ന്യൂദല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലേക്കു തിരിച്ചു. ഇന്ത്യ ഫ്രാന്‍സ് തന്ത്രപ്രധാനമായ ബന്ധത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികവേളയിലാണ് സന്ദര്‍ശനം നടത്തുന്നതെന്ന് നരേന്ദ്ര മോദി പ്രസ്താവനയില്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് സന്ദര്‍ശനം പുതിയ ഉണര്‍വേകുമെന്ന് നരേന്ദ്ര മോദി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഫ്രാന്‍സ്-യുഎഇ സന്ദര്‍ശനത്തിനായി പുറപ്പടുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന
‘എന്റെ സുഹൃത്തായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരം ജൂലൈ 13നും 14നും ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞാന്‍ ഫ്രാന്‍സിലേക്കു പോവുകയാണ്.ഫ്രഞ്ച് ദേശീയ ദിനാഘോഷത്തില്‍, അഥവാ പാരീസിലെ ബാസ്റ്റില്‍ ദിനാഘോഷത്തില്‍ പ്രസിഡന്റ് മാക്രോണിനൊപ്പം വിശിഷ്ടാതിഥിയായി ഞാന്‍ പങ്കെടുക്കുന്നതിനാല്‍ ഈ സന്ദര്‍ശനം സവിശേഷമാണ്. ഇന്ത്യയുടെ മൂന്നു സേനാവിഭാഗങ്ങളുടെ സംഘം ബാസ്റ്റില്‍ ഡേ പരേഡിന്റെ ഭാഗമാകും. ഇന്ത്യയുടെ വ്യോമസേനാ വിമാനങ്ങള്‍ ഈ അവസരത്തില്‍ ഫ്ലൈ-പാസ്റ്റ് (യുദ്ധവിമാനങ്ങളുടെ പരേഡ്) നടത്തും.
ഈ വര്‍ഷം നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വാര്‍ഷികമാണ്. ആഴത്തിലുള്ള വിശ്വാസത്തിലും പ്രതിബദ്ധതയിലും വേരൂന്നിയ നമ്മുടെ ഇരു രാജ്യങ്ങളും പ്രതിരോധം, ബഹിരാകാശം, ആണവമേഖല, സമുദ്രസമ്പദ്വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സംസ്കാരം, ജനങ്ങളുമായുള്ള ബന്ധങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ അടുത്തു സഹകരിക്കുന്നു. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലും നാം ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു.
പ്രസിഡന്റ് മാക്രോണുമായി കൂടിക്കാഴ്ച നടത്താനും കാലത്തെ അതിജീവിക്കുകയും ദീര്‍ഘകാലം നിലനിന്നു പോന്നതുമായ ഈ പങ്കാളിത്തം വരുന്ന 25 വര്‍ഷത്തേയ്ക്കു മുന്നോട്ടു കൊണ്ടുപോകുന്നതിനെക്കുറിച്ചു വിപുലമായ ചര്‍ച്ചകള്‍ നടത്താനും ഞാന്‍ ആഗ്രഹിക്കുന്നു. 2022ല്‍ ഫ്രാന്‍സിലേക്കു ഞാന്‍ നടത്തിയ അവസാന ഔദ്യോഗിക സന്ദര്‍ശനത്തിനുശേഷം പ്രസിഡന്റ് മാക്രോണിനെ കാണാന്‍ എനിക്കു നിരവധി തവണ അവസരം ലഭിച്ചു. ഏറ്റവും ഒടുവിലായി കൂടിക്കാഴ്ച നടത്തിയത് 2023 മെയ് മാസത്തില്‍ ജപ്പാനിലെ ഹിരോഷിമയില്‍ ജി-7 ഉച്ചകോടിക്കിടെയാണ്.
ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍, സെനറ്റ് പ്രസിഡന്റ് ജെറാര്‍ഡ് ലാര്‍ച്ചര്‍, ദേശീയ അസംബ്ലി പ്രസിഡന്റ് യേല്‍ ബ്രൗണ്‍-പിവെറ്റ് എന്നിവരുള്‍പ്പെടെയുള്ള ഫ്രഞ്ച് നേതൃത്വവുമായുള്ള എന്റെ ആശയവിനിമയങ്ങള്‍ക്കായി ഞാന്‍ ഉറ്റുനോക്കുകയാണ്.
എന്റെ സന്ദര്‍ശനവേളയില്‍ ഊര്‍ജസ്വലമായ ഇന്ത്യന്‍ സമൂഹം, ഇരുരാജ്യങ്ങളിലെയും പ്രമുഖ സിഇഒമാര്‍, ഫ്രാന്‍സിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ എനിക്ക് അവസരം ലഭിക്കും. നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന് എന്റെ സന്ദര്‍ശനം പുതിയ ഉണര്‍വേകുമെന്ന് എനിക്കുറപ്പുണ്ട്.
പാരീസില്‍നിന്ന്, ജൂലൈ 15ന് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അബുദാബിയിലേക്കു പോകും. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ എന്റെ സുഹൃത്ത് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായുള്ള കൂടിക്കാഴ്ചയ്ക്കായും ഞാന്‍ കാത്തിരിക്കുകയാണ്.
വ്യാപാരം, നിക്ഷേപം, ഊര്‍ജം, ഭക്ഷ്യസുരക്ഷ, ശാസ്ത്ര-സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഫിന്‍ടെക്, പ്രതിരോധം, സുരക്ഷ, ജനങ്ങള്‍ തമ്മിലുള്ള ദൃഢമായ ബന്ധം തുടങ്ങിയ മേഖലകളില്‍ നമ്മുടെ ഇരു രാജ്യങ്ങളും പങ്കാളികളാണ്. കഴിഞ്ഞ വര്‍ഷം, പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദും ഞാനും നമ്മുടെ പങ്കാളിത്തത്തിന്റെ ഭാവിയെക്കുറിച്ചുള്ള മാര്‍ഗരേഖ അംഗീകരിച്ചു. നമ്മുടെ ബന്ധം എങ്ങനെ കൂടുതല്‍ ആഴത്തിലാക്കാമെന്ന് അദ്ദേഹവുമായി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഈ വര്‍ഷാവസാനം UNFCCC കക്ഷികളുടെ 28-ാം സമ്മേളനത്തിന് (COP-28) യുഎഇ ആതിഥേയത്വം വഹിക്കും. ഊര്‍ജ പരിവര്‍ത്തനത്തിനായി കാലാവസ്ഥാപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള ആഗോള സഹകരണം ശക്തിപ്പെടുത്താനും പാരിസ് ഉടമ്പടി നടപ്പാക്കുന്നതിനുമുള്ള കാഴ്ചപ്പാടുകള്‍ കൈമാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ യുഎഇ സന്ദര്‍ശനം നമ്മുടെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തില്‍ പുതിയ അധ്യായത്തിനു തുടക്കമിടുമെന്ന് എനിക്കുറപ്പുണ്ട്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: