പാലക്കാട്: മാലിന്യ നിര്‍മാര്‍ജന യജ്ഞത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നല്കാന് കഴിയുന്ന സംഭാവനയേറെയാണെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്ര പറഞ്ഞു. പാലക്കാട് നഗരസഭയും കെഎസ്ഡബ്ല്യൂഎംപി ജില്ലാ പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പഠനക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ പ്രാധാന്യത്തെ കുറിച്ചും നഗരസഭ ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും കളക്ടര്‍ പ്രതിപാദിച്ചു. ചുരുങ്ങിയ കാലയളവില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയ വിദ്യാര്‍ഥികളെ കളക്ടര്‍ അഭിനന്ദിച്ചു.
നഗരസഭ മൂന്നാം വാര്‍ഡിലെ സുന്ദരം കോളനി, മധുരവീരന് കോളനി, കുമാരസ്വാമി കോളനി, കുഞ്ഞന്‍ബാവ കോളനി, കുന്നുംപുറം തുടങ്ങിയവിടങ്ങളില്‍ സര്‍വേ, ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍, നിരീക്ഷണം, ട്രാന്‍സക്ട് വാക്, റിസോഴ്സ് മാപ്പിങ് തുടങ്ങിയ രീതികള്‍ അവലംബിച്ചായിരുന്നു പഠനം. വീടുകളിലെ മാലിന്യം വേര്‍തിരിക്കല്‍, സംഭരണം, ശേഖരണം, ഗതാഗതം, ഉപയോക്തൃ ഫീസ് സമാഹരണം, ജനങ്ങളുടെ അവബോധം എന്നിവ വിശകലനം ചെയ്തായിരുന്നു ആക്ഷന്‍ പ്ലാന്‍.
വിശദമായി തയ്യാറാക്കുന്ന ആക്ഷന്‍ പ്ലാന്‍ നഗരസഭക്കും ജില്ലാ ഭരണകൂടത്തിനും സമര്‍പ്പിക്കുമെന്ന് സര്‍വകലാശാല സാമൂഹ്യ പ്രവര്‍ത്തന വിഭാഗം പ്രൊഫ. ഡോ. രേഷ്മ ഭരധ്വാജ് അറിയിച്ചു. നഗരസഭ വൈസ് ചെയര്മാന് അഡ്വ.ഇ. കൃഷ്ണദാസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി. സ്മിതേഷ്, കൗണ്‍സിലര്‍ വി. നടേശന്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി ബാലഗോപാല്‍, കെ.എസ്.ഡബ്ല്യൂ.എം.പി പ്രതിനിധികള്‍, ജില്ലാ ശുചിത്വമിഷന് പ്രതിനിധി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: