തിരുവല്ല: തിരുവിതാംകൂര്‍, കൊച്ചിന്‍,മലബാര്‍ ദേവസ്വങ്ങളില്‍ വഴിപാട് നിരക്കുകള്‍ കുത്തനെകൂട്ടാന്‍ വകുപ്പ് തല നടപടി. എല്ലാ വഴിപാടുകള്‍ക്കും വരവ് -ചെലവ് -രസീത് വ്യവസ്ഥകള്‍ നിശ്ചയിക്കണമെന്ന (ദേവസ്വം പ്രപ്പോസല്‍) ഹൈക്കോടതി ഉത്തരവിന്റെ മറവിലാണ് നീക്കം. ഇതു സംബന്ധിച്ച വിവരശേഖരണം ഉടന്‍ നിശ്ചയിക്കണമെന്നാണ് അതത് ദേവസ്വങ്ങള്‍ക്ക് വകുപ്പില്‍ നിന്ന് നിര്‍ദേശം നല്കിയിരിക്കുന്നത്.
നിലവിലെ നിരക്കുകളും പുതിയ പരിഷ്‌കരണത്തില്‍ മാറ്റം വരും. വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഉത്തരവിന്റെ മറവില്‍ നിലവിലുള്ള വഴിപാടുകളുടെ അടക്കം നിരക്ക് ഇരട്ടിയാക്കാനാണ് നീക്കം. നിരുത്തരവാദിത്വ ഭരണത്തിന്റെ ഭാഗമായി വന്‍ ബാധ്യതകളിലേക്ക് നീങ്ങുന്ന ദേവസ്വം ബോര്‍ഡുകള്‍ വീണ്ടും ഭക്തരെ പിഴിയാനാണ് പദ്ധതിയിടുന്നത്. നിരക്കുകള്‍ അഞ്ച് മുതല്‍ ഇരുപത് ശതമാനം വരെ വര്‍ധിപ്പിക്കും. ഇതിന്റെ റിപ്പോര്‍ട്ട് ബോര്‍ഡ് തയാറാക്കി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് അനുമതി നേടിയാല്‍ മാത്രമെ നടപ്പാക്കാന്‍ സാധിക്കൂ.
കൊവിഡിനെ തുടര്‍ന്ന് വരുമാനമില്ലാതായെന്ന ന്യായീകരണം പറഞ്ഞാണ് ഇപ്പോള്‍ വഴിപാട് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. 10 രൂപയുടെ അഭിഷേകം മുതല്‍ 75000 രൂപയുടെ വഴിപാടുകള്‍ വരെ ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. താന്ത്രിക ആചാര്യന്മാരുടെയൊ ഹൈന്ദവ മതനേതാക്കളുടെയൊ ഉപദേശക സമിതികളുടെയൊ അഭിപ്രായങ്ങള്‍ ആരായാതാണ് പുതിയ നീക്കം. ബോര്‍ഡില്‍ വഴിപാട് നിരക്കുകളില്‍ നടക്കുന്ന തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടപെട്ടത്. എല്ലാ വഴിപാടുകള്‍ക്കും നല്കുന്ന തുകയ്‌ക്ക് പൂര്‍ണമായി രസീത് നല്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: