ന്യൂദല്‍ഹി: ഇന്ന് രാഷ്ട്രപതി ഭവന് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗത്തിന്റെ ആചാരപരമായ ചടങ്ങില്‍ ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അധ്യക്ഷത വഹിച്ചു. 100 വര്‍ഷത്തിലേറെയായി ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ജനങ്ങള്‍ക്ക് സേവനം നല്കുന്നതില് സന്തോഷമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു.
പ്രകൃതി ദുരന്തങ്ങളിലും ആരോഗ്യ അടിയന്തര സാഹചര്യങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ റെഡ് ക്രോസ് തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാനവികതയ്ക്കുള്ള സമര്‍പ്പണത്തിനും സേവനത്തിനും സൊസൈറ്റിയിലെ എല്ലാ അംഗങ്ങളെയും സന്നദ്ധപ്രവര്‍ത്തകരെയും അവര്‍ അഭിനന്ദിച്ചു.
മനുഷ്യ സേവനത്തോടുള്ള അവരുടെ അര്‍പ്പണബോധവും അനുകമ്പയും നിസ്വാര്‍ത്ഥ മനോഭാവവും മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി മനുഷ്യരാശിയുടെ ക്ഷേമത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തുടനീളമുള്ള 100ലധികം രക്തദാന കേന്ദ്രങ്ങളിലൂടെയും മൊബൈല്‍ പ്രചാരണങ്ങളിലൂടെയും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ഇന്ത്യയുടെ രക്ത ആവശ്യകതയുടെ 10 ശതമാനം നിറവേറ്റുന്നുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ആവശ്യമുള്ളവര്‍ക്കായി സുരക്ഷിതമായി രക്തം ശേഖരിക്കുകയും സന്നദ്ധ രക്തദാന സംസ്കാരം പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. രക്തദാനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ നീക്കുന്നതിനും ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ ഈ മഹത്തായ സാമൂഹിക ലക്ഷ്യവുമായി ബന്ധിപ്പിക്കുന്നതിനും അവര്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: