ദുബായ്: ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം15 ന് യുഎഇ സന്ദർശിക്കും. ഫ്രാൻസിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷമാണ് അദ്ദേഹം തലസ്ഥാനമായ അബുദാബിയിൽ എത്തുക. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി വിവിധ തലങ്ങളിൽ ഇരു രാഷ്‌ട്ര നേതാക്കളും കാര്യക്ഷമായ ചർച്ചകൾ നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 15 ന് എത്തുന്ന അദ്ദേഹം പ്രസിഡന്റുമായി ആരോഗ്യ രംഗം, വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ, വിദ്യാഭ്യാസം, സാംസ്കാരികം, പ്രതിരോധം തുടങ്ങി നിരവധി വിഷയങ്ങളിൽ സംവദിക്കും. പ്രധാനമായും ക്ലൈമറ്റ് ചേഞ്ച് പോലുള്ള വിഷയങ്ങളിൽ ഇരു രാജ്യങ്ങളും കൈക്കൊള്ളുന്ന നിലപാടുകൾ കൂടുതൽ വ്യക്തമാകും.
യുണൈറ്റഡ് നേഷൻ സ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് ന്റെ “കോപ്പ് 28 ” ന്റെ കാലാവസ്ഥാ വ്യതിയാന സമ്മേളനം 2023 നവംബറിൽ യുഎ ഇയിലാണ് ആരംഭിക്കുന്നത്. ഈ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും എടുക്കുന്ന തീരുമാനങ്ങൾ സുപ്രധാനമായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളിലായി ഇരു നേതാക്കളും തമ്മിൽ മികച്ച ബന്ധമാണ് പുലർത്തുന്നത്. ഇരുവരും നിരവധി തവണ പല ചർച്ചകളിലും പങ്കെടുത്തിട്ടുമുണ്ട്.
2017 ൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിതിയായിട്ടെത്തിയത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനായിരുന്നു. ദൽഹി എയർപോർട്ടിൽ മോദി നേരിട്ടെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
2019 ൽ യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സയ്ദ് മോദിക്ക് സമ്മാനിച്ചിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഊഷ്മള ബന്ധത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ പൂർണ്ണ പിന്തുണയെ ബഹുമാനിച്ചായിരുന്നു ബഹുമതി നൽകിയത്. ഇതിനു പുറമെ 2021 ൽ മോദിയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഫോണിൽ ചർച്ച നടത്തിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇരുവർക്കും നേരിൽ കാണാനാവാത്തതിന്റെ സാഹചര്യത്തിലായിരുന്നു ഫോണിൽ സംവദിച്ചത്. കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യൻ സമൂഹത്തിന് വേണ്ടി യുഎഇ സർക്കാർ നടത്തിയ സഹായ സേവനങ്ങൾക്ക് മോദി നന്ദി രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വർഷവും പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബി സന്ദർശിക്കുകയും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തിയിരുന്നു. അബുദാബി പ്രസിഡന്റ് എയർപോർട്ടിലെത്തിയ മോദിയെ രാജകുടുംബാംഗങ്ങളുമായി ചേർന്നാണ് യു എ ഇ പ്രസിഡന്റ് വരവേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: