തൃശൂര്‍: ബാങ്കില്‍ നിന്നും വിളിക്കുന്നുവെന്ന വ്യാജേനെ യുവതിയെ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ച് ഓണ്‍ലൈന്‍ മുഖേനെ ബാങ്ക് അക്കൗണ്ടില്‍ നിന്നും മൂന്നേ മുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഝാര്‍ഖണ്ഡ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി. ഓണ്‍ലൈന്‍ ട്രാന്സാക്ഷന് വഴി ബാങ്ക് അക്കൗണ്ടില്‍ നിന്നും രൂപ തട്ടിയെടുത്ത അജിമുദ്ദീന്‍ അന്‍സാരി (26) യുടെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗിരീഷാണ് തള്ളിയത്.
2023 ഫെബ്രു. 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസില്‍ നിന്നും വിളിക്കുന്നുവെന്ന വ്യാജേനെ ബാങ്കിലെ കസ്റ്റമറായ യുവതിയെ വിളിച്ച് യുവതിയുടെ ക്രെഡിറ്റ് കാര്‍ഡ് നമ്പറും, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോദിച്ചറിയുകയും ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച ശേഷം യുവതിയുടെ സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഏഴ് ഓണ്‍ലൈന്‍ ട്രാന്സാക്ഷന് വഴി 3,69,300 രൂപ തട്ടിയെടുക്കുകയായിരുന്നു.
പണം നഷ്ടപ്പെട്ടതറിഞ്ഞ യുവതി തൃശൂര്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. തുടര്‍ന്ന് സൈബര്‍ പോലീസ് ഇന്‍സ്പെക്ടറായ എ.എ. അഷറഫ് അന്വേഷണം നടത്തുകയായിരുന്നു. പരാതിക്കാരിയുടെയും, ബാങ്കിന്റെയും, ക്രെഡിറ്റ് കാര്‍ഡ് നോഡല്‍ ഓഫീസറുടെയും ഫോണിലേക്ക് വന്ന കോളുകളുടെ ഉറവിടം വിവിധ മൊബൈല്‍ സര്‍വിസ് കമ്പനികളില്‍ നിന്നും ശേഖരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് സിം ഉടമ ഝാര്‍ഖണ്ഡ് സ്വദേശിയാണെന്ന് അറിവായത്.
തട്ടിയെടുത്ത പണം വിവിധ അക്കൗണ്ടുകളിലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നത്. പ്രത്യേക പോലീസ് അന്വേഷണസംഘം ഝാര്‍ഖണ്ഡിലെ മോഹന്പഹാരി എന്ന സ്ഥലത്ത് എത്തി സംസ്ഥാനത്തെ പോലീസിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ വഴി അക്കൗണ്ട് ഉടമയെ കണ്ടെത്തി പിടികൂടി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: