നരേന്ദ്രസിങ് തോമര്‍
കേന്ദ്ര കൃഷിമന്ത്രി
രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കായി ദേശീയ സുരക്ഷാലക്ഷ്യം കൈവരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സുസ്ഥിര കൃഷി അത്യന്താപേക്ഷിതമാണ്. അതിനാല്‍തന്നെ, രാസവളങ്ങളുടെയും അസന്തുലിതാവസ്ഥയുടെയും വര്‍ധിച്ചുവരുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ രാസവളം മന്ത്രാലയം മുന്‍കൈയെടുത്തിട്ടുണ്ട്.
നയപരമായ ഇടപെടല്‍, നിക്ഷേപം, സാമ്പത്തിക സഹായം, സാങ്കേതിക ഇടപെടല്‍, മൂല്യവര്‍ധന തുടങ്ങിയ വിവിധ ശ്രമങ്ങളുടെ സമന്വയത്തിലൂടെ ഇന്ത്യന്‍ കാര്‍ഷികമേഖലയെ ഘടനാപരമായി പരിവര്‍ത്തനം ചെയ്യാനാണ് ഈ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നത്. ദ്രുതഗതിയില്‍ നടപടിയെടുക്കേണ്ട സാഹചര്യത്തെ തുടര്‍ന്ന്, 2023 ജൂണ്‍ 28ന്, യൂറിയ സബ്സിഡി പദ്ധതി തുടരുന്നതിനും ജൈവവളങ്ങള്‍ സ്വീകരിക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിരവധി സംരംഭങ്ങള്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി (സിസിഇഎ) അംഗീകാരം നല്കി. ഇവയ്ക്കുവേണ്ടിവരുന്ന മൊത്തം ചെലവ് 370,128.7 കോടി രൂപയാണ്. ഗവണ്മെന്റ് കൈക്കൊണ്ട പ്രധാന നടപടികള്‍ ഇനി പറയുന്നവയാണ്:
യൂറിയ സബ്സിഡി പദ്ധതി ദീര്‍ഘിപ്പിക്കല്‍
368,676.70 കോടി രൂപ വകയിരുത്തി 2025 മാര്‍ച്ച് 31 വരെയാണു യൂറിയ സബ്സിഡി പദ്ധതി ദീര്‍ഘിപ്പിച്ചത്. 2022-23 മുതല്‍ 2024-25 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങള്‍ ഈ ദീര്‍ഘിപ്പിക്കലില്‍ ഉള്‍പ്പെടുന്നു. 2014-15ലെ 207.54 ലക്ഷം മെട്രിക് ടണ്‍ (എല്‍എംടി) ആയിരുന്ന യൂറിയ ഉല്‍പ്പാദന ശേഷി 2022-23ല്‍ 283.74 എല്‍എംടി ആയി വര്‍ധിച്ചു. യൂറിയ സബ്സിഡി ദീര്ഘിപ്പിക്കലോടെയുള്ള ഈ ഉല്‍പ്പാദനവര്‍ധന രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ക്കു മിതമായ നിരക്കില്‍ യൂറിയ ലഭ്യത ഉറപ്പാക്കും.
നാനോ യൂറിയ
ലോകത്തിലെ ആദ്യത്തെ ദ്രവീകൃത നാനോ യൂറിയ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ നൂതനവും പരിസ്ഥിതിസൗഹൃദവും സാമ്പത്തികക്ഷമവുമായ ഉല്‍പ്പന്നത്തിലൂടെ രാജ്യത്തെ കര്‍ഷകരെ ശാക്തീകരിക്കുന്നതിനായി വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം നടത്തുകയും ചെയ്തു. 2023 മാര്‍ച്ച് വരെ 76.5 ദശലക്ഷം കുപ്പികള്‍ (33.6 എല്‍എംടി പരമ്പരാഗത യൂറിയക്കു തുല്യം) ഉല്‍പ്പാദിപ്പിക്കുകയും 54.2 ദശലക്ഷം കുപ്പികള്‍ വില്‍ക്കുകയും ചെയ്തു. 202526 ഓടെ, 195 എല്‍എംടി പരമ്പരാഗത യൂറിയക്കു തുല്യമായ 440 ദശലക്ഷം കുപ്പികളുടെ ഉല്‍പ്പാദനശേഷിയുള്ള എട്ട് നാനോ യൂറിയ പ്ലാന്റുകള്‍ കമ്മീഷന് ചെയ്യും. പരമ്പരാഗത ഡിഎപിക്കു ഫലപ്രദവും ചെലവു കുറഞ്ഞതുമായ ബദലായി നാനോ ഡിഎപിയും കര്‍ഷകര്‍ക്കു പരിചയപ്പെടുത്തും.
സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി ഗവണ്മെന്റ് ആറ് യൂറിയ ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തിട്ടുണ്ട് (രാജസ്ഥാനിലെ കോട്ടയിലെ ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ് ലിമിറ്റഡ്; പശ്ചിമ ബംഗാളിലെ പാനാഗഢിലെ മാറ്റിക്സ് ലിമിറ്റഡ്; തെലങ്കാന രാമഗുണ്ഡത്തില്‍; ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍; ഝാര്‍ഖണ്ഡിലെ സിന്ദ്രിയില്; ബിഹാറിലെ ബറൗനിയില്‍). ഈ തദ്ദേശീയ ഉല്‍പ്പാദന യൂണിറ്റുകളും നാനോ യൂറിയ പ്ലാന്റുകളും യൂറിയയുടെ നിലവിലെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും 2025-26 ഓടെ യൂറിയയുടെ കാര്യത്തില്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കുകയും ചെയ്യും.
ജൈവ വളങ്ങള്‍ക്കു പിന്തുണ
കമ്പോള വികസനത്തിനു പിന്തുണ നല്കുന്ന പദ്ധതി പ്രകാരം, മാലിന്യത്തില്‍നിന്നു സമ്പത്തിലേക്കു കുതിക്കാന്‍ സഹായിക്കുന്ന ഗോബര്ധന് സംരംഭവുമായി ബന്ധപ്പെട്ട പ്ലാന്റുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവ വളങ്ങള്‍ക്ക്, മെട്രിക് ടണ്ണിന് 1,500 രൂപ നിരക്കില്‍ ഗവണ്മെന്റ് പിന്തുണ നല്‍കും. സമഗ്രവും സംയോജിതവുമായ ഈ സമീപനം ബയോഗ്യാസ്, പുനരുപയോഗ ഊര്‍ജ പദ്ധതികള്‍, മാലിന്യസംസ്കരണ പരിപാടികള്‍, ശുചിത്വ സംരംഭങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
2023-24 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 സാമ്പത്തിക വര്‍ഷം വരെ മൊത്തം 1,451.84 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. ഇതില്‍ ഗവേഷണവുമായി ബന്ധപ്പെട്ട് 360 കോടി രൂപയും ഉള്‍പ്പെടുന്നു. ഇത് ഇന്ത്യയിലെ ജൈവ വളങ്ങളുടെ വളര്‍ച്ചയ്ക്കു കൂടുതല്‍ കരുത്തേകും. കര്‍ഷകര്‍ക്ക് സഹായകമാകുന്ന വിവിധ സേവനങ്ങള്‍ (ജൈവ വളം ഉള്‍പ്പെടെ) ലഭ്യമാക്കുന്നതിനും ശാക്തീകരിക്കുന്നതിനും രാജ്യവ്യാപകമായി ഒരുലക്ഷം ‘പ്രധാന് മന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങള്‍’ സ്ഥാപിച്ചു.
പിഎം പ്രണാം
പരിസ്ഥിതിസൗഹൃദവും സുസ്ഥിരവുമായ സംരംഭമെന്ന നിലയില്‍ പിഎം പ്രണാമിന് (ഭൂമി മാതാവിന്റെ പുനഃസ്ഥാപനത്തിനും അവബോധത്തിനും പോഷണത്തിനും മെച്ചപ്പെടുത്തലിനും വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പരിപാടി) ഗവണ്മെന്റ് തുടക്കംകുറിച്ചു. പ്രകൃതിക്കൃഷി രീതികള്‍ സ്വീകരിക്കുന്നതിനും ബദല്‍ വളങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും രാസവളങ്ങളുടെ സമീകൃത വിനിയോഗത്തിനും ഈ പദ്ധതി സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു. സുസ്ഥിര കൃഷിയെക്കുറിച്ചുള്ള ഗവണ്മെന്റിന്റെ ദീര്‍ഘകാല കാഴ്ചപ്പാട് ഉയര്‍ത്തിക്കാട്ടുന്ന, 2025-26ല്‍ അനുവദിച്ച ആനുകൂല്യനിധി 2026-27ല്‍ വിതരണം ചെയ്യും.
നൂതനമായ യൂറിയ ഗോള്‍ഡ്
സള്‍ഫര്‍ ലേപനം ചെയ്ത ‘യൂറിയ ഗോള്‍ഡ്’ എന്ന പുതിയ കാലത്തെ മൂല്യവര്‍ധിത യൂറിയയും പുറത്തിറക്കുകയാണ്. നൂതനമായ ഈ ലേപനം, വിളകള്‍ക്ക് സുപ്രധാന പോഷകമായ സള്‍ഫര്‍ ലഭ്യമാക്കും. ‘യൂറിയ ഗോള്‍ഡ്’ യൂറിയ ഉപഭോഗം കുറയ്ക്കുകയും, മെച്ചപ്പെട്ട നൈട്രജന്‍ ഉപയോഗ കാര്യക്ഷമത ഉറപ്പാക്കി വിള ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും. പോഷക പരിപാലനം മെച്ചപ്പെടുത്തുന്നതിനും യൂറിയ ഉല്‍പ്പാദന പ്രക്രിയകള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങളുമായി ഇതു ചേര്‍ന്നുപോകും.
സുസ്ഥിര കൃഷിക്കും കര്‍ഷകരുടെ ക്ഷേമത്തിനും വേണ്ടിയുള്ള കേന്ദ്ര ഗവണ്മെന്റിന്റെ അചഞ്ചലമായ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് സാമ്പത്തിക കാര്യ മന്ത്രിസഭാസമിതിയുടെ സമീപകാല നടപടികള്‍. യൂറിയ സബ്സിഡി പദ്ധതി ദീര്‍ഘിപ്പിക്കല്‍, പിഎം പ്രണാം, ഗോബര്‍ധനിലൂടെ ജൈവവളങ്ങള്‍ക്കുള്ള പിന്തുണ, നൂതനമായ യൂറിയ ഗോള്‍ഡ് എന്നിവയെല്ലാം കൂടുതല്‍ പരിസ്ഥിതിസൗഹൃദവും കാര്യക്ഷമവുമായ കാര്‍ഷിക മേഖല കെട്ടിപ്പടുക്കുന്നതിന് സംഭാവനയേകുന്നു. ഈ സംരംഭങ്ങള്‍ക്ക് പുറമേ, രാസവളങ്ങളുടെ സമീകൃത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ജൈവ, നാനോ വളങ്ങള്‍ പോലുള്ള ബദല്‍ വളങ്ങള്‍ സ്വീകരിക്കുന്നതിനും ഗവണ്മെന്റ് ബഹുജന ബോധവല്‍ക്കരണ യജ്ഞങ്ങളും ആരംഭിച്ചിട്ടുണ്ട്. ഈ ശ്രമങ്ങള്‍ മണ്ണിനെ മെച്ചപ്പെടുത്താനും ഭൂമിയെ പോഷിപ്പിക്കാനും ലക്ഷ്യമിടുന്നവയാണ്.
കാര്‍ഷിക മേഖലയുടെ ശാക്തീകരണത്തിനും ഉന്നമനത്തിനുമായി നിരവധി ക്ഷേമ പദ്ധതികളാണു കേന്ദ്രഗവണ്മെന്റ് നടപ്പാക്കിയത്. കര്‍ഷകരുടെ ഉപജീവനമാര്‍ഗം വര്‍ധിപ്പിക്കാനും സുസ്ഥിര കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കാനും കാര്‍ഷിക മേഖലയിലെ മൊത്തത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കാനും ഈ പദ്ധതികള്‍ ലക്ഷ്യമിടുന്നു. രാജ്യപുരോഗതിയില്‍ കര്‍ഷകര്‍ നിര്‍ണായക പങ്ക് വഹിക്കുന്ന, സമൃദ്ധവും ഏവരെയും ഉള്‍ക്കൊള്ളുന്നതുമായ, ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയാണ് ഇതു വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: