മേഘം എല്ലായിടത്തും ഒരുപോലെയാണ് വര്‍ഷിക്കുന്നത്, പക്ഷേ എവിടെ എത്രമാത്രം ആഴമുണ്ടോ അവിടെ അത്രയും ജലം സംഭരിക്കപ്പെടുന്നു. മഴയുടെ അനുഗ്രഹം മൂലം വിസ്തൃതമായ ഭൂപ്രദേശങ്ങളില്‍ പച്ചകള്‍ മുളയ്ക്കുകയും അലയാടുകയും ചെയ്യുന്നു; എന്നാല്‍ മരുഭൂമികളിലും പാറപ്പുറങ്ങളിലും ഒരു പുല്‍ത്തുമ്പുപോലും മുളച്ചുകാണുന്നില്ല. മേഘത്തിന്റെ പക്ഷപാതമല്ല, ഭൂമിയുടെ ഊഷരത ആണ് ഇതിനു പ്രധാന ഉത്തരവാദി.
കഴുകാത്ത തുണിയിന്മേല്‍ എങ്ങനെയാണ് ശരിക്കും നിറം പിടിപ്പിക്കുക? ഉരുകാതെ എങ്ങനെയാണ് വാര്ക്കാനാകുന്നത്? മലമൂത്രങ്ങള്‍ പുരണ്ട കുട്ടിയെ കഴുകി വൃത്തിയാക്കിയതിനു ശേഷമാണ് മാതാവ് മടിയില്‍ ഇരുത്തുന്നത്. കലക്കുവെള്ളം ആരെങ്കിലും കുടിക്കാന്‍ ഉപയോഗിക്കുമോ? മലിനമായ കണ്ണാടിയില്‍ എങ്ങനെയാണ് മുഖം കാണുക? എരിയുന്ന തീക്കനലിന്മേല് ചാരം മൂടിക്കഴിഞ്ഞാല്‍ ചൂടോ പ്രകാശമോ അനുഭവപ്പെടുകയില്ല. മേഘങ്ങള്‍ മൂടിക്കഴിഞ്ഞാല്‍ സൂര്യചന്ദ്രന്മാര്‍ക്കുപോലും തങ്ങളുടെ പ്രകാശം ഭൂമിയില്‍ എത്തിക്കാന്‍ കഴിയുകയില്ല. മൂടല്‍മഞ്ഞു പരന്നു കഴിയുമ്പോള്‍ പകല്‍ സമയത്തും ഏകദേശം രാത്രിയിലേതു പോലുള്ള ഇരുട്ടു വ്യാപിക്കുകയും അല്പം ദൂരെയുള്ള വസ്തുക്കളെപ്പോലും തിരിച്ചറിയാനാവാതെ വരികയും ചെയ്യുന്നു. ഈ ഉദാഹരണങ്ങള്‍ നോക്കുമ്പോള്‍ മനുഷ്യന് അത്യാഗ്രഹത്തിന്റെ കൈവിലങ്ങിലും വ്യാമോഹത്തിന്റെ കാല്വിലങ്ങിലും അഹങ്കാരത്തിന്റെ ചങ്ങലയിലും ബന്ധിക്കപ്പെട്ടു കഴിയുന്നതായാല്‍ അവന്റെ സകല കഴിവുകളും വിലകെട്ടതായി പോകുമെന്ന് അനുമാനിക്കാനാവും. ബന്ധനത്തൊഴിലാളികള്‍ കയറില്‍ കെട്ടിയ മൃഗങ്ങളെപ്പോലെ ഗതികെട്ടവരും അസഹായരുമായി കഴിയുന്നു. അവര്‍ക്ക് തങ്ങളുടെ മൗലികശക്തി നഷ്ടപ്പെടുകയും ആരുടെ ബന്ധനത്തില്‍ കഴിയുന്നുവോ അവര്‍ ആജ്ഞാപിക്കുന്നതുപോലെ ചെയ്യാനും പ്രവര്‍ത്തിക്കാനും ബാദ്ധ്യസ്ഥാരാകുകയും ചെയ്യുന്നു. മരപ്പാവകള്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരം അനങ്ങാനോ ചാടാനോ പറ്റത്തില്ല. പാവക്കൂത്തുകാരന്‍ മാത്രമാണ് ചാടിക്കുകയും കൂത്താടിക്കുകയും ചെയ്യുന്നത്.
ചീത്തസംസ്ക്കാരങ്ങളുടെയും ദുഷിച്ച ആചാരങ്ങളുടെയും സംയുക്ത സമ്മര്‍ദ്ദം മനുഷ്യനു ശരിയായ ചിന്തനം അവലംബിക്കാനുള്ള മാര്‍ഗ്ഗത്തില്‍ തടസ്സമായി നില്‍ക്കുകയും ഉല്‍കൃഷ്ടമായ മാര്‍ഗ്ഗത്തില്‍ അനായാസം സാദ്ധ്യമാകുന്ന പുരോഗതി വല്ലാതെ തടസ്സപ്പെടുകയും ചെയ്യുന്നു. ‘ഉയരൂ’ എന്നു അന്തഃകരണം പറയുന്നു, പക്ഷേ തലയില്‍ വ്യാപിച്ചു കിടക്കുന്ന ദുഷ്പ്രവണതകളുടെ ആകാശംപോലെ വിസ്തൃതമായ നരകം താഴേക്കു വീഴാന്‍ ബലം പ്രയോഗിക്കുന്നു. തല്‍ഫലമായി മനുഷ്യന് ത്രിശങ്കുവിലെന്നപോലെ വായുവില്‍ തൂങ്ങിക്കിടക്കുന്നു. അവനു എന്തു സംഭവിക്കും, ഭാവി എങ്ങനെ ആയിത്തീരും എന്ന സന്ദിഗ്ദ്ധാവസ്ഥ തുടരുകയും ചെയ്യുന്നു.
ഈ പ്രബലമായ സന്ദിഗ്ദ്ധാവസ്ഥയില്‍ നിന്നു മോചനം നേടാന്‍ ഒരു വഴിയേ ഉള്ളൂ അതായത് തലയില്‍ വഹിച്ചുകൊണ്ട് നടക്കുന്ന ദോഷദുര്ഗ്ഗുണങ്ങളാകുന്ന പാറക്കെട്ടുകളുടെ ചുമടു ഏതു വിധേനയും ഇറക്കി കളയുക. അല്ലാത്തപക്ഷം ഇത്ര ഭാരിച്ച വൈഷമ്യങ്ങളുടെ ചുമടും തലയില്‍ വച്ചുകൊണ്ട് കുറച്ചു ദൂരം പോലും മമ്പോട്ടു നടക്കാനാവില്ല. വിഷയ വാസനകള്‍ മനുഷ്യനെ ചെറുനാരങ്ങമാതിരി പിഴിഞ്ഞെടുക്കുന്നു. ജീവിതത്തിലെ ആരോഗ്യം, സന്തുലനം, ആയുസ്സ് മുതലായവ എല്ലാം പിഴിഞ്ഞെടുത്തു അവനെ തൊണ്ടുപോലെ നിസ്തേജനാക്കിത്തീര്ക്കുന്നു.
അത്യാഗ്രഹങ്ങളാകുന്ന ഗര്‍ത്തം രാവണന്, ഹിരണ്യകശിപു, വൃത്രാസുരന് എന്നിവരെപ്പോലുള്ള പരാക്രമശാലികള്‍ തങ്ങളുടെ സമസ്ത പൗരുഷവും പ്രയോഗിച്ചിട്ടും നികത്താന്‍ കഴിയാത്തതായ അത്ര അഗാധമാണ്. അലക്സാണ്ടറെപ്പോലുള്ള വിജയവീരന്മാരും കൈമടക്കി വരികയും കൈയ് മലര്‍ത്തി പോകുകയും ചെയ്തു. അഹങ്കാരം കാട്ടാനുള്ള ഔദ്ധത്യത്തില്‍ ലോകത്തെ ആകമാനം വെല്ലു വിളിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത ഒരു കാലത്തെ ഭീകരരാക്ഷസന്മാരില് ആരെയും തന്നെ ഇന്നു കാണാനില്ല. രാജാക്കന്മാരുടെ മണിമുക്തകങ്ങള് പതിച്ച കിരീടങ്ങളും സിംഹാസനങ്ങളും എവിടെ പൊടി പുരണ്ടു കിടക്കുകയാണെന്നു അറിയില്ല. ഈ ദുര്‍വൃത്തികളെല്ലാം തന്നെ മനുഷ്യന്റെ മേല്‍ ലഹരി മാതിരി വ്യാപിച്ചിരിക്കുന്നതും അവന്റെ അതി വിലപ്പെട്ട ജന്മം പാഴാക്കി കളയുവാനായി തെറ്റായ മാര്‍ഗ്ഗത്തിലൂടെ നയിക്കുന്നതുമായ പൈശാചിക ദുഷ്പ്രവണതകളുടെ ചെയ്തികളാണ്.
സ്വാര്ത്ഥമല്ലാതെ സാദ്ധ്യമാക്കാനുള്ള അഭിനിവേശം യഥാര്‍ത്ഥത്തില്‍ അനര്‍ത്ഥമല്ലാതെ മറ്റൊന്നും നേടാന്‍ അനുവദിക്കുകയില്ല. യാതൊന്നില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ ജലത്തിന്റെ സ്ഥാനത്ത് സ്ഥലവും സ്ഥലത്തിന്റെ സ്ഥാനത്ത് ജലവും കാണപ്പെട്ടുവോ, അപ്രകാരമുള്ള മാന്ത്രികക്കൊട്ടാരം പോലെയുള്ള സ്ഥിതിയാണ് ഉളവാകുന്നത്. ചെയ്യേണ്ടവ അവഗണിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. തങ്ങളുടെ ചാതുര്യത്തിന്റെ വീമ്പടിക്കുന്നവര്‍ ചെയ്യരുതാത്ത കാര്യങ്ങള്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നു. ഈ മനഃസ്ഥിതിക്കു വ്യാമോഹത്തിന്റെ സമ്മോഹനമെന്നല്ലാതെ മറ്റെന്തു പേരാണ് പറയുക? ഈ ദുര്ഗ്ഗതിയും ദുര്‍ഗ്ഗന്ധവും നിറഞ്ഞ ദുര്ദ്ദശയാണോ മനുഷ്യജീവിതത്തിന്റെ വിധി?
എന്തുമാകട്ടെ, പക്ഷേ സാമാന്യ മനുഷ്യന് സ്വേച്ഛയോടെ ആയാലും വിവശതയോടെ ആയാലും ഈ പരിതഃസ്ഥിതികളില്‍ ജീവിക്കാന്‍ അഭ്യസ്തനായി കാണപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. നഷ്ടത്തെ ലാഭമായും ലാഭത്തെ നഷ്ടമായും കണക്കാക്കുന്നവര്‍ ദുര്ഗ്ഗതിക്കും പാത്രീഭവിക്കുക തന്നെ ചെയ്യും. ഇതു തന്നെയാണ് ഇന്ന് ഭൂരിഭാഗം ആളുകളിലും കണ്ടു വരുന്നത്.
അളിഞ്ഞ ഓടകളില്‍ വളരുകയും പെരുകുകയും ചെയ്യുന്ന പുഴുക്കള്‍ക്ക് തങ്ങളുടെ സ്ഥിതിയുടെ ദയനീയത അനുഭവപ്പെടുന്നതേ ഇല്ല എന്നതാണ് അത്ഭുതം. പുഴുവിന്റെ സ്ഥിതിയിലാണ് കഴിയുന്നതെങ്കിലും അതില്‍ നിന്ന് മോചനം നേടി പൂക്കളിന്മേല്‍ പറന്നു കളിക്കുന്ന ചിത്രശലഭത്തെപ്പോലെ ആകാനുള്ള ഭാഗ്യം കാംക്ഷിക്കുകയും ചെയ്യുന്ന ചിന്താഗതി പോലും ഉളവാകുന്നില്ല. അഭിലാഷം തന്നെ മരിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഉല്‍കര്‍ഷത്തിനുള്ള ചേഷ്ടകള്‍ എവിടെ നിന്നു എങ്ങനെ ഉയരാനാണ്?
മാനവജീവിതത്തിലെ ഏറ്റവും ശ്രേഷ്ഠമായ പ്രയത്നവും ഏറ്റവും വലിയ സൗഭാഗ്യവും ഒന്നുതന്നയാണ് അതായത് തന്റെ നികൃഷ്ടമായ മനഃസ്ഥിതി ഉപേക്ഷിക്കുക, തെറ്റായ ചിന്താഗതിയും ദുഷിച്ച ആചരണങ്ങളും നിറഞ്ഞ സ്വഭാവത്തെയും ഇനി വളരാന്‍ അനുവദിക്കാതിരിക്കുക. തെറ്റ് ബോദ്ധ്യപ്പെട്ടു കഴിയുമ്പോള്‍ മടങ്ങിപ്പോകുന്നതില്‍ ആക്ഷേപമൊന്നുമില്ല. എണ്ണം തെറ്റുമ്പോള്‍ വീണ്ടും ആദ്യംതൊട്ട് എണ്ണാന്‍ ബുദ്ധിയുള്ള ആര്‍ക്കും മടി ഉണ്ടാവരുത്. ഭൂമിയിലെ ദേവനായി ജീവിക്കുക എന്നതാണ് ശരിയായ അര്‍ത്ഥത്തിലുള്ള ജീവിതം. ഇങ്ങനെ ദേവന് ആയിരുന്നിട്ടും മനുഷ്യകീടത്തെയും, മനുഷ്യമൃഗത്തെയും, നരപിശാചിനെയും പോലുള്ള സ്ഥിതി അവന് സ്വന്തം ഇഷ്ടപ്രകാരം സ്വീകരിച്ചതാണ്. അവനു കായാകല്പം പോലുള്ള പരിവര്‍ത്തനത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയുന്നതായാല്‍, അവന് നരനാരായണനും മഹാമാനവനും ആകാന്‍, ഋഷിമാരുടെയും, തപസ്വികളുടെയും, മനീഷിമാരുടെയും വംശജന് തന്നെ ആണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: