ഡോമിനിക്ക: ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ രാജ്യാന്തര കരിയറിലെ വിക്കറ്റ് നേട്ടം 700 കടന്നു. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിനത്തില്‍ നേടിയ അഞ്ച് വിക്കറ്റ് നേട്ടത്തോടെയാണ് താരം ഈ അപൂര്‍വ്വ നാഴികക്കല്ല് താണ്ടിയത്.
ലോക ക്രിക്കറ്റില്‍ 700 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനാണ് അശ്വിന്. അനില്‍ കുംബ്ലെയും ഹര്ബജന് സിങ്ങും മാത്രമാണ് ഈ നേട്ടത്തിലെത്തിയിട്ടുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഡോമിനിക്കയില്‍ നടക്കുന്ന ടെസ്റ്റിന്റെ ആദ്യദിനം ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെതിരെ 53-ാം ഓവറില്‍ അല്‍സാരി ജോസഫിനെ പുറത്താക്കിയാണ് അശ്വിന് 700 വിക്കറ്റ് തികച്ചത്. കളിയില്‍ അശ്വിന്റെ മൂന്നാം വിക്കറ്റായിരുന്നു ഇത്. 150 റണ്‍സില്‍ വിന്‍ഡീസ് ഇന്നിങ്സ് പൂര്‍ണമാകുമ്പോള്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി അശ്വിന് നിലകൊണ്ടു. ടെസ്റ്റ് കരിയറിലെ 33-ാം അഞ്ച് വിക്കറ്റ് നേട്ടമാണിത്.
ടെസ്റ്റില്‍ 479 വിക്കറ്റാണ് അശ്വിന് നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 151ഉം ട്വന്റി20യില്‍ 72ഉം വിക്കറ്റുകളും ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.
ടെസ്റ്റില്‍ ഇന്ത്യ രണ്ടാം ദിനം രാവിലെ തന്നെ വിന്‍ഡീസ് സ്കോറായ 150 റണ്‍സ് മറികടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: