പ്രവര്‍ത്തനശൈലി ഒരു പാഠപുസ്തകം: വി. മുരളീധരന്
കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും പരിണതപ്രജ്ഞനായ ഭരണാധികാരിയുമായ രാഷ്ട്രീയ അതികായന്റെ നഷ്ടം നികത്താന്‍ ആകാത്തതാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്. എന്നും എപ്പോഴും ജനങ്ങളോടൊപ്പം സഞ്ചരിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി ഒരു പാഠപുസ്തകം തന്നെയാണെന്നും കേന്ദ്രമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
ജനങ്ങള്‍ക്കൊപ്പം ജീവിച്ച നേതാവ്: കെ. സുരേന്ദ്രന്
കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ട നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മികച്ച ഭരണാധികാരിയും കോണ്‍ഗ്രസിന്റെ ജനപ്രിയനേതാവുമായിരുന്നു ഉമ്മന്‍ചാണ്ടി.
എന്നും ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഊര്‍ജ്ജസ്വലതയോടെ ആറുപതിറ്റാണ്ടിലധികം അദ്ദേഹം പൊതുജീവിതത്തില്‍ നിറഞ്ഞുനിന്നു. കേരളത്തിന്റെ വികസനത്തിന് അതുല്ല്യ സംഭാവന നല്കിയ ഭരണാധികാരിയാണ് ഉമ്മന്‍ചാണ്ടിയെന്നും കെ. സുരേന്ദരന് അനുശോചിച്ചു.
സാന്ത്വനവും പ്രതീക്ഷയും ആയിരുന്നു: വി.ഡി. സതീശന്
ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളിക്ക് ആശ്വാസവും സാന്ത്വനവും പ്രതീക്ഷയുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. ജനങ്ങള്‍ക്ക് സ്വന്തമായിരുന്നു, അദ്ദേഹം അനുസ്മരിച്ചു.
ജനഹൃദയം കീഴടക്കിയ നേതാവ്: കെ. സുധാകരന്
സ്നേഹം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ പൊതുപ്രവര്‍ത്തകനെയാണ് ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ നഷ്ടമായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. ഓരോ പടവും നടന്ന് കയറുമ്പോഴും സാധാരണക്കാരനോട് ഒപ്പം നില്‍ക്കാനും അവരെ തിരിച്ചറിയാനുള്ള കഴിവും സൗമ്യമായ പെരുമാറ്റവും അദ്ദേഹത്തെ കൂടുതല്‍ ജനകീയനാക്കി മാറ്റി, സുധാകരന് പറഞ്ഞു.
നഷ്ടപ്പെട്ടത് ജനകീയമുഖം: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ
കേരളത്തിന് നഷ്ടമായത് ഏറ്റവും സ്വീകാര്യതയുള്ള ജനകീയമുഖമാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. രോഗബാധിതനായിരിക്കുമ്പോള്‍ പോലും അദ്ദേഹത്തെ അലട്ടിയിരുന്നത് സാധാരണക്കാരന്റെ കണ്ണുനീരും ക്ലേശവുമായിരുന്നു. അദ്ദേഹത്തിന്റെ പൊതുജീവിതം ഏറ്റവും മാതൃകാപരമായിരുന്നു. മതനിരപേക്ഷതയുടെ ഉത്തമ ഉദാഹരണമായിരുന്നു ഉമ്മന്‍ചാണ്ടി, അദ്ദേഹം അനുസ്മരിച്ചു.
മനുഷ്യസ്നേഹിയായ ഭരണാധികാരി: എം.എ. യൂസഫലി
ജനങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ച കേരളത്തിന്റെ ജനകീയനായ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് ലുലുഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. ജനകീയനും മനുഷ്യസ്നേഹിയുമായ ഒരു ഭരണാധികാരികൂടിയായിരുന്നു അദ്ദേഹം. ജനസമ്പര്‍ക്ക പരിപാടിയില്‍ തളരാതെ മണിക്കൂറുകളോളം പ്രവര്‍ത്തിച്ച് ദുരിതമനുഭവിക്കുന്ന അസംഖ്യം ആളുകള്‍ക്കാണ് ഇതിലൂടെ അദ്ദേഹം ആശ്വാസം പകര്‍ന്നത്. പതിറ്റാണ്ടുകളായുള്ള സ്നേഹബന്ധവും സൗഹൃദവുമാണ് അദ്ദേഹവുമായി പുലര്‍ത്തി പോന്നത്. ഭരണനേതൃത്വത്തില്‍ ഇല്ലാത്തപ്പോഴും ജനക്ഷേമപരമായ അനേകം കാര്യങ്ങളാണ് അദ്ദേഹം ഏറ്റെടുത്ത് നടത്തിയതെന്നും യൂസഫലി അനുസ്മരിച്ചു.
ജനകീയ മുഖം: മെത്രാപ്പോലീത്ത തോമസ് ജെ. നെറ്റോ
ജനസേവനത്തിന്റെ ജനകീയ മുഖമാണ് ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും ലത്തീന്‍ കത്തോലിക്ക തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ. നെറ്റോ. അര നൂറ്റാണ്ട് കാലത്തെ നിസ്വാര്‍ത്ഥ സേവനത്തിലൂടെ ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടി. മുഴുവന്‍ സമയവും കര്‍മ്മനിരതനായി എല്ലാവരോടും കരുതലും കരുണയും പ്രകടമാക്കിയെന്നും അദ്ദേഹം അനുസ്മരിച്ചു.
വിദ്വേഷം ഇല്ലാതെ നേരിട്ട നേതാവ്: പത്രപ്രവര്‍ത്തക യൂണിയന്
വിമര്‍ശനങ്ങളെ വിദ്വേഷം ഇല്ലാതെ നേരിട്ട നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന കമ്മിറ്റി. മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രത്യേക പരിഗണന നല്കിയ ആളാണ് ഉമ്മന്‍ചാണ്ടിയെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറല്‍ സെക്രട്ടറി ആര്. കിരണ്‍ ബാബുവും അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
ജനവികാരം തിരിച്ചറിഞ്ഞ നേതാവ്: വിചാരകേന്ദ്രം
ജനവികാരം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനും, അതില്‍ വിജയിക്കാനും കഴിഞ്ഞ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്. കേരളത്തിലെ കോണ്‍ഗ്രസ് പ്രഭാവത്തിന്റെ പ്രതിനിധിയായിരുന്നു ഉമ്മന്‍ചാണ്ടി.
അദ്ദേഹത്തെപ്പോലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും ജീവിക്കാനും കഴിയുന്ന രാഷ്ട്രീയനേതാക്കളുടെ അഭാവം കേരളത്തിലെ പൊതുജീവിതത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. നേതൃശേഷിയുടെ കാര്യത്തില്‍ വേറിട്ട വ്യക്തിത്വമായിരുന്നു ഉമ്മന്‍ചാണ്ടി. ജീവിതകാലം മുഴുവന്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടി. പൊതുസേവനം നടത്തി സഫലമായ ജീവിതം നയിച്ച ഒരു നേതാവെന്ന നിലയ്ക്ക് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഉമ്മന്‍ചാണ്ടിക്ക് സവിശേഷ സ്ഥാനമുണ്ടെന്ന് ആര്. സഞ്ജയന് അഭിപ്രായപ്പെട്ടു.
ആരോടും ശത്രുത ഇല്ലാത്ത നേതാവ്: വെള്ളാപ്പള്ളി
രാഷ്ട്രീയത്തില്‍ ശത്രുക്കള്‍ ഒത്തിരി ഉണ്ടായിട്ടും ആരോടും ശത്രുത ഇല്ലാത്ത നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ചവച്ച ഉമ്മന്‍ ചാണ്ടി ജനഹൃദയങ്ങളില്‍ എന്നും ഉണ്ടാവും. ചെറുപ്പം മുതലേ ഉമ്മന്‍ ചാണ്ടിയുമായി അടുപ്പം ഉണ്ട്. ഒരു നേതാവ് വളര്‍ന്ന് വന്നാല്‍ താഴെയുള്ള ജനങ്ങളെ വിസ്മരിക്കും. എന്നാല്‍ ഉമ്മന്‍ ചാണ്ടി എന്നും സാധാരണക്കാര്‍ക്കൊപ്പമായിരുന്നു, വെള്ളാപ്പള്ളി പറഞ്ഞു.
ജനകീയ നേതാവിന്റെ മാതൃക: പി.കെ. കൃഷ്ണദാസ്
ജനകീയ നേതാവ് എന്ന വിശേഷണത്തിന് നൂറുശതമാനവും അര്‍ഹത നേടിയ പൊതുപ്രവര്‍ത്തകനായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ഒരു ജനകീയ നേതാവ് എങ്ങനെ ആവണം എന്നതിന്റെ ഉദാത്തവും ഉജ്വലവുമായ മാതൃകയായിരുന്നു അദ്ദേഹം, പി.കെ. കൃഷ്ണദാസ് അനുസ്മരിച്ചു.
നഷ്ടമായത് ആത്മബന്ധു: ശിവഗിരിമഠം
ശിവഗിരി മഠത്തിന്റേയും ശ്രീനാരായണ പ്രസ്ഥാനത്തിന്റേയും ആത്മബന്ധുവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും. ഗുരുദര്‍ശനം, സ്കൂള്‍തലത്തില്‍ പാഠ്യവിഷയമാക്കുന്നതില് കാണിച്ച താല്‍പ്പര്യവും ശ്രദ്ധയും ശിവഗിരി മഠത്തിന് ഒരിക്കലും മറക്കാനാവില്ല അദ്ദേഹം പറഞ്ഞു.
സമാനതകളില്ലാത്ത ജന നായകന്: മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ
ആത്മീയതയില്‍ അനുഷ്ഠിതമായ പൊതുപ്രവര്‍ത്തനത്തിന്റെ ഉടമയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന അധ്യക്ഷന്‍ മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. സമാനതകളില്ലാത്ത ജനനായകനായിട്ടാണ് ഉമ്മന്‍ചാണ്ടി അറിയപ്പെടുക. അദ്ദേഹം പറഞ്ഞു.
ചര്‍ച്ചകള്‍ക്ക് തയാറായ മുഖ്യമന്ത്രി: ഹിന്ദു ഐക്യവേദി
തികച്ചും ജനകീയനായ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ഹിന്ദു ഐക്യവേദി. ഹിന്ദു സംഘടനകള്‍ ഉന്നയിച്ച വിഷയങ്ങളോട് അനുഭാവപൂര്‍വം പ്രതികരിക്കുകയും നിരവധി തവണ പ്രശ്നപരിഹാരത്തിന് ചര്‍ച്ചകള്‍ നടത്താന്‍ തയാറാവുകയും ചെയ്ത മുഖ്യമന്ത്രി ആയിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്.വി. ബാബു പറഞ്ഞു.
കരുത്തനായ ഭരണാധികാരി: ജി. സുകുമാരന്‍ നായര്‍
ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിലൂടെ കരുത്തനായ ഭരണാധികാരിയേയും രാഷ്ട്രീയഭേദമന്യേ ഏവര്‍ക്കും ഉപകാരിയായിരുന്ന നേതാവിനെയുമാണ് നഷ്ടമായിരിക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. നായര്‍ സര്‍വീസ് സൊസൈറ്റിയുമായി എന്നും അടുത്ത ബന്ധം അദ്ദേഹം പുലര്‍ത്തിയിരുന്നു, അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷ നേതാവ്: കെസിബിസി
ജനപ്രിയനായ രാഷ്ട്രീയ സാമൂഹിക പ്രവര്ത്തകന്, ജനപ്രതിനിധി, മുഖ്യമന്ത്രി എന്നിങ്ങനെ കേരളജനതയുടെ ഹൃദയത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം വലുതാണെന്ന് കെസിബിസി. കേരളത്തെ മതനിരപേക്ഷ പാതയില്‍ നയിക്കാന്‍ ശ്രമിച്ച നേതാവായ അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ അനുശോചനം അറിയിക്കുന്നതായി കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.
എല്ലാവരേയും ബഹുമാനിച്ച നേതാവ്: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
ഭരണപക്ഷ പ്രതിപക്ഷ വേര്‍തിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കണ്ടു പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. രാഷ്ട്രീയപ്രതിയോഗികളോടുപോലും പ്രതികാരചിന്ത ഒരിക്കലും അദ്ദേഹം പുലര്‍ത്തിയിരുന്നില്ല. കേരള ജനതയെ അദ്ദേഹം സ്നേഹിച്ചു, കേരളത്തിലെ ജനം അദ്ദേഹത്തെയും. ജനപ്രിയനായ രാഷ്ട്രീയ സാമൂഹിക സേവകനായിരുന്നുഉമ്മന് ചാണ്ടിയെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: