ആതിര വി.വി
ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പായി പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള യോഗത്തിന് നിറംമങ്ങിയ തുടക്കം. പിളര്‍പ്പിനെത്തുടര്‍ന്ന് ദുര്‍ബലമായ എന്‍സിപിയുടെ നേതാവും പ്രതിപക്ഷത്തെ കരുത്തനുമായ ശരദ് പവാറും ദേവഗൗഡയുടെ ജെഡിയു നേതാക്കളും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നു.
ബെംഗളൂരുവിലെ താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലിലാണ് യോഗം. 24 പ്രതിപക്ഷ പാര്‍ട്ടികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. ശരദ് പവാര്‍ ഇന്നത്തെ ചര്‍ച്ചകളില്‍ പങ്കെടുത്തേക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. ദല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് പിന്തുണ ഉറപ്പായതോടെ അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും യോഗത്തില്‍ പങ്കെടുത്തു.
കോണ്‍ഗ്രസുമായി ഒരിക്കലും കൂട്ടുകൂടില്ലെന്ന് ജെഡിഎസ് നേതാക്കളായ എച്ച്.ഡി. കുമാരസ്വാമിയും എച്ച്.ഡി. ദേവഗൗഡയും വ്യക്തമാക്കിയ സാഹചര്യത്തില്‍ ജെഡിഎസിനെ ക്ഷണിച്ചത് കൊണ്ട് ഒരു ഫലവുമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ജെഡിഎസ് തീരുമാനവുമായി ബന്ധപ്പെട്ട് കുമാരസ്വാമിയെ കര്‍ണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ വിമര്‍ശിച്ചു.
മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, എംഡിഎംകെ, കെഡിഎംകെ, വിസികെ എന്നീ പാര്‍ട്ടികളെയാണ് പുതിയതായി യോഗത്തിലേക്ക് ക്ഷണിച്ചത്. ഒരു ടീമായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് മടിയാണെങ്കില്‍ ആ സഖ്യത്തിന്റെ ഭാഗാമാവാന്‍ കഴിയില്ലെന്നാണ് എഎപി നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ദല്‍ഹി സര്‍ക്കാരിനെതിരായ ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ അവസാന നിമിഷം എഎപി നേതാക്കള്‍ വാക്ക് മാറ്റുകയായിരുന്നു.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ, സിപിഎം, എന്‍സിപി, ഡിഎംകെ, എഎപി, ഝാര്‍ഖണ്ട് മുക്തി മോര്‍ച്ച, ശിവസേന (യുടിബി), രാഷ്ട്രീയ ജനതാദള്‍, സമാജ്വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, രാഷ്ട്രീയ ലോക്ദള്‍, എംഡിഎംകെ, വിടുതലൈ ചിരുതൈകള്‍ കച്ചി, കേരള കോണ്‍ഗ്രസ്, കൊങ്ങുനാട് മക്കള്‍ ദേശീയ കച്ചി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ക്കാണ് യോഗത്തിലേക്ക് ക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: