ആശ്രമം വിട്ടു പോകുന്നതും സ്‌നാനാദികളെല്ലാം കഴിഞ്ഞ് തിരിച്ചു വരുന്നതും മനസ്സിലാക്കി. ഒരു ദിവസം അതിരാവിലെ മുനി നദിയിലേക്കു പോയ ശേഷം വേഷപ്രച്ഛന്നനായി മുനിവേഷത്തില്‍ ഇന്ദ്രന്‍ ആശ്രമത്തിലെത്തി, തന്റെ ആഗ്രഹം അഹല്യയെ അറിയിച്ചു. ജ്ഞാനിയായ അഹല്യയ്‌ക്ക് വന്നയാള്‍ ഇന്ദ്രനാണെന്ന് മനസ്സിലാവുകയും ഇന്ദ്രന്റെ സ്‌നേഹത്തില്‍ വശംവദയാവുകയും ചെയ്തു. പിന്നീടാണ് മുനിയുടെ ശാപം ഭയന്ന അഹല്യ ഇന്ദ്രനോട് പെട്ടെന്ന് അവിടെനിന്ന് പോകാന്‍ പറയുന്നത്. സ്‌നാനത്തിനു ശേഷം മടങ്ങി വന്ന ഗൗതമമുനിക്ക് ഇന്ദ്രനെ മനസ്സിലായി. ഇന്ദ്രന്‍ ചെയ്ത തെറ്റ് മനസ്സിലാക്കിയ മുനി ‘മ്ലേച്ഛപ്രവൃത്തി ചെയ്ത നിന്റെ പുരുഷത്വം നശിക്കട്ടെ’ എന്നു ഇന്ദ്രനെ ശപിച്ചു. ദേവലോകത്തു മടങ്ങിയെത്തിയ ഇന്ദ്രന്‍ വിഷമത്തിലാവുകയും കര്‍മങ്ങളില്‍ വിഘ്‌നം വരികയും ചെയ്തു. എല്ലാവരോടും കൂടി മഹാദേവനെ ശരണം പ്രാപിച്ച് ഇന്ദ്രന്‍ ശാപമുക്തി നേടി. കോപം പൂണ്ട ഗൗതമന്‍ തന്റെ പത്‌നിയായ അഹല്യയേയും ശപിച്ചു. ‘നീ ഇന്നുമുതല്‍ അരൂപിയായി, ഒറ്റപ്പെട്ട് ഈ ആശ്രമത്തില്‍ വസിക്കുക. ആഹാരമോ ജലപാനമോ ഇല്ലാതെ വസിക്കുക. വിദൂരഭാവിയില്‍ ത്രേതായുഗത്തില്‍ വൈഷ്ണവനായ ശ്രീരാമന്‍ ഇവിടെ വന്ന് ആ സാന്നിധ്യം കൊണ്ട് നീ ശാപമുക്തയായി, എന്നോടു ചേരും’. ഇത്രയും പറഞ്ഞ് ഗൗതമന്‍ ഹിമാലയത്തിലേക്ക് തപസ്സിനായി പോയി.
യാഗരക്ഷയ്‌ക്കു പോയ രാമലക്ഷ്മണന്മാര്‍ മുനിമാരുടെ ദുഃഖം തീര്‍ക്കുന്നു. വിശ്വാമിത്ര മഹര്‍ഷി അവരെ മിഥിലയിലേക്കു കൂട്ടി ക്കൊണ്ടു പോയി. യാത്രാമധ്യേ ഗൗതമന്റെ ആശ്രമം കാണുകയും വിശ്വാമിത്രന്റെ നിര്‍ദേശ പ്രകാരം അതിനുള്ളില്‍ പ്രവേശിച്ച് അഹല്യയെ പൂര്‍വസ്ഥിതിയിലാക്കുകയും ചെത്തു. ദിവ്യപ്രഭ ചൊരിഞ്ഞു നില്ക്കുന്ന അഹല്യയുടെ പാദം രാമലക്ഷ്മണന്മാര്‍ നമസ്‌ക്കരിച്ചു. അഹല്യയാകട്ടെ, രാമലക്ഷ്മണന്മാര്‍ക്കും വിശ്വാമിത്രനും എല്ലാ ആതിഥ്യമര്യാദകളും നല്‍കി. ദേവലോകത്തു നിന്നു പുഷ്പവൃഷ്ടിയുണ്ടായി. ദിവ്യദുന്ദുഭി നാദങ്ങളുണ്ടായി. എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തില്‍ അഹല്യാസ്തുതി എന്ന പ്രസിദ്ധമായ സ്തുതി തന്നെയുണ്ട്.
ഇസ്തുതി ഭക്തിയോടെ ജപിച്ചീടുന്ന പുമാന്‍
ശുദ്ധനായഖിലപാപങ്ങളും നശിച്ചുടന്‍
പരമം ബ്രഹ്മാനന്ദം പ്രാപിക്കുമത്രയല്ല
വരുമൈഹികസൗഖ്യം പുരുഷന്മാര്‍ക്കു നൂനം
ഭക്ത്യാ നാഥനെ ഹൃദി സന്നിധാനം ചെയ്തുകൊ
ണ്ടിസ്തുതി ജപിച്ചീടില്‍ സാധിക്കും സകലവും
പുത്രാര്‍ഥി ജപിക്കിലോ നല്ല പുത്രന്മാരുണ്ടാം
അര്‍ത്ഥാര്‍ത്ഥി ജപിച്ചീടിലര്‍ത്ഥവുമേറ്റമുണ്ടാം
ഗുരുതല്പഗന്‍ കനകസ്‌തേയി സുരാപായി
ധരണീസുരഹന്താ പിതൃമാതൃഹാ ഭോഗി
പുരുഷാധമനേറ്റെമെങ്കിലുമവന്‍ നിത്യം
പുരുഷോത്തമം ഭക്തവത്സലം നാരായണം
ചേതസി രാമചന്ദ്രം ധ്യാനിച്ചു ഭക്ത്യാ ജപി
ച്ചാദരാല്‍ വണങ്ങുകില്‍ സാധിക്കുമല്ലോ മോക്ഷം
സദ്‌വൃത്തനെന്നായീടില്‍ പറയേണമോ മോക്ഷം
സദ്‌വൃത്തനെന്നായീടില്‍ പറയണമോ മോക്ഷം
സദ്യഃ സംഭവിച്ചീടും സന്ദേഹമില്ലയേതും
അഹല്യാമോക്ഷത്തെ തുടര്‍ന്ന് ആഗതനായ ഗൗതമമുനി രാമലക്ഷ്മണന്മാരെ വണങ്ങിയ ശേഷം അത്യന്തം സ്‌നേഹത്തോടെ അഹല്യയെ സ്വീകരിച്ചു. അഹല്യയുടെ കഥയും ഇതില്‍ നിന്നുള്ള ഗുണവും ദോഷവും എല്ലാവര്‍ക്കും പാഠമായിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: