ജനകന് മരിച്ചപ്പോള്‍ ശേഷക്രിയകളെയെല്ലാം അനഘന്‍ പുണ്യന് നന്നായി അവ്യഗ്രനായി ചെയ്തു. പാവനന്‍ വളരെ ദുഃഖംപൂണ്ട് കരഞ്ഞുകൊണ്ടലഞ്ഞു കാടുകളിലെല്ലാം നടന്നു. ശേഷക്രിയയൊക്കെ പുണ്യന് നന്നായി ചെയ്തശേഷം പാവനന്റെ അടുക്കലെത്തി ഇങ്ങനെ പറഞ്ഞു, ‘സഹോദര! മൂഢനെന്നപോലെ ഹന്ത! നീ അതിമാത്രം സന്താപമാര്ന്നീടുന്നതെന്ത്? മതിമന്‍! ജനകനായ മഹാപ്രാജ്ഞന് പരമമായ മോക്ഷാഖ്യമാകുന്ന ആത്മപദത്തെ പ്രാപിച്ചു. അച്ഛന് സ്വഭാവത്താല്‍ അഭിസമ്പന്നനായ കാലം നീ ദുഃഖമാര്ന്നീടുന്നതെന്തിനാണ്? അമ്മയും അച്ഛനും ചിന്തിച്ചാല്‍, നിനക്ക് വളരെയുണ്ടായിട്ടുണ്ടെന്നറിഞ്ഞാലും. ജന്തുക്കള്‍ ഓരോ ജന്മമെടുത്തീടുമ്പോളൊക്കെ ബന്ധുക്കളനേകം ഉണ്ടായിവരുമല്ലൊ. അച്ഛന്, അമ്മ, തന്റെ പുത്രന്മാരെന്നിവരെ മനസ്സിലോര്‍ത്ത് ഖേദിച്ചിടേണ്ടതാണെന്നാകില് കീഴ്ക്കടക്കഴിഞ്ഞോരെ ഒക്കെയും ഉള്ളില്‍ നിരൂപിച്ചു ഖേദിച്ചീടുന്നതുണ്ടോ? അജ്ഞാനമായീടുന്ന, വിസ്തീര്ണമായുള്ള നിര്ജ്ജലപ്രദേശത്തില് തന്റെ വാസനയായീടുന്ന ആ തപംകൊണ്ടു തോന്നീടും മൃഗതൃഷ്ണാജാലമാകുന്ന ലോകം ബാലക! ശുഭാശുഭസ്പന്ദങ്ങളാകുന്ന വീചിമാലകള്ചേര്ന്ന് അനന്തരൂപമായി സ്ഫുരിക്കുന്നുവെന്ന് ഉള്‍ത്താരില്‍ ഓര്‍ത്തുകൊണ്ടീടുക.
നന്ദനന്‍, ബന്ധു, മിത്രം, ഇഷ്ടം, വിരോധം, മോഹം എന്നിവയൊക്കെത്തന്റെ നാമമാത്രത്താല്ത്തന്നെ നല്ലവണ്ണം പരന്നുകൊണ്ടീടുന്നിതെന്നള്ളതു ഹൃദയത്തില്‍ നന്നായി ധരിക്ക നീ. ശത്രുവായി ഭാവിക്കുകില്‍ ശത്രുവായീടും തഥാ, ഹൃത്താരില്‍ ബന്ധുവായി ഭാവിച്ചാല്‍ ബന്ധുവാകും. ഭാവനകൊണ്ടുചേരുന്ന ബന്ധത്തിന്റെ സ്ഥിതി വിഷാമൃതദശപോലായീടുന്നു. വിദ്യമാനനായി സര്വഗതനാമാത്മാവിന്റെ അദ്വിതീയത്വം സത്തായിരിക്കും വിഷയത്തില്‍ ബന്ധുവാണിവന്, ശത്രുവാണിവന്‍ എന്നുള്ളോരു ചിന്തയുണ്ടായിടുന്നത് എങ്ങനെയാണ്? നിസ്തുലബുദ്ധേ! രക്തമാംസസംഘാതമായി അസ്ഥിപഞ്ജരമായ ദേഹംമുതല്ക്കുതന്നെ ഞാനായീടുന്നത് ആരാണെന്നുള്ളത് ഉള്ക്കുരുന്നില് നീ ചിന്തിച്ചാല്‍, അനുജാ! നന്നായി നിരൂപിച്ചുകൊണ്ടാലും. സൂക്ഷ്മമായിട്ടു നീയെന്നുള്ളതും ഞാനെന്നുള്ളതുമൊന്നുമില്ല; പുണ്യനെന്നതും പാവനനെന്നതും സന്ദേഹമില്ല, മിഥ്യാജ്ഞാനം തന്നെയെന്നറിക. പാവന! പണ്ടു നല്ല പുണ്യസ്ഥലങ്ങളില്‍ നിനക്ക് മൃഗങ്ങളാകുന്ന അനേകം ബന്ധുക്കളുണ്ടായിരുന്നു. നീ ഇപ്പോള്‍ അവരെക്കുറിച്ചൊട്ടും ദുഃഖമില്ലാതെ വാഴുന്നതെന്താണ്? നിനക്ക് ഗിരിശിഖരങ്ങളില്‍ സിംഹങ്ങളാകുന്ന ബന്ധുക്കളനേകം പണ്ടുണ്ടായിരുന്നല്ലൊ. ഉള്ളില്‍ ഇപ്പോള്‍ അവരെക്കുറിച്ചൊട്ടും ദുഃഖമില്ലാതെകണ്ടു വാഴുന്നതെന്താണ്? പ്രശസ്തമായ ദശാര്ണദേശത്തില് നീ ഒരുതരം മര്ക്കടമായി വനങ്ങളില്‍ ചാടിനടന്നിരുന്നു. നല്ല തുഷാരദേശത്തില് പണ്ടൊരുകാലം സാനന്ദം രാജപുത്രനായിട്ടു വസിച്ചു. പൗണ്ഡ്രകരാജ്യത്തിങ്കല് ഒരു കാക്കയായി നീ വാണു. ഹേഹയരാജ്യത്തിങ്കല് നീയൊരു വണ്ടായിരുന്നു. ത്രിഗര്ത്തരാജ്യത്തില് നീയൊരു കഴുതയായിക്കഴിഞ്ഞു. സാല്വദേശത്ത് നീ ഒരു പട്ടിയായിപ്പിറന്നു.
ഗുരുസത്ഗുണമൂര്ത്തേ! സരളദ്രുമത്തിങ്കല് പരുന്തായിരുന്നുവെന്നു അകതാരില്‍ കരുതീടുക. ഈ ജംബുദ്വീപത്തിങ്കല് പല യോനികളിലായി നീ ജനിച്ചതിനില്ലാ കൈയും കണക്കുമെന്നോര്ക്കുക. ചിന്തിച്ചീടുകില്‍ അന്തമില്ലാത്തത്രയും പിതാക്കന്മാര് ഹന്ത! സംസാരികള്ക്കിങ്ങുണ്ടായി നശിക്കുന്നു. കാട്ടില്‍ നില്ക്കുന്ന വൃക്ഷങ്ങള്‍ക്ക് ഇലകളുണ്ടായി കൊഴിയുന്നവയ്ക്ക് അറ്റമുണ്ടോ എന്ന് ഓര്‍ത്തുകൊണ്ടാലും. ഭാവവും അഭാവവും കൂടാതെയുള്ളതായി സര്‍വദാ ജരാമരണാദിവര്ജ്ജിതമായ ആത്മാവുതന്നെ നല്ലവണ്ണം അവ്യഗ്രനായി സ്മരിച്ചീടുക; നീ മൂഢബുദ്ധിയായി ഭവിക്കില്ലൊരിക്കലും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: