പൂച്ചാക്കല്‍: മാരകമായ അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയ പൂച്ചാക്കല്‍ തോട് ശുചിയാക്കാനും തോട് മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുവാനും തീരുമാനമായി. തൈക്കാട്ടുശേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗം വിളിച്ചു കൂട്ടിയ വ്യാപാരി വ്യവസായി യോഗത്തിലാണ് തീരുമാനം. പീലിങ് ഷെഡുകള്‍, വീടുകള്‍, കുളിമുറി എന്നിവിടങ്ങളില്‍ നിന്നും മാലിന്യം തള്ളുന്നവരെ പിടികൂടും. ഇതോടൊപ്പം വാഹനങ്ങളില്‍ വഴി കക്കൂസ് മാലിന്യം തള്ളുന്നവര്‍ക്കെതിരെ പൊലീസ് നിരീക്ഷണവും ശക്തമാക്കും.
പൂച്ചാക്കല്‍ മാര്‍ക്കറ്റില്‍ നിന്ന് തോട്ടിലേക്ക് മലിന ജലം ഒഴുക്കുന്ന കാന അടക്കും. തോട് ശുചിയാക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ്, തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരന്‍ തുടങ്ങിയവര്‍ ജില്ലാ കളക്ടറെ കണ്ടു. ഇറിഗേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ തീരുമാനമെടുക്കാമെന്ന് കളക്ടര്‍ ഉറപ്പു നല്‍കി. അമീബ മൂലമുണ്ടായ മസ്തിഷ്‌ക രോഗം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നാണ് തോട് ശുചീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: