പാലക്കാട്: നിര്‍ദ്ദിഷ്ട അഗളി 220 കെവി സബ്‌സ്റ്റേഷന്‍ പദ്ധതി നിര്‍വഹണം സംബന്ധിച്ച് ചീഫ് എഞ്ചിനിയര്‍ ട്രാന്‍സ് ഗ്രിഡ് ഷൊര്‍ണൂര്‍, ഡെ. ചീഫ് എഞ്ചിനിയര്‍ ട്രാന്‍സ് ഗ്രിഡ് നോര്‍ത്ത് ഷൊര്‍ണൂര്‍ എന്നിവരടങ്ങുന്ന കെഎസ്ഇബിയിലെ വിദഗ്ധ സമിതി 2022 ലും 2023 ലും നടത്തിയ സ്ഥല പരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കുന്നില്ലെന്ന് പരാതി.
വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയുടെ മറുപടി റിപ്പോര്‍ട്ടില്‍ സന്ദര്‍ശന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാവുന്നതാണെന്ന് ട്രാന്‍സ്ഗ്രിഡ് എക്‌സി. എഞ്ചിനിയര്‍ ഷൊര്‍ണൂര്‍ അസി. എക്‌സി. എഞ്ചിനിയര്‍ ഇന്‍ ചാര്‍ജ് മുമ്പാകെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ വിഷയവുമായി ബന്ധ പ്പെട്ട സന്ദര്‍ശന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നാണ് മറുപടി. ഈ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് അഗളി പദ്ധതി വൈകിപ്പിക്കല്‍ വിഷയത്തില്‍ ഉദ്യോഗസ്ഥ വീഴ്ചകള്‍ മൂടിവെക്കുന്നതിനാണെന്നും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അനുവദിക്കണമെന്നും കാണിച്ച് പരാതിക്കാരന്‍ അപ്പീല്‍ അപേക്ഷ സമര്‍പ്പിച്ചു.
നിലവില്‍ അഗളി 33 കെ.വി. സബ്‌സ്റ്റേഷനോട് ചേര്‍ന്ന് കെഎസ്ഇബിയുടെ അധീനതയില്‍ 5.54 ഏക്ര ഭൂമി സ്വന്തമായുള്ളതാണ്. എന്നാല്‍ ഇതിനു പകരം അട്ടപ്പാടിയിലെ ചില സ്വകാര്യ വ്യക്തികളുടെ ഭൂമി പൊന്നും വിലയ്‌ക്ക് വാങ്ങി 220 കെ.വി. സബ്‌സ്റ്റേഷന്‍ നിര്‍മാണത്തിനു വേണ്ടി ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നതായാണ് ആരോപണം. 2016 ല്‍ 233 കോടി രൂപ ചെലവ് കണക്കാക്കിയ ഈ പദ്ധതി 2023 ആയിട്ടും ഇഴഞ്ഞുനീങ്ങുകയാണെന്ന് മുമ്പേ തന്നെ പരാതിയുള്ളതാണ്. 74.58 കോടിയായിരുന്നു 2018 ല്‍ ഈ പദ്ധതി പൂര്‍ത്തിയായിരുന്നുവെങ്കില്‍ ലഭിക്കുന്ന കേന്ദ്രസഹായം. എന്നാല്‍ പദ്ധതി നിര്‍മാണം അനന്തമായി നീണ്ടു പോയതിനാല്‍ കേന്ദ്രവിഹിതം നഷ്ടപ്പെടുത്തി എന്നു മാത്രമല്ല പുതിയ എസ്റ്റിമേറ്റ് പ്രകാരം കോടികളുടെ അധിക ബാധ്യതയാണ് ബോര്‍ഡിന് ഉണ്ടാകാന്‍ പോകുന്നതും.
അതേസമയം, അഗളി 220 കെ.വി. സബ്‌സ്റ്റേഷന്‍ നിര്‍മാണം വൈകലിനു ആരോപണ വിധേയനായ, സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥനെ വീണ്ടും അതേ തസ്തികയില്‍ തിരികെയെത്തിച്ച് ഉത്തരവിറങ്ങിയതായും പറയുന്നുണ്ട്. ഇത് വിജിലന്‍സ് കേസ് രേഖകള്‍ അട്ടിമറിക്കാനാണെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: