പ്രാചീന കാലത്ത് ഓരോ സാധകനും യമനിയമങ്ങള്‍ അഭ്യസിക്കേണ്ടത് ആവശ്യമായിരുന്നു. അതില്‍ സത്യം, അഹിംസ, ബ്രഹ്മചര്യം, അസ്തേയം (മോഷ്ടിക്കാതിരിക്കല്‍), അപരിഗ്രഹം മുതലായവയുടെ സാധന അനിവാര്യമായിരുന്നു. അക്കാലത്തെ സാമൂഹ്യാന്തരീക്ഷത്തില്‍ ഇവ സാമാന്യ ജനങ്ങള്‍ക്കും ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതിയില്‍ അങ്ങനെ സാധിക്കുമെന്ന് തോന്നുന്നില്ല. ഇന്ന് പ്രായോഗിക പഞ്ചശീലങ്ങളുടെ പരിപാലനം ശീലമാക്കിയാല്‍ തന്നെ കാര്യം നടക്കു. അദ്ധ്വാനശീലം, മിതവ്യയത്വം, ശിഷ്ടത, സുവ്യവസ്ഥ, സഹകരണം എന്നീ പഞ്ചശീലങ്ങള്‍ നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ ശരിക്കും അലിഞ്ഞു ചേരാന്‍ സാധിച്ചാല്‍ പ്രചീനകാലത്തെ തപസ്സാധനയ്ക്കും തുല്യമായ സാധനാപരമായ മനോബലം ഉളവായി എന്ന് കരുതാം.
(1)അലസത, പ്രമാദം, സുഖലോലുപത്വം, ആഡംബരം മുതലായ കാരണങ്ങളാല്‍ മനുഷ്യന് ഇന്ന് പലമാര്‍ഗ്ഗത്തിലൂടെ വരുമാനം ഉണ്ടാക്കി ജീവിക്കുകയാണ്. ഉള്ള ശക്തിയുടെ നാലില്‍ ഒരു ഭാഗം പോലും ഉല്പാദനത്തിനു വേണ്ടി വിനിയോഗിക്കുന്നില്ല. നിഷ്ക്രിയത്വം മൂലം ശാരീരികവും മാനസികവുമായ കഴിവു ക്ഷയിക്കുന്നു. സാമ്പത്തികമായി മാത്രമല്ല, മറ്റെല്ലാ പുരോഗതിയുടെയും വഴി അടയുന്നു. അദ്ധ്വാനം ഇല്ലാതെ ശരീരത്തിന്റെ ശക്തിയും ആരോഗ്യവും നിലനില്ക്കുകയില്ല. അദ്ധ്വാനിക്കാതെ ഉല്പാദനവും സാദ്ധ്യമല്ല. അദ്ധ്വാനിക്കാതിരിക്കുന്നതിലാണ് വലിപ്പം എന്ന് സ്ത്രീപുരുഷന്മാര് ഭാവിച്ചു തുടങ്ങിയത് മൂലമാണ് സമൂഹത്തില്‍ വ്യാജപ്രകടനം വളര്‍ന്നത്. പണിയെടുക്കാതെ, അഥവാ ആവുന്നത്ര കുറച്ചു പണിയെടുത്ത് ആവുന്നത്ര കൂടുതല്‍ കൈവശപ്പെടുത്താനുള്ള പ്രവണത സമൂഹത്തെ വികലാംഗരെപ്പോലെ ആക്കിത്തീര്‍ക്കുകയാണ്.
ഈ ഭയാനക സ്ഥിതി മനസ്സിലാക്കി സന്നദ്ധതയോടും തന്മയചിത്തത്തോടും അദ്ധ്വാനിക്കുന്ന ദിനചര്യ സ്വീകരിച്ചു സമയം സദുപയോഗപ്പെടുത്തിയാല് ഉള്ള സമയവും സാധനങ്ങളും ഉപയോഗിച്ച് പുരോഗമനപരമായ അനേകം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും.
(2) അപവ്യയം ഇന്നത്തെ രണ്ടാമത്തെ അഭിശാപമാണ്. ദുശ്ശീലങ്ങളിലും, ഫാഷന്‍, ചമയം മുതലായ ആഡംബരങ്ങളിലും ചെലവഴിക്കുന്ന ധനം ലാഭിച്ചാല്‍ തന്റെയും മറ്റുള്ളവരുടെയും അനേകം കാര്യങ്ങള്‍ സാധിക്കാനാവും. പാഴ്ചെലവിനു പരിധി ഒന്നുമില്ല. അത് എത്രവേണമെങ്കിലും ആകാം. ഇതിലേക്കുള്ള മോഹം ഉളവായിക്കഴിഞ്ഞാല് സാമാന്യ പരിശ്രമവും കഴിവും കൊണ്ട് ഇത് പൂര്‍ത്തീകരിക്കാന്‍ ആവില്ല. അപ്പോള്‍ നെറികേടിനെയും ദുഷ്പ്രവൃത്തികളെയും ആശ്രയിക്കേണ്ടിവരുന്നു. ഈ സമ്പദ് പ്രദര്‍ശനം കൊണ്ട് ഒരു കാലത്ത് ആര്‍ക്കെങ്കിലും ബഹുമാനം ലഭിച്ചിരുന്നിരിക്കാം, എന്നാല്‍ ഇപ്പോള്‍ ഇതുമൂലം അസൂയ ആണ് ഉണ്ടാകുന്നത്. ഇതിന്റെ ഫലമായി കൃത്രിമമായി അയാളെപ്പോലെ ചമയാനോ അയാളെ താഴ്ത്തി കാണിക്കാനോ ഉള്ള പ്രതിക്രിയ കാണപ്പെടുന്നു. ‘ലളിത ജീവിതം, ഉന്നത ചിന്ത’’എന്ന ആദര്‍ശം ഒരു തരത്തില്‍ സമാപിച്ചു വരികയാണ്. അപവ്യയം കഴിഞ്ഞു എന്തെങ്കിലും ശേഷിച്ചെങ്കിലല്ലേ ഉദാരത ചരിതാര്ത്ഥമാക്കാനുള്ള അവസരം ലഭിക്കൂ?
(3) ‘ശാലീനത വില കൊടുക്കാതെ ലഭിക്കുന്നു, എന്നാല്‍ ശാലീനത കൊണ്ട് എന്തും വാങ്ങാനാവും’, എന്നത് വളരെ വിലപ്പെട്ട ഒരു വാക്യമാണ്. ശാലീനത ശീലിച്ചവരുടെ വീട്ടില്‍ ഒരിക്കലും കലഹം ഉണ്ടാകുകയില്ല. സൗമനസ്യം നിറഞ്ഞ സ്വര്‍ഗ്ഗീയാന്തരീക്ഷം അവിടെ വാഴുന്നതാണ്. ശാലീനനായ വ്യക്തിയുടെ മിത്രങ്ങളും സഹപ്രവര്‍ത്തകരും അനായാസം വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു. അതേ സമയം അശിഷ്ട വ്യക്തി സ്വന്തക്കാരെയും അന്യരാക്കുന്നു. ജീവിതം സഫലമാക്കുന്നതില്‍ ശാലീനതയ്ക്കു അസാമാന്യമായ പങ്കുണ്ട്.
(4)സുവ്യവസ്ഥ എന്നതിന്റെ അര്‍ത്ഥം തന്റെ സമയം, പരിശ്രമം, ഏകാഗ്രത, ജീവിതചര്യം, ശീരീരികമായ കഴിവ് മുതലായവയിലൂടെ എല്ലാ ക്രമീകൃതമായ ആസൂത്രണം എന്നാണ്. ഇവയെല്ലാം അലങ്കോലപ്പെടാതെ സംരക്ഷിച്ചു കഴിവതും കൂടുതല്‍ സമയം വരെ പ്രയോജനപ്പെടുത്തത്തക്കവണ്ണം സൂക്ഷ്മതയോടെ ആസൂത്രണം ചെയ്യണം. സ്വഭാവത്തില്‍ സുവ്യവസ്ഥയുടെ കാഴ്ചപ്പാടു ഉണ്ടെങ്കില്‍ മാത്രമേ ഈ പ്രക്രിയ നടപ്പിലാകൂ. പൊതുജന പ്രവര്‍ത്തനത്തിലെ ഏറ്റവും വലിയ സല്ഗുണമാണിത്. ഇതിനെ സംരക്ഷിക്കുവാനും, സദുപയോഗപ്പെടുത്തുവാനും കഴിയുന്ന വ്യക്തി ഗുണവാനായി കണക്കാക്കപ്പെടും. അയാളെ ആരും മാനിക്കുകയും ചെയ്യും. ശരിയായ ക്രമീകരണം തന്നെയാണ് സൗന്ദര്യം. ഇതിന് കലാകൗശലമെന്നും പറയാം. തന്നെ മാത്രമല്ല, തന്റെ സമൂഹത്തെയും കൂടി വ്യവസ്ഥയിലും ചിട്ടയിലും കഴിയുവാന്‍ സന്നദ്ധമാക്കാന്‍ ആവുന്നവരാണ് മാനേജര്‍, ഗവര്‍ണര്‍, ഡയറക്ടര്‍ എന്നിവരെപ്പോലുള്ള മഹത്വപൂര്‍ണ്ണമായ പദവിക്കു അര്‍ഹരാകുന്നത്. പുരോഗതിയുടെ മുഖ്യമായ അടിസ്ഥാനം ഇതാണ്.
(5) അഞ്ചാമത്തെ പഞ്ചശീലമാണ് സഹകരണം അതായത് കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുക പരസ്പര പരാമര്‍ശത്തോടെ കാര്യങ്ങള്‍ നടക്കുന്നതില്‍ ശ്രദ്ധിക്കുക. ഉദാരതാപൂര്ണ്ണമായ സഹകരണം തന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും വ്യവസ്ഥപ്പെടുത്തിക്കഴിയുമ്പോള് മാത്രമേ കുടുംബത്തിലും, ജോലിയിലും, പൊതുജനങ്ങളുമായുള്ള പെരുമാറ്റത്തിലും സാമഞ്ജസ്യം സൃഷ്ടിക്കാന്‍ ആവുകയുള്ളൂ. ഒറ്റപ്പാടില്‍ കഴിയുന്നവര്‍ക്ക് സമൂഹബന്ധമില്ലാതെ, ഉപേക്ഷിതരായി കഴിയേണ്ടി വരുന്നു. അവരുടെ ജീവിതം വിരസതയിലും നൈരാശ്യത്തിലും മുഴുകി കഴിയുന്നു. സങ്കുചിതമായ സ്വാര്‍ത്ഥതയില്‍ ബന്ധിക്കപ്പെട്ടു നിഷ്ഠൂരസ്വഭാവക്കാരായി കഴിയുന്നവര്‍ക്ക് സ്നേഹം, സഹകരണം, ബഹുമാനം എന്നിവ നേടാനുള്ള അവസരം ലഭിക്കുന്നതല്ല.
വലിയ കാര്യങ്ങള്‍ സംയുക്തശക്തി കൊണ്ടാണ് സാദ്ധ്യമാകുന്നത്. ദേവന്മാരുടെ സംയുക്തശക്തിയാല് ദുര്‍ഗ്ഗ ആവിര്‍ഭവിച്ച കഥ സര്‍വ്വവിദിതമാണ്. സങ്കുചിതമായ സ്വാര്‍ത്ഥതയുടെ സ്ഥാനത്ത് ഉദാരതാപൂര്ണ്ണമായ സഹകരണശീലം ഉണര്‍ത്തി അപ്രകാരം പ്രവര്‍ത്തിച്ചാല്‍ മാത്രമേ സംഘശക്തി ഉണരുകയുള്ളൂ. സമര്‍ത്ഥരായ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നാലും സഹകരണം ഇല്ലാതിരുന്നാല്‍ ഒരു സ്ഥാപനത്തിനും വളരാനോ, ഒരു വ്യവസായത്തിനും പുരോഗമിക്കാനോ സാധിക്കുകയില്ല.
ദുര്‍ഗ്ഗുണങ്ങളെ വെടിയാനും, അവയുടെ സ്ഥാനത്ത് ഔദാര്യപൂര്‍ണ്ണമായ രീതി അവലംബിക്കാനും സാധിച്ചാല്‍ മനുഷ്യന്റെ അന്തസ്സിനു ചേര്‍ന്ന മര്യാദയുടെ പരിപാലനം നടപ്പിലായെന്നും, സന്തോഷപൂര്‍വ്വം എങ്ങനെ ജീവിക്കാമെന്നുള്ളതിന്റെ രഹസ്യം പിടികിട്ടിയെന്നും കരുതാം. ഇത്തരം ആളുകളാണ് സ്വയം ധന്യരാകുകയും, തങ്ങളുടെ സമയത്തെയും, കുടുംബത്തെയും, അന്തരീക്ഷത്തെയും ധന്യമാക്കുകയും ചെയ്യുന്നത്. പ്രായോഗികമായ ധര്മ്മധാരണയുടെ പരപാലനം ഇത്രയും ചുരുങ്ങിയ സല്‍ഗുണങ്ങളെ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചാല്‍ തന്നെ സാദ്ധ്യമാകും.
ഈ സദ്ഗുണങ്ങളെ തങ്ങളുടെ കാഴ്ചപ്പാടിലേക്കും, സ്വഭാവത്തിലേക്കും, പ്രവര്‍ത്തനത്തിലേക്കും പകര്‍ത്താനുള്ള ഏറ്റവും നല്ല അവസരം കുടുംബത്തിലാണ് ലഭിക്കുന്നത്. വീട്ടിലെ ആവശ്യമായ കാര്യങ്ങളെല്ലാം കുടുംബത്തിലെ എല്ലാ അംഗങ്ങളും ചേര്‍ന്ന് സഹകരണത്തോടെ നിറവേറ്റുകയും, ഉത്സാഹത്തെ പ്രശംസിക്കുകയും ഉപേക്ഷയ്ക്ക് ശകാരിക്കുകയും ചെയ്യുകയാണെങ്കില്‍ ഇത്ര ചെറിയ പരിവര്‍ത്തനം മൂലം വീട്ടിലെ ഓരോ അംഗത്തെയും സംസ്ക്കാരസമ്പന്നരാക്കാനുള്ള അവസരം ലഭിക്കുന്നതാണ്. കുടുംബമാകുന്ന സ്ഥാപനം തന്നെ നവരത്നങ്ങളുടെ ഖനി ആയിത്തീരും. വീട്ടില്‍ സദ്ഗുണങ്ങള്‍ ശീലിക്കുന്നവര്‍ക്ക് ആളുകളോടു ശാലീനതയോടെ പെരുമാറാനും പകരം ഉത്സാഹപൂര്‍ണ്ണമായ സഹായം അനായാസം നേടുവാനും സാധിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: