പാലക്കാട്: സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപയുടെ സ്വര്‍ണവും,23,000 രൂപയും, മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ അറസ്റ്റിലായ മുന്‍ ഡിവൈഎഫ്ഐ നേതാവും നിരവധി സ്വര്‍ണ തട്ടിപ്പ് കേസിലെ പ്രതിയുമായ അര്ജുന് ആയങ്കിയെ റിമാന്‍ഡ് ചെയ്തു. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കൂടെ അറസ്റ്റിലായ സുഹൃത്ത് പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് അനീസ്(30)നെയും റിമാന്‍ഡ് ചെയ്തു. പ്രതികളെ ചിറ്റൂര്‍ സബ് ജയിലിലേക്ക് മാറ്റി.
കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നാണ് മീനാക്ഷിപുരം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞദിവസം പാലക്കാടെത്തിച്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. മാര്‍ച്ച് 26ന് നടന്ന കേസിലെ മുഖ്യസൂത്രധാരന്‍ അര്ജുന് ആയങ്കിയാണ്.
അന്വേഷണഘട്ടത്തില്‍ വിവിധയിടങ്ങളില്‍ ഒളിച്ച് താമസിച്ചിരുന്ന ആയങ്കിയുടെ ഒളിത്താവളം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് മീനാക്ഷിപുരം പോലീസ് കണ്ടെത്തിയത്. കണ്ണൂരിലെ സുഹൃത്തായ സൈനികന്റെ പൂനെയിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് അര്‍ജുനെനയും, അനീസിനെയും പിടികൂടിയതെന്ന് പറയുന്നു. കൃത്യത്തിന് ശേഷം മാര്‍ച്ച് 29ന് തന്നെ അര്ജുന് ഒളിവില്‍ പോയിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെ രണ്ടുതവണ ഗോവയിലേക്കും, ഒരു തവണ ബെംഗളൂരുവിലേക്കും പോയിരുന്നു. ഇതിനിടെ പണം ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെട്ടെങ്കിലും സാമ്പത്തിക സഹായം ലഭിച്ചില്ല. തുടര്‍ന്ന് യുകെയിലുള്ള ഒരു വനിതാസുഹൃത്താണ് പണം നല്‍കിയത്.
സുഹൃത്തുക്കളുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് അര്ജുന് ആയങ്കിലേക്ക് എത്തിയത്. അര്‍ജുന്റെ വാഹനവും കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. സ്വര്‍ണ കവര്‍ച്ചാകേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി,ഡിവൈഎഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെ 13പേര് നേരത്തെ അറസ്റ്റിലായിരുന്നു. മാര്‍ച്ച് 26ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് കേസിനാസ്പദമായ സംഭവം. മീനാക്ഷിപുരം സൂര്യപാറയില്‍ ബസ് തടഞ്ഞുനിര്‍ത്തിയാണ് കവര്‍ച്ച നടന്നത്.
മധുരയില്‍ സ്വര്‍ണം ഡിസ്പ്ലെക്ക് കൊണ്ടുപോയി മടങ്ങിവരവെയാണ് തൃശൂര്‍ പുതുക്കാട് സ്വദേശി റാഫേല്‍ കൊച്ചപ്പന്റെ 75 പവനും പണവും മൊബൈല്‍ ഫോണും എട്ടംഗ സംഘം കവര്‍ന്നത്. സ്വകാര്യ ബസിന് കുറുകെ കാര്‍ നിര്‍ത്തി ഒരാള്‍ ബസിനകത്ത് കയറി റാഫേലിനെ വലിച്ചിഴച്ച് താഴെയിറക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് സ്വര്‍ണവും പണവും മൊബൈലും തട്ടിയെടുത്ത് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ആര്.ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം ചിറ്റൂര്‍ ഡിവൈഎസ്പി സുന്ദരന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ ജെ.മാത്യു, എസ്ഐ സുജിത്, എസ്സിപിഒമാരായ വിനോദ് കുമാര്‍ ,യു. ജെബിന്‍ഷാ ,വിനോദ്കുമാര്‍, സിപിഒ ഷിബു എന്നിവരുള്‍പ്പെടുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: