ന്യൂദല്‍ഹി: രാജ്യം നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2047 ആകുമ്പോഴേക്കും യുവാക്കളെ മയക്കമരുന്നില്‍ നിന്നും മോചിപ്പിക്കണമെന്നതാണ് മോദിയുടെ ലക്ഷ്യമെന്നും ഒരൊറ്റ യുവാവ് പോലും മയക്കമരുന്നിന് അടിമയാകാത്ത ഇന്ത്യയാണ് മോദിയുടെ സ്വപ്നമെന്നും അമിത് ഷാ പറഞ്ഞു.
മയക്കമരുന്ന് നിര്‍മ്മര്‍ജ്ജനം ചെയ്യാന്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും നിയമപാലകര്‍ നിരന്തരം ജാഗ്രത പുലര്‍ത്തണമെന്നും അമിത് ഷാ അഭ്യര്‍ത്ഥിച്ചു. ദല്‍ഹിയില്‍ ‘മയക്കമരുന്ന് കടത്തും ദേശീയ സുരക്ഷയും’ എന്ന വിഷയത്തില്‍ നടന്ന കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ലഹരി മരുന്നിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തുടര്‍ച്ചയായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതികരണങ്ങള്‍ അനുസരിച്ച് ഈ പ്രചാരണനയങ്ങള്‍ക്ക് മാറ്റം വരുത്താറുണ്ടെന്നും അമിത് ഷാ പറഞ്ഞു.
മോദിയുടെ നേതൃത്വത്തിലാണ് നാര്‍കോ കോഡിനേഷന്‍ സെന്‍റര്‍ (എന്‍കോഡ്) 2019ല്‍ സ്ഥാപിച്ചത്. അത് നാല് വിവിധ തലങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്നു. സംസ്ഥാനങ്ങള്‍ ലഹരിമരുന്നിന്റെ കാര്യത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഇത്തരം കേസുകള്‍ ഇഡിയ്‌ക്ക് കൈമാറണമെന്നും അമിത് ഷാ പറഞ്ഞു.
മയക്കമരുന്ന് കടത്തുകാരുടെ ധനഇടപാടുകളെപ്പറ്റി അന്വേഷിച്ച് അവരുടെ ചങ്ങല പൊട്ടിച്ചെറിയുന്നതുവരെ നമ്മുടെ പ്രചാരണപരിപാടി വിജയകരമാവില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
“മയക്കമരുന്ന് ഉപയോഗിക്കുന്നയാളെ ഇരയായി കാണണമെന്നതാണ് നമ്മുടെ സമീപനം. അതേ സമയം ഈ മയക്കമരുന്ന് വ്യാപാരം നടത്തുന്നവരെ കുറ്റവാളികളായി അടയാളപ്പെടുത്തുകയും വേണം.”- ഇക്കാര്യത്തിലെ നയം വെളിപ്പെടുത്തി അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: