പാലക്കാട്: സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപയുടെ സ്വര്‍ണവും 23,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ഡിവൈഎഫ്ഐ മുന്‍ നേതാവും നിരവധി സ്വര്‍ണ തട്ടിപ്പ് കേസിലെ പ്രതിയുമായ അര്ജുന് ആയങ്കി പിടിയില്‍. ഇയാളുടെ സുഹൃത്തും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. മഹാരാഷ്ട്രയിലെ പൂനെയില്‍ ഒളിവില്‍ കഴിയവേയാണ് മീനാക്ഷിപുരം പോലീസ് പിടികൂടിയത്.
കേസിലെ മുഖ്യസൂത്രധാരന്‍ അര്ജുന് ആയങ്കിയാണ്. അന്വേഷണഘട്ടത്തില്‍ വിവിധയിടങ്ങളില്‍ ഒളിച്ച് താമസിച്ചിരുന്ന ആയങ്കിയുടെ ഒളിത്താവളം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് മീനാക്ഷിപുരം പോലീസ് കണ്ടെത്തിയത്. അര്‍ജുനെ അടുത്ത ദിവസം പാലക്കാട്ടെത്തിക്കും. സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി, ഡിവൈഎഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെ 13പേര് നേരത്തെ അറസ്റ്റിലായിരുന്നു.
ഏപ്രിലില്‍ 26ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. മീനാക്ഷിപുരം സൂര്യപാറയില്‍ ബസ് തടഞ്ഞുനിര്‍ത്തിയായിരുന്നു കവര്‍ച്ച. മധുരയില്‍ സ്വര്‍ണം ഡിസ്പ്ലെക്ക് കൊണ്ടുപോയി മടങ്ങിവരവെയാണ് തൃശ്ശൂര്‍ പുതുക്കാട് സ്വദേശി റാഫേല്‍ കൊച്ചപ്പന്റെ 75 പവനും പണവും മൊബൈല്‍ ഫോണും എട്ടംഗ സംഘം കവര്‍ന്നത്. സ്വകാര്യ ബസിന് കുറുകെ കാര്‍ നിര്‍ത്തി ഒരാള്‍ ബസിനകത്ത് കയറി റാഫേലിനെ വലിച്ചിഴച്ച് താഴെയിറക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് സ്വര്‍ണവും പണവും മൊബൈലും തട്ടിയെടുത്ത് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: