കൗണ്‍സില്‍ ബ്ലഫ്സ്: യുഎസ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ആദ്യദിനത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ പി.വി.സിന്ധുവും ലക്ഷ്യ സെന്നും വിജയിച്ചു മുന്നേറി. ഇന്ത്യന്‍ വംശജയായ ആതിഥേയ താരം ദിശ ഗുപ്തയെ ആണ് സിന്ധു ആദ്യ റൗണ്ടില്‍ തകര്‍ത്തുവിട്ടത്. പുരുഷ സിംഗിള്‍സില്‍ ലക്ഷ്യയെ കൂടാതെ മറ്റൊരു ഇന്ത്യന്‍ താരം എസ്. ശങ്കര്‍ സുബ്രഹ്മണ്യനും ആദ്യ റൗണ്ട് കടന്നു. അയര്ലന്ഡുകാരന് എതിരാളി ഞാട്ട് എന്‍ഗുയെന്‍ ആണ് ശങ്കറിന് മുന്നില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടങ്ങിയത്. സ്കോര്‍: 21-11, 21-16
ഇന്ത്യന്‍ താരം സായി പ്രണീത് പരാജയപ്പെട്ടത് ഇന്നലെ തിരിച്ചടിയായി. പുരുഷ താരങ്ങളില്‍ ലോക ഏഴാം നമ്പര്‍ താരവും കഴിഞ്ഞ ദിവസം നടന്ന കാനഡ ഓപ്പണ്‍ ഫൈനലില്‍ ലക്ഷ്യ സെന്‍ തോല്‍പ്പിച്ച ചൈനീസ് താരം ലി ഷി ഫെങ് ആണ് സായിയെ തോല്‍പ്പിച്ചത്. അതേസമയം ഫിന്‍ലന്‍ഡിന്റെ കാല്ലെ കൊല്യോനെനിനെ തകര്‍ത്താണ് ലക്ഷ്യ സെന്‍ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചത്. കളി തീര്‍ക്കാന്‍ അരമണിക്കൂര്‍ തികച്ച് വേണ്ടിവന്നില്ല. സ്കോര്‍: 21-8, 21-16
ഒന്നാം റൗണ്ട് മത്സരത്തില്‍ ദിക്ഷയ്ക്കെതിരെ തകര്‍പ്പന്‍ ജയമാണ് സിന്ധു സ്വന്തമാക്കിയത്. വെറും 27 മിനിറ്റേ കളിക്ക് ദൈര്‍ഘ്യമുണ്ടായിരുന്നുള്ളൂ. സ്കോര്‍: 21-15, 21-12.
മറ്റൊരു വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ഋത്വിക ശിവാനി ആദ്യ മത്സരത്തില്‍ തോറ്റ് പുറത്തായി ചൈനീസ് തായ്പേയ് താരം ലിന് സിയാങ് ടി ആണ് തോല്‍പ്പിച്ചത്. പരുപ്പള്ളി കശ്യപ് മത്സരം നടന്നുകൊണ്ടിരിക്കെ കളിയില്‍ നിന്ന് പിന്മാറി. ഇതെ തുടര്‍ന്ന് എതിരാളി കൂ ടകാഹാഷി രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: