പനമറ്റം: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുമ്പിലെ കൂറ്റന്‍ വാകമരം വിദ്യാര്‍ത്ഥികള്‍ക്കും സമീപത്തെ കടകള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാവുന്നു. സ്‌കൂളിന് മുന്‍പിലെ മണ്‍തിട്ടയില്‍ സുരക്ഷിതമല്ലാതെയാണ് മരം നില്‍ക്കുന്നത്.
റോഡില്‍ നിന്ന് 10 അടിയോളം ഉയരമുള്ള തിട്ടയില്‍ നില്‍ക്കുന്ന ഈ വാകമരം ശക്തമായ കാറ്റടിച്ചാല്‍ ഏതു സമയവും കടപുഴകി വീഴാവുന്ന അവസ്ഥയിലാണ്. കൂരാലി-തമ്പലക്കാട് റോഡിന്റെ ഓരത്ത് പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന വാകയ്‌ക്ക് നൂറു വര്‍ഷമെങ്കിലും പഴക്കമുണ്ട്. റോഡ് വികസനത്തിനായി മണ്ണെടുത്ത് മാറ്റിയതോടെയാണ് പൊക്കമുള്ള മണ്‍തിട്ട രൂപപ്പെട്ടത്. തിട്ടയില്‍ നില്ക്കുന്ന വാകമരത്തിന്റെ ഒരു വശത്തെ വേരുകളും മണ്ണിനൊപ്പം നീക്കം ചെയ്തിരുന്നു.
വാഹന യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും വാകമരം ഭീഷണിയാണ്. ഇപ്പോള്‍ തന്നേ ഉണങ്ങിയ ചെറു ശിഖരങ്ങള്‍ പതിക്കാറുണ്ട്. അപകടഭീഷണി മനസിലാക്കി മരം മുറിച്ചുമാറ്റുന്നതിന് അധികാരികള്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക