ലക്നൗ: ഉത്തര്‍പ്രദേശിലെ വെള്ളപ്പൊക്കം വിവിധ ജില്ലകളിലായി 2.5 ലക്ഷത്തിലധികം ആളുകളെ ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ 19 പേര് മരിച്ചു.
ഗാസിപൂര്‍ ജില്ലയിലെ കാസിമാബാദ് താലൂക്കില്‍ അഞ്ച് പേരും ശ്രാവസ്തി, സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലകളില്‍ മൂന്ന് പേര് വീതവുമാണ് ഇന്നലെ ഇടിമിന്നലില്‍ മരിച്ചത്.
ഉത്തര്‍പ്രദേശിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് പടിഞ്ഞാറന്‍ മേഖലയില്‍ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ്. സംസ്ഥാനത്തെ 23 ജില്ലകളിലാണ് ഈ സീസണില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചത്. സംഭാല്‍, ബിജ്നോര്‍, സഹറന്പൂര്, ഉന്നാവോ, അംറോഹ, മുസാഫര്‍നഗര്‍, കാസ്ഗഞ്ച്, മീററ്റ് എന്നിവിടങ്ങളില്‍ ഇന്നലെയും കനത്ത മഴ ലഭിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് സംഭാല്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് ജില്ലാ ഭരണകൂടം ഇന്ന് അവധി പ്രഖ്യാപിച്ചു. സഹരന്‍പൂര്‍, മുസാഫര്‍നഗര്‍, ഗൗതം ബുദ്ധ നഗര്‍ ജില്ലകളിലായി 3700-ലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. മീററ്റ് ജില്ലയില്‍ ഗംഗാ നദി കര കവിഞ്ഞതിനെ തുടര്‍ന്ന് 15 ഗ്രാമങ്ങളെയും ബാധിച്ചു.
അതിനിടെ,ബോധവല്‍ക്കരണം നടത്താനും ഏത് വെള്ളപ്പൊക്ക സാഹചര്യവും നേരിടാന്‍ ഭരണസംവിധാനത്തെ സജ്ജമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായി ദുരിതാശ്വാസ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ജില്ലകളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രളയം മൂലമുള്ള നഷ്ടം പരമാവധി കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ദുരിതാശ്വാസ കമ്മീഷന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: