തിരുവനന്തപുരം: പരസ്യവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിയില്‍ നടക്കുന്നത് വന്‍ അഴിമതി. കഴിഞ്ഞ ദിവസം പിടിയിലായ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഉദയകുമാര്‍ ഓരോ പരസ്യത്തിനും എണ്ണം പറഞ്ഞാണ് കമ്മീഷന് വാങ്ങിയിരുന്നത്. കമ്മീഷന് കൃത്യമായി നല്കാത്തവരുടെ ബില്ലുകള്‍ മാറിക്കൊടുക്കില്ല. മാത്രമല്ല ജില്ലയിലെ ഭരണകക്ഷിയിലെ രാഷ്ട്രീയ നേതാവിന്റെ പേരുപറഞ്ഞ് ഭീഷണിയുമുണ്ടാകും.
നാശത്തിന്റെ പടുകുഴിയിലേക്ക് കെഎസ്ആര്‍ടിസിയെ തള്ളിയിടുന്ന തരത്തിലാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. കെഎസ്ആര്‍ടിസി എങ്ങനെ പോയാലും കുഴപ്പമില്ല തങ്ങളുടെ പോക്കറ്റുകള്‍ കനത്തിരിക്കണമെന്നാണ് ഇവരുടെ ഉള്ളിലിരുപ്പ്. അതിനുവേണ്ടി എന്ത് തരികിടയും കാണിക്കാന്‍ ഇവര്‍ക്ക് ഒരു കുഴപ്പവുമില്ല. അതില്‍ അഗ്രഗണ്യനാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് പിടിയിലായ ഡിജിഎമ്മിന്റെ ചുമതലയിലുള്ള ഉദയകുമാര്‍. രാഷ്ട്രീയ പിടിപാടുകൊണ്ടുമാത്രമാണ് ഇയാള്‍ ഇന്ന് ഈ സ്ഥാനത്ത് എത്തിപ്പെട്ടതെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഇടയിലുള്ള സംസാരം. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്ന് കണ്ടക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇയാള്‍ സ്വാധീനങ്ങള്‍ ഉപയോഗിച്ചാണ് ഉയര്‍ന്ന പോസ്റ്റിലെത്തിയത്. ഇതിനിടെ വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദിച്ചതായും സഹകരണ ബാങ്കുകളില്‍ വന്‍ നിക്ഷേപമുള്ളതായും ആക്ഷേപമുണ്ട്.
പരസ്യത്തിന്റെയും എസ്റ്റേറ്റ് മാനേജരുടെയും പ്രത്യേക ചുമതലയുള്ള ഉദയകുമാര്‍ കമ്മീഷന് വാങ്ങുന്നതില്‍ ഒരു ദയയും കാണിക്കാറില്ല. പറഞ്ഞുറപ്പിച്ച തുക കൃത്യമായും നല്കാത്തവരെ ഭീഷണിപ്പെടുത്താനും ഇയാള്‍ മടിക്കില്ല. ജില്ലയിലെ ഭരണകക്ഷിയിലെ ഒരു നേതാവിന്റെ പേരുപറഞ്ഞാണ് ഇയാളുടെ ഭീഷണി. ആ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് ഇയാള്‍ വലിയ തുകകള്‍ ഒരു ഭയവും കൂടാതെ കൈകൊണ്ട് നേരിട്ടുവാങ്ങുന്നത്.
അഞ്ചു ലക്ഷത്തിന് മുകളില്‍ ഇ ടെന്‍ഡര്‍ ആയിരിക്കണമെന്ന നിബന്ധനകള്‍ കാറ്റില്‍ പറത്തിയാണ് ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ടെന്‍ഡര്‍ വിളിക്കുന്നത്. ഇതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ വലിയൊരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. ഓരോ ഉദ്യോഗസ്ഥനും അതിന്റെ ഗുണവും കൃത്യമായി ലഭിക്കും.
ടെന്‍ഡറുകള്‍ പലതും പത്രങ്ങളില്‍ പരസ്യം നല്‍കാറില്ല. പരസ്യ മാര്‍ക്കറ്റിങ്ങിന് കെഎസ്ആര്‍ടിസിക്ക് പ്രത്യേക വിഭാഗമുണ്ടെങ്കിലും ഏജന്‍സികള്‍ മുഖേന പരസ്യം നല്‍കാനാണ് ഉദ്യോഗസ്ഥന് താത്പര്യം. തങ്ങള്‍ക്ക് ഇഷ്ടമുള്ള ഏജന്‍സികള്‍ക്കാണ് പലപ്പോഴും കരാറുകള്‍ നല്‍കുന്നത്. ഇവരെക്കൊണ്ട് അധിക കമ്മീഷന് വാങ്ങിപ്പിച്ച ശേഷം അതില്‍ നിന്നും ഉദ്യോഗസ്ഥര്‍ പങ്ക് പറ്റും. കൂടാതെ ഓരോ ബില്ലിനും കമ്മീഷന് തുക ഉദ്യോഗസ്ഥര്‍ നേരത്തെ നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. ആ തുക കൃത്യമായി നല്‍കിയില്ലെങ്കില്‍ ബില്‍ മാറാന്‍ കഴിയില്ല. കമ്മീഷന് തുക വീതം വച്ച് നല്‍കാനുള്ളതാണെന്നും അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നുമാണ് ഉദ്യോഗസ്ഥ നിലപാട്. കമ്മീഷന് നേരിട്ട് പണമായും ബാങ്ക് അക്കൗണ്ട് വഴിയുമാണ് കൈമാറുന്നത്. കമ്മീഷന് നല്കാന് മടിക്കുന്നവര്‍ക്ക് ഉന്നത രാഷ്ട്രീയ നേതാവിന്റെ പേര് പറഞ്ഞ് ഭീഷണിയും നേരിടേണ്ടി വരുന്നു.
അറസ്റ്റിലായ ഉദയകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. 60,000 രൂപയും രേഖകളും കണ്ടെടുത്തു. വീട്ടിലെ ഇന്നോവയില്‍ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെടുത്തത്. കരാറുകാരനില്‍ നിന്ന് ബില്‍ തുക മാറി നല്കാന് ഒരു ലക്ഷം രൂപയാണ് ഉദയകുമാര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. ആദ്യം 40,000 രൂപയും പിന്നീട് 30,000 രൂപയും കൈമാറിയിരുന്നു. ബാക്കി 30,000 രൂപ കൊടുത്തില്ലെങ്കില്‍ 12 ലക്ഷത്തിന്റെ മറ്റൊരു ബി
ല്‍ മാറി നല്‍കില്ലെന്ന് ശഠിച്ചു. തുടര്‍ന്നാണ് വിജിലന്‍സില്‍ പരാതിപ്പെട്ടത്. കൈമാറിയ തുകയായിരിക്കാം വിജിലന്‍സ് കണ്ടെത്തിയതെന്ന് കരാറുകാരന് പറഞ്ഞു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ഉദയകുമാറിനെ ജഡ്ജി രാജകുമാര റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: