മുംബൈ: എന്‍സിപിയെ പിളര്‍ത്തി മഹാരാഷ്ട്രയില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമായ ശേഷം അപ്രതീക്ഷിത നീക്കവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍. ഇന്നലെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി അജിത് പവാര്‍ കൂടിക്കാഴ്ച നടത്തി.
മുതിര്‍ന്ന നേതാവും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റുമായ പ്രഭുല്‍ പട്ടേല്‍, നിയമസഭാ ഉപാധ്യക്ഷന്‍ നര്‍ഹരി സിര്‍വാല്‍, മന്ത്രിമാരായ അദിതി തത്കരെ, ദിലീപ് വല്‍സെ പാട്ടീല്‍, ഹസന് മുഷ്രിഫ്, ഛഗന്‍ ഭുജ്ബല്‍, ധനഞ്ജയ് മുണ്ടെ എന്നിവര്‍ക്കൊപ്പം മുംബൈ നരിമാന് പോയിന്റിലെ വൈ.ബി. ചവാന് സെന്ററിലായിരുന്നു കൂടിക്കാഴ്ച. അജിത് പവാര്‍ പക്ഷം എന്‍ഡിഎയിലെത്തിയ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു.
മഹാരാഷ്ട്ര നിയമസഭയുടെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് ഒരുദിവസം മുന്‍പാണ് ഈ അപ്രതീക്ഷിത നീക്കം. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. പവാറിന്റെ അനുഗ്രഹം തേടാനാണ് അദ്ദേഹത്തെ കണ്ടത്. പാര്‍ട്ടിയെ ഐക്യത്തൊടെ നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അതിന് ഒറ്റക്കെട്ടായി നല്‍ക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രഭുല്‍ പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങള്‍ പറഞ്ഞത് അദ്ദേഹം ശ്രദ്ധാപൂര്‍വം കേട്ടതായും പ്രഭുല്‍ പട്ടേല്‍ പറഞ്ഞു.
എന്നാല്‍ ചര്‍ച്ചയെക്കുറിച്ച് ശരദ് പവാര്‍ പ്രതികരിച്ചിട്ടില്ല. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍, പാര്‍ട്ടി നേതാവ് ജയേന്ദ്ര അവാദ് എന്നിവര്‍ ശരദ് പവാറിനൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തതായി പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: