പ്രൊഫ. ഡി. അരവിന്ദാക്ഷന്
കാര്‍ഷിക വ്യവസായ മേഖലയിലെയും അടിസ്ഥാന വികസന മേഖലയിലെയും വളര്‍ച്ചയാണ് ഓഹരി കമ്പോളത്തില്‍ പ്രകടമായത്. 2005 ല്‍ ഓഹരി സൂചിക 5000 ആയിരുന്നത് 2023 ജൂലൈ 20ന് 67000 ആയി വര്‍ധിച്ചു. ഇന്ത്യന്‍ ഓഹരി വിപണിയുടെ മൂല്യം 350 ലക്ഷം കോടിയായി ഉയര്‍ന്നു. ഇത് 4 ലക്ഷം കോടി ഡോളറില്‍ അധികമാണ്. എന്നാല്‍ ചൈനയുടെ ഓഹരി നിക്ഷേപം 15 ലക്ഷം കോടി ഡോളറിന്റേതാണ്. ഭാരതം അടുത്ത 5 വര്‍ഷം കൊണ്ട് വര്‍ധിച്ച നിക്ഷേപത്തിലൂടെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു.
കൊറോണ മൂലം മറ്റ് രാജ്യങ്ങള്‍ പ്രതിസന്ധിയിലായെങ്കിലും ഭാരതം ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളിലൂടെ അതിജീവനം നടത്തി ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി. 2019 മുതല്‍ രണ്ടു വര്‍ഷംകൊണ്ട് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം പകുതിയായി കുറഞ്ഞു 14% ആയി. 2020 ഏപ്രില്‍ മുതല്‍ 80 കോടി ആളുകള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്കുന്നതുവഴി അതിദാരിദ്ര്യമുള്ളവരുടെ എണ്ണം 2.5% ആയി കുറഞ്ഞു. ഏറ്റവും കൂടുതല്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജനം നടന്നത് ബിജെപി നേതാവ് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശിലാണ്. ഇപ്പോഴും ദാരിദ്ര്യം ഏറെയുള്ളത് ലല്ലു പ്രസാദ് യാദവ് ഭരിച്ച ബീഹാറിലാണ്. അഴിമതി കേസുകളില്‍പെട്ട് ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞ മുന്‍ മുഖ്യമന്ത്രി ലല്ലു പ്രസാദ് യാദവ് അടുത്ത കാലത്താണ് ജയില്‍ മോചിതനായത്. അദ്ദേഹവും കുടുംബവും ഇപ്പോഴും അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്നു.
ദല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയ ജാമ്യം ലഭിക്കാതെ അഴിമതിക്കേസുകളില്‍പ്പെട്ട് ജയിലില്‍ കഴിയുന്നു. മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെയുടെ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന മുന്‍മന്ത്രിമാരായ നവാബ് മാലിക്, അനില്‍ ദേശ്മുഖ് എന്നിവര്‍ ഇപ്പോഴും ജയിലില്‍ കഴിയുന്നു. തമിഴ്നാട്ടിലെ അഴിമതി കേസുകളില്‍ ഉള്‍പ്പെട്ട രണ്ടു മന്ത്രിമാരെ ഇ.ഡി അറസ്റ്റ് ചെയ്തു. 1000 കോടിയുടെ ന്യൂ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് സോണിയയും മകന് രാഹുലും കോടതിയില്‍ നിന്ന് ജാമ്യം എടുത്തിട്ടുള്ളതാണ്. കേരളാ മുഖ്യമന്ത്രിക്കെതിരെയുള്ള ലാവലിന്‍ അഴിമതി കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇങ്ങനെയുള്ള നേതാക്കന്മാരുള്പ്പെടെ 26 പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗമാണ് ആദ്യം പാട്നയിലും പിന്നീട് ബാംഗ്ലൂരിലും നടന്നത്. 26 കക്ഷികളില്‍പെട്ട സീതാറാം യെച്ചൂരിയും മമ്താ ബാനര്‍ജിയും യോഗത്തില്‍ പങ്കെടുത്തെങ്കിലും, അവിടെ വച്ച് തന്നെ മമ്തയുമായി സഖ്യത്തിനില്ലെന്ന് യെച്ചൂരി പ്രഖ്യാപിച്ചു. ഇങ്ങനെയുള്ള 26 കക്ഷികള്‍ക്ക് ലോകസഭയില്‍ ഇപ്പോള്‍ നിലവിലുള്ളത് 150 എം.പി.മാരാണ്. എന്നാല്‍ 2024 മെയ് മാസത്തില്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇവരുടെ എണ്ണം 100 ല്‍ താഴെയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന മേല്‍ വിവരിച്ച വികസന പ്രവര്‍ത്തനങ്ങളാണ് അതിനു കാരണമാകുന്നത്.
‘ഭദ്രമായ സാമ്പത്തിക അടിത്തറയ്ക്ക് മുകളില്‍ സുശക്തമായ സാംസ്കാരിക മേല്‍ക്കുര ഉയര്‍ന്നു വരും’. ഇത് ഒരു ലോകനേതാവിന്റെ പ്രഖ്യാപനമാണ്. ഈ പ്രഖ്യാപനം പൂര്‍ണമായും ശരിവയ്ക്കുന്നതാണ് കഴിഞ്ഞ 9 വര്‍ഷത്തിലധികമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതത്തില്‍ നടക്കുന്നത്. ഐടി രംഗത്തും ബഹിരാകാശ ഗവേഷണരംഗത്തും ഭാരതം ഒന്നാമതെത്തിയിരിക്കുന്നു. അതിന്റെ തെളിവാണ് ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ നടക്കുന്ന ചന്ദ്രയാന്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി ഫ്രാന്‍സ് സന്ദര്‍ശനം നടത്തിയപ്പോഴാണ് ഭാരതം വിജയകരമായി ചന്ദ്രനിലേക്കുള്ള ഉപഗ്രഹം വിക്ഷേപിച്ചത്. അവിടെ നിന്ന് നടത്തിയ പ്രസംഗത്തിലും പ്രഖ്യാപനത്തിലും ചന്ദ്രയാന്‍ വിക്ഷേപണത്തെ മോദി അഭിനന്ദിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശാസ്ത്രജ്ഞന്മാരുള്ള സ്ഥാപനമായി സമീപകാലങ്ങളില്‍ ഐഎസ്ആര്‍ഒ മാറും. ഐടിയിലും ബഹിരാകാശ ഗവേഷണത്തിലും റോബോട്ടിക്സിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ബയോ ടെക്നോളജിയിലും അത്ഭുതകരമായ വളര്‍ച്ചയാണ് ഭാരതം നേടിയിട്ടുള്ളത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളായ ഐഐടികളും ഐഐഎമ്മുകളും ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സും ലോകത്തിനു മാതൃകയായി മാറി. അതിനാലാണ് അബുദാബിയിലും മറ്റ് വിദേശ രാജ്യങ്ങളിലും ക്യാമ്പസുകള്‍ തുടങ്ങാന്‍ ഐഐടികളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത്.
ലോകത്ത് 78% ജനപിന്തുണയുള്ള നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം ഭാരതമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യ 142 കോടിയുള്ളത് ഭാരതത്തിലാണ്. അമേരിക്ക, ബ്രിട്ടന്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ പോലും വംശീയകലാപവും തീവ്രവാദ ആക്രമണങ്ങളും സുരക്ഷാഭീഷണിയായി മാറുന്നു. ലോകസമാധാനത്തിന് വേണ്ടി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഏറ്റവും ഉച്ചത്തില്‍ സംസാരിച്ച ലോകനേതാവ് നരേന്ദ്രമോദിയാണ്. റഷ്യ അടിയന്തിരമായി ഉക്രയിന് യുദ്ധം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫ്രാന്‍സില്‍ നടത്തിയ പ്രഖ്യാപനത്തില്‍ ഭാരതമില്ലാതെ എന്ത് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ എന്നാണ് അദ്ദേഹം ചോദിച്ചത്. കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശന കാലത്ത് ലോകസമാധാനം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഐക്യരാഷ്ട്രസഭ എന്തിന് എന്നദ്ദേഹം വിമര്‍ശിച്ചു.
സുശക്തമായ സാംസ്കാരിക വളര്‍ച്ച നേടാന്‍ ഏകീകൃത സിവില്‍ നിയമങ്ങള്‍ അനിവാര്യമാണ്. അതുവഴി ജാതിമത വിഭജനങ്ങള്‍ ഇല്ലാതാവും. വംശീയ കലാപങ്ങള്‍ക്ക് അറുതി വരും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ല. എല്ലാവരുടെയും അധ്വാനശക്തി രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ടി ഉപയോഗിക്കാന്‍ കഴിയുന്ന പൊതുധാരയായി മാറും. 18 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ ഏറ്റവും കൂടുതലുള്ള രാജ്യം ഭാരതമാണ്. ഇവരുടെ വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനുമായി ധാരാളം പദ്ധതികള്‍ ആവിഷ്കരിച്ചു. ഈ വര്‍ഷം തന്നെ 47 നേഴ്സിങ് കോളജുകള്‍ ആരംഭിക്കും. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 650 ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ തുടങ്ങും. ഇതാണ് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികളുടെ ഏകദേശ രൂപരേഖ. അദ്ദേഹത്തിന് പിന്തുണ നല്കാന് ഭാരതത്തിലെ ജനങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അവര്‍ അത് ചെയ്യുക തന്നെ ചെയ്യും. ലോകത്തിന്റെ ജേതാവും നേതാവുമായി അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഭാരതം മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: