ന്യൂദല്‍ഹി: രാജ്യസഭാംഗമായ പി.ടി. ഉഷ എംപി സന്‍സദ് ആദര്‍ശ ഗ്രാമ യോജന പ്രകാരം ദത്തെടുത്ത കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിന് വികസന പദ്ധതികളില്‍ പിന്തുണ നല്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. കേന്ദ്ര റൂറല്‍ മന്ത്രാലയത്തിനാണ് നിര്‍ദേശം നല്കിയത്. ഗ്രാമവികസനമന്ത്രാലയ ജോയിന്റ് സെക്രട്ടറി രാഹുല്‍ കശ്യപിനെ ഇക്കാര്യത്തിനായി ചുമതലപ്പെടുത്തി.
കോട്ടയം ജില്ലാ കളക്ടര്‍ അടക്കമുള്ളവരുമായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ദത്തെടുത്ത ഗ്രാമത്തില്‍ എല്ലാ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടേയും അതിവേഗത്തിലുള്ള വിജയകരമായ നിര്‍വഹണമാണ് ലക്ഷ്യം.
സന്‍സദ് ആദര്‍ശ ഗ്രാമം പദ്ധതിയില്‍ പഞ്ചായത്തിനെ തിരഞ്ഞെടുത്തതായുള്ള വിവരം പി.ടി. ഉഷ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടി. പദ്ധതിയുടെ വിശദീകരണത്തിനും ഒരുമിച്ചുള്ള പ്രവര്‍ത്തങ്ങള്‍ ആസൂത്രണം ചെയുന്നതിനുമായി എംപിയുടെ ഓഫീസുമായി ചേര്‍ന്ന് ജോയിന്റ് സെക്രട്ടറി പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് പദ്ധതി തയാറെടുപ്പുകള്‍ വിലയിരുത്തി.
വില്ലേജ് ഡെവലപ്മെന്റ് പ്ലാന്‍ ഉള്‍പ്പെടെ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് നേരിട്ട് കൈമാറണമെന്നും പദ്ധതി നേരിട്ട് വിലയിരുത്തുന്നതോടൊപ്പം ആവശ്യമായ സഹായങ്ങള്‍ അതാത് സമയങ്ങളില്‍ ലഭ്യമാക്കുമെന്നും ഉറപ്പു നല്കി. സന്‍സദ് ആദര്‍ശ ഗ്രാമം യോജനയില്‍ പി.ടി. ഉഷ എംപി തിരഞ്ഞെടുത്ത ആദ്യ പഞ്ചായത്ത് ആണ് കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്.
ജില്ലാ നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം പഞ്ചായത്തില്‍ പ്രഥമയോഗം ചേര്‍ന്നിരുന്നു. വില്ലേജ് ഡെവലപ്മെന്റ് പ്ലാന്‍ ഉള്‍പ്പെടെ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട യോഗമാണ് വരാനിരിക്കുന്നത്.
ആഗസ്തില്‍ പി.ടി. ഉഷ പള്ളിക്കത്തോടെത്തി പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, കായിക, ടൂറിസം മേഖലകളില്‍ ഉള്‍പ്പെടെ ആവശ്യമായ പിന്തുണ സഹായം നല്‍കി രാജ്യത്തെ മാതൃകാ പഞ്ചായത്ത് ആയി മാറ്റി തീര്‍ക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: