ലണ്ടന്‍ : വിംബിള്‍ഡണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് കിരീടം ചെക്ക് താരം മര്‍കേറ്റ വോന്‍ഡ്രോസോവയ്ക്ക് .ടുണീഷ്യയുടെ ഒന്‍സ് യാബ്യൂറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വോന്‍ഡ്രോസോവ പരാജയപ്പെടുത്തിയത്. സ്കോര്‍ 6-4, 6-4.
വോന്‍ഡ്രോസോവയുടെ ആദ്യ ഗ്രാന്സ്ലാം കിരീടമാണിത്. വിംബിള്‍ഡണില്‍ സീഡ് ചെയ്യപ്പെട്ടിരുന്നില്ല. ടോക്കിയോ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവാണ് 24കാരിയായ താരം. നേരത്തേ 2019ല്‍ ഫ്രഞ്ച് ഓപ്പണില്‍ ഫൈനലിലെത്തിയിരുന്നു.
ഗ്രാന്സ്ലാം സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കന്‍ അറബ് വനിതയെന്ന നേട്ടത്തിനായി കോര്‍ട്ടിലിറങ്ങിയ 28കാരിയായ ഒന്‍സ് യാബ്യൂറിന് സ്വപ്നം സാക്ഷാത്കരിക്കാനായില്ല. നിലവിലെ ചാമ്പ്യന്‍ എലേന റിബാക്കിന, രണ്ട് തവണ വിംബിള്‍ഡണ്‍ ചാമ്പ്യനായ പെട്രാ ക്വിറ്റോവ, രണ്ടാം സീഡും ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനുമായ അറീന സബലെങ്ക തുടങ്ങിയവരെയെല്ലാം പരാജയപ്പെടുത്തിയാണ് ഒന്‍സ് യാബ്യൂര്‍ ഫൈനലിലെത്തിയത്. എന്നാല്‍ കലാശക്കളിയില്‍ മര്‍കേറ്റ വോന്‍ഡ്രോസോവയുടെ മുന്നില്‍ അടിയറവ് പറയുകയായിരുന്നു.
അതേസമയം വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് ഫൈനല്‍ ഞായറാഴ്ച നടക്കും.നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ നൊവാക് ജോകോവിച്ച് ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍കാരസുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: