ചെന്നൈ: ഇക്കാലമത്രയും കിട്ടിയ പോക്കറ്റ് മണി കൊണ്ട് പെട്രോള്‍ വാങ്ങുകയാണ് പത്താംക്ലാസുകാരി രാഘവി. ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനം ഓടിക്കുന്ന ചേട്ടന്മാര്ക്ക് സമ്മാനം നല്‍കാനാണ് അവളുടെ പരിശ്രമം. റോഡപടകങ്ങളില്‍ ഏറിയകൂറും ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ സംഭവിക്കുന്നതാണെന്ന് സ്കൂളിലെ ട്രാഫിക് ബോധവത്കരണ ക്ലാസില്‍ നിന്ന് കിട്ടിയ അറിവില്‍ നിന്നാണ് തിരുവാരൂരിലെ ചക്രപാണിയുടെയും പുഷ്പയുടെയും മകള്‍ രാഘവി ഇങ്ങനെയൊരു സേവനപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.
സെന്റ് ആന്റണീസ് ഗവ. ഹൈസ്കൂളില്‍ പഠിക്കുന്ന രാഘവിക്ക് ഒരു സഹോദരനുമുണ്ട്, വിജയ്. മണ്ണാര്‍ഗുഡിയില്‍ നിന്ന് തിരുത്തുറപൂണ്ടിയിലേക്ക് പോകുന്ന വഴിയില്‍ ആദിച്ചാപുരത്ത് രാഘവി ഒരു കുപ്പിയില്‍ പെട്രോളുമായി കാത്തുനില്ക്കും. ഒരു ലിറ്റര്‍ പെട്രോള്‍ അവള് ദിവസം അഞ്ച് മുതല്‍ പത്തുവരെ ആളുകള്‍ക്ക് സൗജന്യമായി നല്‍കും. കൈയിലെ പണം തീരുമ്പോള്‍ വീണ്ടും കിട്ടുന്നതുവരെ കാത്തിരിക്കും. അല്ലെങ്കില്‍ പോക്കറ്റ് മണി തരുന്ന ബന്ധുക്കളെ കൊണ്ട് പകരം പെട്രോള്‍ വാങ്ങിപ്പിക്കും. രാഘവി വെറുതെ പെട്രോള്‍ കൊടുക്കില്ല, അതിനുമുമ്പ് യാത്രക്കാരോട് ഹെല്‍മറ്റ് ധരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അപകടങ്ങളുടെ കണക്ക് ചൂണ്ടിക്കാട്ടി പറഞ്ഞുകൊടുക്കും.
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണം നടത്താന്‍ ഇതേ റോഡില്‍ തുണിസഞ്ചികളുമായി കാത്തുനില്ക്കുമായിരുന്നു രാഘവിയും സഹോദരന് വിജയും. അന്ന് ആഴ്ചയില്‍ നൂറ് പേര്‍ക്കെങ്കിലും രാഘവി തുണിസഞ്ചികള്‍ സൗജന്യമായി നല്‍കുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: