Categories: India

എന്‍ഡിഎ എന്നാല്‍ പുതിയ ഇന്ത്യ, വികസനം, അഭിലാഷം….2014ല്‍ 38 ശതമാനം വോട്ട്, 2019ല്‍ 45 ശതമാനം…ഇനി 2024ല്‍ 50 ശതമാനം കടക്കും

2014ലെ പൊതുതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം നേടിയത് 38 ശതമാനം വോട്ടുകളാണ്. എന്നാല്‍ 2019 എത്തിയപ്പോള്‍ അത് 45 ശതമാനം വോട്ടുകളായി ഉയര്‍ന്നു. ഇനി 2024ല്‍ എന്‍ഡിഎ വോട്ടുകള്‍ 50 ശതമാനം കടക്കുമെന്നും അതിന് കാരണം സഖ്യകക്ഷികളുടെ കഠിനാധ്വാനമാണെന്നും മോദി ചൂണ്ടിക്കാട്ടി.

Published by

ന്യൂദല്‍ഹി: കാല്‍ നൂറ്റാണ്ട് പിന്നിട്ട എന്‍ഡിഎ സഖ്യം കാലത്തെ അതിജീവിച്ച മുന്നണിയാണെന്ന് മോദി. എന്‍ഡിഎയിലെ മൂന്നക്ഷരങ്ങളുടെ വിശദാംശങ്ങള്‍ മോദി വിശദീകരിച്ചപ്പോള്‍ സദസ്സില്‍ കയ്യടി. എന്‍ എന്നാല്‍ ന്യൂ ഇന്ത്യ (പുതിയ ഇന്ത്യ) ഡി എന്നാല്‍ ഡവലപ് മെന്‍റ് (വികസനം) എ എന്നാല്‍ ആസ്പിരേഷന്‍ (അഭിലാഷം).  ചൊവ്വാഴ്ച ചേര്‍ന്ന എന്‍ഡിഎ യോഗത്തിലായിരുന്നു മോദിയുടെ എന്‍ഡിഎയുടെ അര്‍ത്ഥം വിശദീകരിച്ചത്. മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി മാറുമെന്നും മോദി പറഞ്ഞു.  പ്രാദേശികമായ അഭിലാഷങ്ങള്‍ ചേര്‍ന്നുള്ള ഒരു വലിയ മഴവില്ലാണ് എന്‍ഡിഎയെന്നും മോദി പറഞ്ഞു. 

എന്‍ഡിഎ സഖ്യം മുന്നേറിക്കൊണ്ടിരിക്കുകയാണ്.എന്‍ഡിഎ എന്നത് അടല്‍ ബിഹാരി വാജ് പേയിയുടെ പാരമ്പര്യമാണ്. എല്‍കെ അദ്വാനി, ബാലാസാഹേബ് താക്കറെ, പ്രകാശ് സിങ്ങ് ബാദല്‍ എന്നിവര്‍ എന്‍ഡിഎയെ രൂപപ്പെടുത്തുന്നതില്‍ പ്രധാനപങ്ക് വഹിച്ചു.  2014ലെ പൊതുതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം നേടിയത് 38 ശതമാനം വോട്ടുകളാണ്. എന്നാല്‍ 2019 എത്തിയപ്പോള്‍ അത് 45 ശതമാനം വോട്ടുകളായി ഉയര്‍ന്നു. ഇനി 2024ല്‍ എന്‍ഡിഎ വോട്ടുകള്‍ 50 ശതമാനം കടക്കുമെന്നും അതിന് കാരണം സഖ്യകക്ഷികളുടെ കഠിനാധ്വാനമാണെന്നും മോദി ചൂണ്ടിക്കാട്ടി.  

എന്‍ഡിഎ തന്നെയാണ് അടുത്ത തവണയും സര്‍ക്കാരുണ്ടാക്കി അധികാരത്തില്‍ വരികയെന്ന് ലോകനേതാക്കള്‍ക്കെല്ലാം അറിയാം. യുഎസും യുകെയും യുഎഇയും 2024ലെ പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ച് വളരെ കാര്യമായി സംസാരിക്കുണ്ട്. അവര്‍ക്കെല്ലാം എന്‍ഡിഎ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന് അറിയാവുന്നതുകൊണ്ടാണത്. – മോദി പറഞ്ഞു. 

സാധാരണക്കാരുടെ ബുദ്ധിയെ വെല്ലുവിളിക്കുകയാണ് പ്രതിപക്ഷം. പക്ഷെ അവരെയെല്ലാം തമ്മില്‍ ഒട്ടിച്ചുനിര്‍ത്തുന്നത്  വെറും സ്വാര്‍ത്ഥലാഭമെന്ന പശയാലാണെന്ന് ജനങ്ങള്‍ക്ക് നല്ലതുപോലെ അറിയാം.  – മോദി പറഞ്ഞു.  

മഹാത്മാഗാന്ധിയും അംബേദ്കറും രാം മനോഹര്‍ ലോഹ്യയും കാട്ടിത്തന്ന സാമൂഹ്യനീതിയുടെ വഴിയിലൂടെയാണ് എന്‍ഡിഎ മുന്നോറുന്നത്. പ്രതിപക്ഷത്തായിരിക്കുമ്പോഴും എന്‍ഡിഎ പോസിറ്റീവായ രാഷ്‌ട്രീയമാണ് പിന്തുടര്‍ന്നത്. ഞങ്ങള്‍ ഒരിയ്‌ക്കലും വിദേശശക്തികളുടെ സഹായം ആവശ്യപ്പെട്ടില്ലെന്ന് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു. 

“കോണ്‍ഗ്രസ് കൂട്ടുമുന്നണിയെ സ്വന്തം നേട്ടത്തിനാണ് ഉപയോഗിച്ചത്. 1990കളില്‍ കോണ്‍ഗ്രസ് രാജ്യത്തെ അസ്ഥിരപ്പെടുത്തി. അവസരങ്ങള്‍ മുതലാക്കി കോണ്‍ഗ്രസ് സര്‍ക്കാരുകളെ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഘടകകക്ഷികളെ വലിച്ചു താഴത്തിടുകയും ചെയ്തു. എന്‍ഡിഎയെ സംബന്ധിച്ചിടത്തോളം രാജ്യമാണ് പ്രധാനം. പുരോഗതിയാണ് പ്രധാനം. രാജ്യത്തെ ജനങ്ങളുടെ ശാക്തീകരണമാണ് പ്രധാനം. സുസ്ഥിരവും സുശക്തവുമായ സര്‍ക്കാരാണ് ഇന്ത്യയില്‍ എന്നതിനാല്‍ ലോകത്തിന് ഇന്ത്യയില്‍ വിശ്വാസമുണ്ട്. ഒരു രാജ്യത്തിന് സുസ്ഥിരമായ സര്‍ക്കാരുണ്ടാകുമ്പോഴാണ് ശക്തമായ തീരുമാനമെടുത്ത് രാജ്യത്തിന്റെ ഗതിയെ മാറ്റി മറിക്കാന്‍ കഴിയുക. മറ്റൊരു യാദൃച്ഛികത അടങ്ങിയിരിക്കുന്നത് എന്‍ഡിയുടെ 25 വര്‍ഷത്തെ യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ രാജ്യം അടുത്ത 25 വര്‍ഷത്തേക്ക് വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വലിയ ചുവടുകള്‍ വെയ്‌ക്കുന്ന സമയമാണിത്. വികിസിത ഇന്ത്യയെന്ന, സ്വയം പര്യാപ്ത  ഇന്ത്യയെന്ന സ്വപ്നമാണത്.”- മോദി പറഞ്ഞു. 

പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ഞങ്ങള്‍ അന്നത്തെ സര്‍ക്കാരുകളുടെ അഴിമതികളാണ് പുറത്തുകൊണ്ടുവന്നത്. ജനഹിതത്തെ ഞങ്ങള്‍ ഒരിയ്‌ക്കലും പരിഹസിച്ചില്ല.  ഭരിയ്‌ക്കുന്ന സര്‍ക്കാരുകള്‍ക്ക് എതിരെ സഹായം ആവശ്യപ്പെട്ട് വിദേശശക്തികളെ സമീപിച്ചിട്ടില്ല. രാജ്യത്തിനുള്ള വികസന പദ്ധതികള്‍ക്ക് തടസ്സം നില്‍ക്കാനും ഞങ്ങള്‍ ശ്രമിച്ചില്ല. 

  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക