ന്യൂദൽഹി: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജരേഖകൾ ചമയ്‌ക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിചേർക്കപ്പെട്ട മനുഷ്യാവകാശപ്രവർത്തക ടീസ്‌താസെതൽവാദിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ ഭയപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന ഉപാധിയുടെ അടിസ്ഥാനത്തിലാണ് ജാമ്യം.
സ്ഥിരജാമ്യം തേടിയുള്ള ടീസ്‌തയുടെ അപേക്ഷ നേരത്തെ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ജൂലൈ ഒന്നിന് സ്ഥിരം ജാമ്യത്തിനുള്ള ടീസ്‌തയുടെ അപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി അവരോട് ഉടൻ കീഴടങ്ങാൻ നിർദേശിച്ചിരുന്നു.ഗുജറാത്ത് ഹൈക്കോടതിയുടെ ഈ ഉത്തരവ് ജസ്‌റ്റിസുമാരായ ഭൂഷൺ ആർ ഗവായ്, എ എസ് ബൊപ്പണ്ണ, ദീപാങ്കർദത്ത എന്നിവർ അംഗങ്ങളായ സുപ്രീംകോടതി ബെഞ്ച് റദ്ദാക്കി.
കേസിൽ കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞ സാഹചര്യത്തിൽ ടീസ്‌തയെ ഇനിയും കസ്‌റ്റഡിയിൽ ചോദ്യംചെയ്യേണ്ട കാര്യമില്ല. ഈ സാഹചര്യത്തിൽ ടീസ്‌തയ്‌ക്ക് ജാമ്യം അനുവദിക്കുകയാണെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർജനറൽ എസ് വി രാജു ടീസ്‌തയ്‌ക്ക് ജാമ്യം അനുവദിക്കുന്നതിനെ ശക്തമായി എതിർത്തെങ്കിലും കോടതി അതൊന്നും മുഖവിലയ്‌ക്ക് എടുത്തില്ല. ഗുജറാത്ത്‌വംശഹത്യയുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ടീസ്‌താസെതൽവാദ് ഉൾപ്പടെയുള്ളവർ വ്യാജരേഖകൾ സൃഷ്ടിച്ചെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: