കൊച്ചി: ‘എനിക്കിന്ന് മക്കള്‍ മൂന്നല്ല. പത്തു പേരുണ്ട്. എല്ലാവരും ഞങ്ങളെ ദിവസവും വിളിക്കും. വിശേഷങ്ങള്‍ പങ്കുവയ്‌ക്കും.’ നേവിസിന്റെ പിതാവ് സാജന്‍ മാത്യുവിന്റെ കണ്ണുകള്‍ ഇതു പറയുമ്പോള്‍ ഈറനണിഞ്ഞു.
മരണാനന്തര അവയവദാനത്തിലൂടെ ഏഴ് പേര്‍ക്ക് പുതിയ ജീവിതം നല്കിയ നേവിസ് സാജന്റെ പിറന്നാള്‍ ദിനത്തില്‍ നേവിസ് പകര്‍ന്ന ജീവന്റെ തുടിപ്പുകള്‍ ഏറ്റുവാങ്ങിയവരെല്ലാം ഒത്തുചേര്‍ന്നു. കൊച്ചി അമൃത ആശുപത്രിയിലാണ് നേവിസിന്റെ അവയവങ്ങള്‍ സ്വീകരിച്ചവരും നേവിസിന്റ ബന്ധുക്കളും ഒത്തുകൂടിയത്. നേവിസിന്റെ അച്ഛന്‍ സാജന്‍ മാത്യു, അമ്മ ഷെറിന്‍ ആനി, സഹോദരങ്ങളായ എല്‍വിസ്, വിസ്മയ എന്നിവര്‍ തങ്ങളുടെ പ്രിയപ്പെട്ട നേവിസിന്റെ ജീവന്റെ തുടിപ്പുകളുമായി കഴിയുന്നവരെ കാണാനെത്തി.
നേവിസിന്റെ ഹൃദയം സ്വീകരിച്ച കണ്ണൂര്‍ സ്വദേശി പ്രേംചന്ദ്, കരള്‍ സ്വീകരിച്ച നിലമ്പൂര്‍ സ്വദേശി വിനോദ്, കൈകള്‍ സ്വകരിച്ച ബെല്ലാരി സ്വദേശി ബസവന ഗൗഡ, വൃക്ക സ്വീകരിച്ച തൃശ്ശൂര്‍ സ്വദേശി ബെന്നി, നേത്രപടലം സ്വീകരിച്ച കോട്ടയം സ്വദേശി ലീലാമ്മ എന്നിവരാണ് നേവിസിന്റെ പിറന്നാള്‍ ദിനത്തില്‍ നേവിസിന്റെ കുടുംബത്തോടൊപ്പം ഒത്തുകൂടിയത്. ഒരു വൃക്ക സ്വീകരിച്ച മലപ്പുറം സ്വദേശി അന്‍ഷിഫും നേത്രപടലങ്ങളില്‍ ഒന്ന് സ്വീകരിച്ചയാളും ഒഴികെ മറ്റെല്ലാവരും ചടങ്ങിനെത്തിയിരുന്നു. നേവിസിന്റെ ഇരുകൈകളും സ്വീകരിച്ചു ബസവന ഗൗഡ പിറന്നാള്‍ കേക്ക് മുറിച്ച് സാജനും ഷെറിനും നല്കി. സിനിമാ താരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, അമൃത ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് ആന്‍ഡ് റീ കണ്‍സ്ട്രകറ്റീവ് സര്‍ജറി വിഭാഗം ചെയര്‍മാന്‍ ഡോ. സുബ്രഹ്മണ്യ അയ്യര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
2021 സപ്തംബര്‍ 25നാണ് കോട്ടയം കളത്തിപ്പടി പീടികയില്‍ വീട്ടില്‍ നേവിസ് സാജന്‍ മാത്യുവിന് (25) മസ്തിഷ്‌ക്കമരണം സംഭവിച്ചത്. അസുഖത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ നേവിസിനെ സപ്തംബര്‍ 19ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യ നിലയില്‍ മാറ്റമില്ലാതെ വന്നതിനെത്തുടര്‍ന്ന് സപ്തംബര്‍ 20ന് ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ 25ന് പുലര്‍ച്ചെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്നാണ് നേവിസിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കേരളത്തിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്ന ഏഴ് പേര്‍ക്കാണ് ഇതിലൂടെ പുതിയ ജീവിതം ലഭിച്ചത്.
ഇരു കൈകളും അപകടത്തില്‍ നഷ്ടപ്പെട്ടിരുന്ന ബസവന ഗൗഡയ്‌ക്കു നേവിസിന്റെ കൈകള്‍ നല്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയ നടത്തിയത് കൊച്ചി അമൃത ആശുപത്രിയിലായിരുന്നു. അതുകൊïാണ് പിറന്നാള്‍ ആഘോഷത്തിന് അമൃത ആശുപത്രി വേദിയൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: