ന്യൂദല്‍ഹി : ശക്തമായ മഴയെ തുടര്‍ന്ന് യമുനാ നദി കരകവിഞ്ഞൊഴുകയും സമീപ പ്രദേശങ്ങളിലും ദല്‍ഹി നഗരത്തിലും വെള്ളക്കെട്ട് രൂക്ഷമായതോടെ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അടിയന്തിര ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍- സ്വകാര്യ ഓഫീസുകള്‍ ഒഴികെയുള്ളവയ്ക്ക് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച വരെയാണ് അവധി നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തെ ബാക്കിയുള്ള സ്വകാര്യ- സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. യമുന നദിയിലെ ജന നിരപ്പ് റെക്കോര്‍ഡ് നിരക്കിലാണ് ഇപ്പോഴുള്ളത്. വ്യാഴാഴ്ച രാവിലത്തെ കണക്കുകള്‍ പ്രകാരം 208.8 മീറ്ററാണ് ഉയര്‍ന്നിരിക്കുന്നത്. നദി അപകടകരമാം വിധത്തില്‍ കരകവിഞ്ഞതോടെ സമീപത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രശ്നബാധിത സ്ഥലങ്ങളിലെ ജനങ്ങളേയും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. നദിയിലെ ജലനിരപ്പ് ഇനിയും ഉയര്‍ന്നേക്കാമെന്ന് കേന്ദ്ര ജല കമ്മിഷന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അണക്കെട്ടുകളില്‍ നിന്ന് കൂടൂതല്‍ വെള്ളം എത്തിയതോടെ യമുന നദിയില്‍ നിന്ന് വെള്ളത്തിന്റെ ഒഴുക്ക് കൂടിയിരിക്കുകയാണ്. ദല്‍ഹിയിലെ പ്രധാന റോഡുകള്‍ നിലവില്‍ നദിക്ക് സമാനമായ സ്ഥിതിയിലാണ്. ഗതാഗതം പ്രധാന പാതകളില്‍ തടസപ്പെട്ടു.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയുടെ സമീപ പ്രദേശങ്ങളും മുങ്ങിയ സ്ഥിതിയിലാണ്. ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ട് തുറന്നതാണ് യമുനയില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. സംസ്ഥാനത്ത് ശക്തമായ വെള്ളപ്പൊക്കത്തില്‍ 200ല്‍ അധികം ആളുകളെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ സേനയെ ദല്‍ഹിയില്‍ വിന്യസിക്കും. അടിയന്തിര സാഹചര്യത്തില്‍ തയ്യാറായി ഇരിക്കാനും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ അടിയന്തിര വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സ്കൂളുകളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: