കോട്ടയം: ആരും കാണാത്തത് കാണാനും കേള്‍ക്കാത്തത് കേള്‍ക്കാനുമുള്ള ഉള്‍ക്കാഴ്ച വളര്‍ത്തിയെടുക്കുന്നതാവണം വിദ്യാഭ്യാസമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. അങ്ങനെയുള്ളവരാണ് യഥാര്‍ത്ഥ നേതാക്കള്‍. കോട്ടയം ബസേലിയസ് കോളജിന്റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം ജീവിതവുമായി ബന്ധപ്പെട്ടുള്ളതാവണം. വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത് എന്ത് ചെയ്യണം, എന്ത് പറയണം, എപ്പോള്‍ പറയണം എന്ന് വിവേചിച്ചറിയാനുള്ള ശേഷിയാണ്. വജ്രജൂബിലിയോടനുബന്ധിച്ച് കോളജ് സെലക്ഷന്‍ കമ്മിറ്റി കണ്ടെത്തുന്ന ഏറ്റവും മികച്ച വിദ്യാര്‍ത്ഥിക്ക് 50,000 രൂപയുടെ വജ്രജൂബിലി അവാര്‍ഡ് നല്കാന്‍ സന്നദ്ധനാണെന്നും സി.വി. ആനന്ദബോസ് പറഞ്ഞു. ബംഗാളില്‍ വജ്രജൂബിലി ആഘോഷിച്ച കലിംപോങ് കോളജും ബസേലിയസ് കോളജും ചേര്‍ന്ന് സഹകരിക്കുന്നതിന് അവസരമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബസേലിയസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷനായി. രാജ്യത്തിന്റെ സംസ്‌കാരത്തില്‍ ഊന്നിയുള്ള വിദ്യാഭ്യാസത്തിലൂടെ മതസ്പര്‍ദ്ധയുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓര്‍ത്തഡോക്‌സ് സഭാ കോളജുകളുടെ മാനേജര്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം അനുഗ്രഹ പ്രഭാഷണം നടത്തി. തോമസ് ചാഴിക്കാടന്‍ എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ബിജു തോമസ്, ഡയമണ്ട് ജൂബിലി സെലിബ്രേഷന്‍സ് ജന. കണ്‍വീനര്‍ ഡോ. ജ്യോതിമോള്‍.പി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: